Connect with us

independence day 2023

സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

'മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയവംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഫെഡറല്‍ തത്വങ്ങളും വലിയ തോതില്‍ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.'

Published

|

Last Updated

തിരുവനന്തപുരം | രാജ്യം എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ആശംസകള്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും സ്വാതന്ത്ര്യ ദിനത്തില്‍ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. വെറുപ്പിന്റെ വിത്തുകള്‍ വിതച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം ഈ രാജ്യം ഒറ്റക്കെട്ടായി തകര്‍ത്തെറിയുക തന്നെ ചെയ്യുമെന്നും എല്ലാ അര്‍ഥത്തിലും സ്വാതന്ത്ര്യവും മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കുമെന്ന് ഈ ദിനത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും പ്രതിജ്ഞയെടുക്കാമെന്നും വി ഡി സതീശൻ പറഞ്ഞു.

പിണറായി വിജയൻ (മുഖ്യമന്ത്രി)

ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനമാണിന്ന്.
കൊളോണിയല്‍ ഭരണത്തിനെതിരെ ധീരരക്തസാക്ഷികള്‍ ഉള്‍പ്പെടെ അനേകം ദേശാഭിമാനികള്‍ ജാതി, മത, ഭാഷാ, വേഷ വ്യത്യാസങ്ങള്‍ക്കതീതമായി ഐക്യരൂപേണ നടത്തിയ അതിശക്തമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.
ഇന്ത്യയിലെ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥ സ്വാതന്ത്ര്യ സമരത്തിന്റെ ഉല്‍പ്പന്നമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സാമ്രാജ്യത്തവിരുദ്ധ ജനാധിപത്യധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. ഇന്ത്യയില്‍ ഭാഷാ സംസ്ഥാനങ്ങളും ഫെഡറല്‍ വ്യവസ്ഥയുമെല്ലാം ഉണ്ടാകുന്നതും ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനം പകര്‍ന്നുനല്‍കിയ മൂല്യങ്ങളില്‍ നിന്നുമാണ്.
സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരുമെന്നാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ശില്‍പ്പികള്‍ വിഭാവനം ചെയ്തത്. എന്നാല്‍ മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയവംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഫെഡറല്‍ തത്വങ്ങളും വലിയ തോതില്‍ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.
ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തില്‍ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ട്.

വി ഡി സതീശൻ (പ്രതിപക്ഷ നേതാവ്)

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 76ാം വാര്‍ഷികമാണിന്ന്. നിരവധി ധീരദേശാഭിമാനികളുടെ ജീവന്‍ ബലി നല്‍കിയും സഹനത്തിലൂന്നിയ തീഷ്ണമായ പോരാട്ട വഴികളിലൂടെയുമാണ് സാമ്രാജ്യത്വത്തിന്റെ ഇരുട്ടില്‍ നിന്നും നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ പുലരി കണ്ടത്.
ബഹുസ്വര സമൂഹത്തിലും ഏകത്വത്തിന്റെ ഇഴയടുപ്പം ഉണ്ടാക്കിയെടുക്കാന്‍ നമ്മുടെ രാഷ്ട്രശില്‍പികള്‍ക്ക് സാധിച്ചതാണ് ഇന്ത്യയെന്ന രാജ്യത്തിന്റെ ജനാധിപത്യ സൗന്ദര്യം. പൂര്‍വികര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിനും കാലങ്ങള്‍ കൊണ്ട് അവര്‍ നിര്‍മ്മിച്ചെടുത്ത ആധുനിക ഇന്ത്യയ്ക്കും ഏഴ് പതിറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും ഏകാധിപത്യ പ്രവണതകളും ഭരണകൂട ഭീകരതകളും തലപൊക്കുന്നുവെന്നത് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് ഹിതകരമല്ല.
വെറുപ്പിന്റെ വിത്തുകള്‍ വിതച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം ഈ രാജ്യം ഒറ്റക്കെട്ടായി തകര്‍ത്തെറിയുക തന്നെ ചെയ്യും. ജനവിരുദ്ധമായ എന്തും ചെയ്യാനുള്ള അവകാശമാണ് ജനാധിപത്യം നല്‍കുന്ന മാന്‍ഡേറ്റെന്ന ഭരണകര്‍ത്താക്കളുടെ തോന്നല്‍ ചോദ്യം ചെയ്യേണ്ടതും തിരുത്തിക്കേണ്ടതും നമ്മള്‍ തന്നെയാണെന്ന് ഓര്‍ക്കണം.
എല്ലാ അര്‍ത്ഥത്തിലും സ്വാതന്ത്ര്യവും മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കുമെന്ന് ഈ ദിനത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും പ്രതിജ്ഞയെടുക്കാം. എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.

Latest