Connect with us

Kerala

മുഖ്യമന്ത്രി പദം: കെ സി വേണുഗോപാലിനെ പിന്തുണച്ച് 46 എം എല്‍ എമാര്‍

ചെന്നിത്തലയെ എട്ടും സതീശനെ ആറ് പേരും പിന്തുണച്ചു. എ ഐ സി സി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയെ തീരുമാനിക്കാനായി എ ഐ സി സി നിരീക്ഷകര്‍ എം എല്‍ എമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മൂന്നില്‍ രണ്ട് എം എല്‍ എമാരും പിന്തുണച്ചത് കെ സി വേണുഗോപാലിനെ. എ ഐ സി സി നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ ഇന്ന് നിയുക്ത എം എല്‍ എമാരുമായി ഒറ്റക്കൊറ്റക്ക് നടത്തിയ കൂടിക്കാഴ്ചയിലാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വരുന്ന 46 എം എല്‍ എമാരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സിയെ പിന്തുണച്ചത്. വി ഡി സതീശനെ എട്ടുപേരും രമേശ് ചെന്നിത്തലയെ ആറുപേരും പിന്തുണച്ചപ്പോള്‍ മൂന്നുപേര്‍ സ്വതന്ത്ര നിലപാടാണെടുത്തത്. എ ഐ സി സി തീരുമാനിക്കുന്ന ഏത് മുഖ്യമന്ത്രിയെയും സ്വീകരിക്കുമെന്ന് ഈ മൂന്നുപേര്‍ നിരീക്ഷകരെ അറിയിച്ചു. പ്രഖ്യാപനം ഞായറാഴ്ച ഡല്‍ഹിയിലുണ്ടാകുമെന്നാണ് സൂചന. കേരളത്തിലെ കോണ്‍ഗ്രസ്സ് എം എല്‍ എമാരില്‍ നിന്ന് അഭിപ്രായം തേടിയിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി റിപോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുകുള്‍ വാസ്‌നികും അജയ് മാക്കനും എം എല്‍ എമാരെയും എം പിമാരെയും കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ, കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം പ്രമേയം പാസ്സാക്കി. ഇന്ന് രാവിലെ ഇന്ദിരാഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് എം എല്‍ എമാരുടെ യോഗമാണ് നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി തീരുമാനമെടുത്തത്. കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വി ഡി സതീശനും പിന്തുണച്ചു. ഹൈക്കമാന്‍ഡ് നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷമാണ് കെ പി സി സി പ്രസിഡന്റിന്റെ മുറിയില്‍ വെച്ച് ഇവര്‍ എം എല്‍ എമാരുടെ അഭിപ്രായം തേടിയത്.

പുതുപ്പള്ളിയില്‍ നിന്നുള്ള ചാണ്ടി ഉമ്മനാണ് ആദ്യം നിരീക്ഷകരെ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയത്. തുടര്‍ന്ന് എലത്തൂരില്‍ നിന്ന് വിജയിച്ച വിദ്യാ ബാലകൃഷ്ണന്‍, കോഴിക്കോട് നോര്‍ത്തില്‍ നിന്നുള്ള കെ ജയന്ത്, കൊയിലാണ്ടിയില്‍ നിന്നുള്ള കെ പ്രവീണ്‍കുമാര്‍ എന്ന ക്രമത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരെയാണ് കൂടിക്കാഴ്ചക്ക് വിളിച്ചത്. ഏറ്റവും ഒടുവിലാണ് വി ഡി സതീശനും പിന്നാലെ രമേശ് ചെന്നിത്തലയും നിരീക്ഷകരെ കണ്ടത്. മുന്‍ കെ പി സി സി അധ്യക്ഷന്മാരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളായ വി എം സുധീരന്‍, കെ സുധാകരന്‍ പ്രൊഫ. പി ജെ കുര്യന്‍, എം പി മാരായ ശശി തരൂര്‍, എം കെ രാഘവന്‍, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കളുമായും കേന്ദ്ര നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി.

വൈകുന്നേരം ഘടകകക്ഷി നേതാക്കളുമായും കൂടിക്കാഴ്ച നടന്നു. മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ്സ് നേതാവ് പി ജെ ജോസഫ്, ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍, കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, സി എം പി നേതാവ് സി പി ജോണ്‍ തുടങ്ങിയവരെയും കണ്ട ശേഷമാണ് നിരീക്ഷകര്‍ ഡല്‍ഹിക്ക് മടങ്ങിയത്. കേരളത്തിലെ ചര്‍ച്ചകളുടെ റിപോര്‍ട്ട് കേന്ദ്ര നിരീക്ഷകര്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും. സംസ്ഥാനത്തെ നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തിയ ശേഷം ഞായറാഴ്ചയോടെ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം