Connect with us

Ongoing News

തിരിച്ചുവരവ് ആഘോഷമാക്കി ഛേത്രി; മാലിദ്വീപിനെ മൂന്ന് ഗോളിന് തകര്‍ത്ത് ഇന്ത്യ

രാഹുല്‍ ബെക്കെ, ലിസ്റ്റണ്‍ കൊളാകോ, സുനില്‍ ഛേത്രി എന്നിവരാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്.

Published

|

Last Updated

ഷില്ലോങ് | വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ശേഷം കളത്തിലിറങ്ങിയ ആദ്യ മത്സരം തന്നെ ആഘോഷമാക്കി സുനില്‍ ഛേത്രി. സൗഹൃദ ഫുട്‌ബോളില്‍ മുന്‍ നായകനും സ്‌ട്രൈക്കറുമായ ഛേത്രി സ്‌കോര്‍ ചെയ്തതുള്‍പ്പെടെ എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ത്യ, മാലിദ്വീപിനെ തകര്‍ത്തു. മേഘാലയില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരവും പരിശീലകന്‍ മനോളോ മാര്‍ക്വേസിനു കീഴില്‍ നേടുന്ന ആദ്യ ജയവും കൂടിയാണിത്.

ഉജ്വലമായ മൂന്ന് ഹെഡറുകളാണ് ഷില്ലോങിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ഫലം നിര്‍ണയിച്ചത്. കോര്‍ണറുകളാണ് ആദ്യ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയതെന്ന പ്രത്യേകതയുമുണ്ട്. കളിയുടെ 35-ാം മിനുട്ടില്‍ രാഹുല്‍ ബെക്കെയുടെ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് ഇന്ത്യ ആദ്യ വെടി പൊട്ടിച്ചത്. 66-ാം മിനുട്ടില്‍ മറ്റൊരു ഹെഡര്‍ ടീമിന്റെ ലീഡുയര്‍ത്തി (2-0). ഇത്തവണ ലിസ്റ്റണ്‍ കൊളാകോയുടെ വകയായിരുന്നു ഗോള്‍.

പിന്നീടാണ് രാജ്യം കാത്തിരുന്ന ഛേത്രിയുടെ ഗോള്‍ പിറന്നത്. ഇതും ഹെഡറിലൂടെയായിരുന്നു. 76-ാം മിനുട്ടിലാണ് ഛേത്രി സ്‌കോര്‍ ചെയ്തത്. എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ട് മത്സരത്തില്‍ മാര്‍ച്ച് 25ന് ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യക്ക് ഈ വിജയം വലിയ ഊര്‍ജം പ്രദാനം ചെയ്യും.

 

---- facebook comment plugin here -----

Latest