Connect with us

Kerala

ചേര്‍ത്തല ബിന്ദു കൊലപാതകക്കേസ്; ക്രൈംബ്രാഞ്ചിന് മുന്നില്‍ കുറ്റസമ്മതം നടത്തി സെബാസ്റ്റ്യന്‍

ജൈനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ബിന്ദുവിനെയും താനാണ് കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയത്.

Published

|

Last Updated

ആലപ്പുഴ| ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യന്‍. ബിന്ദുവിനെ താനാണ് കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തത്. കഴിഞ്ഞ മാസം 14 ദിവസം കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു സെബാസ്റ്റ്യാന്‍. ജൈനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ബിന്ദുവിനെയും താനാണ് കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയത്. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ബിന്ദു കൊലക്കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും പോലീസ് വ്യാപിപ്പിക്കും. ബിന്ദുവുമായി സെബാസ്റ്റ്യന്‍ യാത്ര ചെയ്തതായി കണ്ടെത്തിയ കോയമ്പത്തൂര്‍, കുടക്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും കസ്റ്റഡിയില്‍ എടുത്ത ദിവസങ്ങളിലായി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തും. 2006ലാണ് ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കാണാതാവുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 2006 ല്‍ തന്നെ ബിന്ദു കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖ ചമച്ച് വില്‍പ്പന നടത്തിയതിന് സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു.