Kerala
ചെങ്ങളം പാറമട അപകടം: രക്ഷാദൗത്യം പുനഃരാരംഭിച്ചു
ദൗത്യത്തിന് ആവശ്യമായ ലോങ് ബൂം ഹിറ്റാച്ചി ആലപ്പുഴയില്‍ നിന്നും എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്.

കോന്നി | പത്തനംതിട്ട കോന്നി പയ്യനാമണ്‍ താഴം വില്ലേജിലെ ചെങ്ങളം പാറമട അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. ദൗത്യത്തിന് ആവശ്യമായ ലോങ് ബൂം ഹിറ്റാച്ചി ആലപ്പുഴയില്‍ നിന്നും എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍, എ ഡി എം. ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി എന്നിവര്‍ സംഭവ സ്ഥലത്തുണ്ട്.
അപകടം നടന്ന സ്ഥലത്ത് നിരവധി തവണ പാറയിടിഞ്ഞു വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം നേരത്തെ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചിരുന്നുവെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.
ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചുണ്ടായ അപകടത്തില്‍ രണ്ട് അതിഥി സംസ്ഥാന തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തി. മറ്റേയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് നടന്നുവരുന്നത്. ഝാര്‍ഖണ്ഡ് സ്വദേശി അജയ് റായ് (38), ഒഡീഷ സ്വദേശി മഹാദേവ് (51) എന്നിവരാണ് അപകടത്തിന് ഇരയായത്.