Connect with us

Featured

രാജാക്കന്മാരുടെ ഷെഫ്

പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന സിയാഉൽ ഹഖ്, സഊദി ഭരണാധികാരി അബ്ദുല്ല രാജാവ്, ചാൾസ് രാജകുമാരൻ, ഡയാന രാജകുമാരി, കെനിയൻ പ്രസിഡന്റ്‌ മവായി കിബാക്കി, വൈസ് പ്രസിഡന്റ്‌ വാമൽവേ, മൊറൊക്ക..

എക്‌സിക്യൂട്ടീവ് ഷെഫ്‌ ശൈഖ് മൻസൂർ അഹ്്മദ് എന്ന രസികനായ മനുഷ്യനെ ആദ്യമായി കാണുന്നത് കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ വെച്ചാണ്. അസാധാരണമായി ഒന്നും കണ്ടില്ല. നാട്യങ്ങളില്ലാത്ത പച്ച മനുഷ്യൻ. പാചക കലയിൽ അസാമാന്യ പ്രതിഭയായ ശൈഖ് മൻസൂർ കഴിഞ്ഞ മുപ്പത് വർഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷെഫ് ആയി സേവനം അനുഷ്ഠിക്കുന്നു.

മുംബൈ സ്വദേശിയായ ശൈഖ് മൻസൂർ ജനിച്ചത് നാഗ്പൂരിൽ ആണ്. തന്റെ ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ഉപരിപഠനത്തിനായി പൂനെയിലേക്ക് പോയി. ഹോട്ടൽ മാനേജ്‌മെന്റിൽ ഔദ്യോഗിക ബിരുദം നേടുന്നത് മുംബൈയിൽ വെച്ചാണ്. പ്രമുഖ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ധനുമായ പ്രകാശ് അവത്രമണിയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഹോട്ടൽ പോളിടെക്നിക്സിൽ നിന്നായിരുന്നു അത്. കുറച്ചുകാലം പൂനെയിലെ വിവിധ സ്റ്റാർ ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തു. പിന്നീട് സഊദി അറേബ്യയിലെ ഇന്റർ കൊണ്ടിനന്റൽ ഹോട്ടലിൽ ദീർഘ കാലം സേവനം അനുഷ്ഠിച്ചു. ആ സമയത്ത് സഊദി ദി സർക്കാറിന് കീഴിലുള്ള പത്ത് പാലസുകളിലെ പാചകം ശൈഖ് മൻസൂറിന്റെ മേൽനോട്ടത്തിലായിരുന്നു. പിന്നീട് 565 റൂമുകൾ ഉള്ള ജിദ്ദ കോൺഫറൻസ് പാലസിൽ പ്രമുഖരായ അതിഥികൾക്ക് വേണ്ടി വിഭവങ്ങൾ തയ്യാറാക്കി. ഇവിടെയെത്തുന്ന എല്ലാ അതിഥികളും സർക്കാറിന്റെ ഔദ്യോഗിക പദവികളിൽ ഉള്ളവരായിരുന്നു. പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ, വിവിധ വകുപ്പ് മേധാവികൾ, അംബാസിഡർമാർ തുടങ്ങിയവർ. എല്ലാവരുമായും ഊഷ്മളമായ വ്യക്തിബന്ധം പുലർത്താൻ ശൈഖ് മൻസൂർ ശ്രദ്ധിച്ചു. അക്കാലത്തെ പാചകം സഊദി സുരക്ഷാ മന്ത്രാലയത്തിന്റെ പ്രോട്ടോകോളുകൾക്ക് നടുവിലായിരുന്നു. സൈനിക മേധാവികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഇഷ്ടപ്പെട്ട പാചകക്കാരനും ശൈഖ് മൻസൂർ ആയിരുന്നു.


പ്രമുഖരുടെ കലവറ സൂക്ഷിപ്പുകാരൻ

സഊദി റോയൽ ഫാമിലിയിലെ പ്രധാന പാചകക്കാരിൽ പ്രമുഖനായിരുന്നു ശൈഖ് മൻസൂർ. റോയൽ മാസ്റ്റർ ഷെഫ് ആയി വർഷങ്ങളോളം യു എ ഇ ഭരണാധികാരികളായ ആൽ നഹ്‌യാൻ കുടുംബത്തിന്റെയും ഇഷ്ട പാചകക്കാരൻ ഇദ്ദേഹമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പുതിയ റെസിപ്പികൾ രാജാക്കന്മാർക്ക് രാജകീയമായി തന്നെ ശൈഖ് മൻസൂർ വിളമ്പി. രുചിയുടെ സുൽത്താനായി അന്തപുരങ്ങളിലെ ഭക്ഷണ വൈവിധ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് വളരെ വേഗം നടന്നുകയറി ഈ ഷെഫ്. പാക്കിസ്ഥാൻ പ്രസിഡന്റ് ആയിരുന്ന സിയാഉൽ ഹഖ്, പാക്കിസ്ഥാൻ പഞ്ചാബിലെ മുഖ്യമന്ത്രി ആയിരുന്ന മിയ നവാസ് ശരീഫ്, സഊദി രാജാവ് കിംഗ് അബ്ദുല്ല, ചാൾസ് രാജകുമാരൻ, ഡയാന രാജകുമാരി, കെനിയൻ പ്രസിഡന്റ്‌ മവായി കിബാക്കി, വൈസ് പ്രസിഡന്റ്‌വാമൽവേ, മൊറൊക്കോ രാജാവ് കിംഗ് ഹസൻ ഉൾപ്പെടെ നിരവധി പ്രമുഖർക്ക് ശൈഖ് മൻസൂർ ഇഷ്ട വിഭവങ്ങൾ തയ്യാറാക്കി. 1988,1998 വർഷങ്ങളിൽ അബൂദബിയിൽ നടന്ന ജി സി സി അന്തർദേശീയ സമ്മിറ്റിൽ പ്രമുഖർക്ക് വിഭവങ്ങൾ തയ്യാറാക്കിയതും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു.


ദാർശനികനായ ഷെഫ്

ആധുനിക പാചക കലയെ ആത്മീയതയുമായി ബന്ധപ്പെടുത്താൻ സാധിക്കുമോ? അതെ എന്നാണ് ശൈഖ് മൻസൂറിന്റെ ഉത്തരം. സംഗീത വിദഗ്ധൻ എ ആർ റഹ്‌മാൻ തന്റെ സംഗീത സാധനയെ എങ്ങനെയാണ് ആത്മീയാന്വേഷണത്തിന്റെ വഴിയായി തിരഞ്ഞെടുത്തത്, അതുപോലെയാണ് തനിക്ക് പാചകം എന്നാണ് ശൈഖ് മൻസൂർ പറയുന്നത്. ദൈവികമായ ഒരു കരസ്പർശം ഇല്ലാതെ പാചകം സർഗാത്മകമാകില്ല. ഓരോ പുതിയ ഭക്ഷണവും നാഥനിലേക്കുള്ള പുതിയ വഴിയാണ്. അതുകൊണ്ട് തന്നെ ഒരു പാചകവും പൂർത്തിയാകുന്നില്ല. പ്രപഞ്ച നാഥനിൽ നിന്ന് വിട്ടുപിരിഞ്ഞ മനുഷ്യൻ വീണ്ടും ഇലാഹീ സന്നിധിയിൽ എത്തുന്നത് വരെ പാചകവും അപൂർണമായി നിൽക്കുമെന്നും അതുകൊണ്ട് തന്നെ പുതിയ വഴികളിലൂടെ ഈ കല എപ്പോഴും പൂർണതയെ അന്വേഷിക്കുന്നുവെന്നുമാണ് ശൈഖ് മൻസൂർ വിശ്വസിക്കുന്നത്. “പാചകം എന്നിലേക്ക്‌ തന്നെയുള്ള യാത്രയാണ്. ഓരോ പുതിയ റെസിപ്പിയിലും അത് എനിക്ക് അനുഭവിക്കാൻ സാധിക്കും. പാചകം മാത്രമല്ല, നമ്മുടെ എല്ലാ കർമങ്ങളുടെയും അവസാനം എത്തുന്നത് ദൈവികമായ ഒരു ഫീലിംഗിൽ ആണ്. അതേസമയം, ആധുനിക കാലത്ത് ഒരു ഷെഫ് ഇത്രമേൽ ദാർശനികൻ ആകുന്നത് അത്ര നല്ലതല്ല.’ അദ്ദേഹം ചിരിച്ചു കൊണ്ട് പറയുന്നു.

കിംഗ് അബ്ദുല്‍ അസീസിന് ഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കി കൊടുക്കാന്‍ മിടുക്കനായിരുന്നു ശൈഖ് മന്‍സൂര്‍ അഹ്്മദ്. പുതിയ രുചികള്‍, പുതിയ ജനങ്ങള്‍, പുതിയ സംസ്‌കാരങ്ങള്‍- ഇങ്ങനെ നവീനമായതെല്ലാം അന്വേഷിക്കുക എന്നതാണ് ഈ ജനപ്രിയ ഷെഫിന്റെ പ്രധാന ഹോബി. നാല് വന്‍കരകളിലൂടെ ഇദ്ദേഹം നിരന്തരം യാത്ര ചെയ്തു. വ്യത്യസ്തമായ ഭക്ഷണരീതികളും രുചികളും തേടിയുള്ള ഈ യാത്രകളില്‍ ഒരു ഷെഫ് എന്ന നിലയില്‍ ധാരാളം പഠിക്കാന്‍ സാധിച്ചുവെന്നും ശൈഖ് മന്‍സൂര്‍ പറയുന്നു. “പതിനാറാം വയസ്സില്‍ തന്നെ ഒരു ഷെഫായി മാറണം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. വിവിധ കാലങ്ങളിലായി നൂറിലധികം രാജ്യങ്ങളിലൂടെ യാത്ര നടത്തിയപ്പോള്‍ ഞാന്‍ കണ്ടുമുട്ടിയ വ്യത്യസ്ത ജനവിഭാഗങ്ങളും അവരുടെ ഭക്ഷണരീതികളും ആണ് ഇന്നത്തെ രീതിയിലുള്ള ഒരു ഷെഫായി വളരാന്‍ എന്നെ സഹായിച്ചത്.’ രുചികള്‍ തേടി താന്‍ നടത്തിയ യാത്രകളെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെയാണ്. ഈ മേഖലയോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. “അങ്ങനെ ഇരുപത്തിയഞ്ചാം വയസ്സില്‍ തന്നെ ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചു. സഊദിയിലെ റമദ ഹോട്ടലില്‍ വെച്ചാണ് എനിക്ക് ആദ്യമായി ട്രെയിനിംഗ് ലഭിച്ചത്. ജീവിതത്തെ തന്നെ ഒന്നടങ്കം മാറ്റിമറിക്കുന്ന അനുഭവപാഠങ്ങളാണ് അന്നത്തെ ഔദ്യോഗിക നിര്‍വഹണം എനിക്ക് സമ്മാനിച്ചത്. മക്ക-ജിദ്ദ റോഡില്‍ 400 ലധികം മുറികളുള്ള ആഡംബര ഹോട്ടലായിരുന്നു അത്. അല്‍-സലാം ഹോളിഡേ ഇന്‍ എന്നാണ് ഇപ്പോള്‍ അതിന്റെ പേര്.’

 

റോള്‍ മോഡല്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശസ്തരായ ഷെഫുമാരുമായും പാചക വിദഗ്ധരുമായും ഊഷ്മളമായ വ്യക്തിബന്ധം സൂക്ഷിക്കുന്ന ശൈഖ് മന്‍സൂറിന്റെ റോള്‍ മോഡല്‍ ലോകപ്രശസ്ത സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫായ അര്‍ണോള്‍ഡ് ഡ്രിബിംഗ് ആണ്. സ്വിറ്റ്‌സര്‍ലാന്റ് ബ്ലാക്ക്‌ബോക്‌സ് കുക്കിംഗില്‍ ഗോള്‍ഡ് മെഡല്‍ വാങ്ങിയ അദ്ദേഹത്തിന് കീഴിലാണ് ശൈഖ് മന്‍സൂര്‍ തന്റെ പരിശീലനം പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ കീഴില്‍ ഷെഫായും ജോലി ചെയ്തു.’ അദ്ദേഹത്തില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ എനിക്ക് മറ്റെവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ല. പാചകത്തെ അത്രമേല്‍ വൈകാരികമായാണ് അദ്ദേഹം സമീപിച്ചിരുന്നത്.’


ഇഷ്ടവിഭവം

ലോകത്തെ ഒട്ടുമിക്ക രാഷ്ട്രങ്ങളിലെയും വിഭവങ്ങള്‍ ശൈഖ് മന്‍സൂര്‍ തയ്യാറാക്കാറുണ്ട്. വയറും മനസ്സും നിറക്കുന്ന ഈ മാജിക്കില്‍ ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള അതിഥികള്‍ പലപ്പോഴും വിസ്മയിച്ചുനില്‍ക്കും. തന്റെ ഏറ്റവും ഇഷ്ടവിഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെയാണ്: “എന്റെ സിഗ്നേച്ചര്‍ ഡിഷ് വീല്‍ പിക്കാട്ട മെല റൈസ് ആണ്. അതൊരു ഇറ്റാലിയന്‍ വിഭവമാണ്. ഇപ്പോള്‍ വ്യത്യസ്ത രീതികളില്‍ വീല്‍ പിക്കാട്ട മെല റൈസ് ഉണ്ടാക്കാറുണ്ട്.’ മറ്റെവിടെയും ലഭിക്കാത്ത തന്റെതായ റെസിപ്പികളും ശൈഖ് മന്‍സൂര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം വ്യത്യസ്തമായ റെസിപ്പികളുമായി ഉടന്‍ തന്നെ യൂട്യൂബില്‍ ഒരു ചാനല്‍ തുടങ്ങാനും പദ്ധതിയുണ്ട്. നിലവില്‍ സമൂഹമാധ്യമങ്ങളില്‍ ഒട്ടും സജീവമല്ല ശൈഖ് മന്‍സൂര്‍ അഹ്്മദ്.
മറക്കാനാകാത്ത അനുഭവം
ഒരു ഷെഫ് ആയതുകൊണ്ട് തന്നെ ഭക്ഷണം രുചിക്കുമ്പോള്‍ ആളുകള്‍ക്കുണ്ടാകുന്ന സന്തോഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് വിശ്വസിക്കുന്നയാളാണ് ശൈഖ് മന്‍സൂര്‍. “ഷെഫ് എന്ന നിലയില്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഞാന്‍ ജിദ്ദ കോണ്‍ഫറന്‍സ് പാലസില്‍ ജോലി ചെയ്യുമ്പോഴായിരുന്നു. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആയിരുന്ന സിയാഉല്‍ ഹഖ് മൂന്ന് മാസത്തിലൊരിക്കല്‍ ഉംറ ചെയ്യാനായി മക്കയില്‍ വരുമ്പോള്‍ ഞങ്ങളുടെ അതിഥിയായി പാലസില്‍ ഉണ്ടാകും. അദ്ദേഹത്തിനായി ഞാന്‍ തന്നെ വിഭവങ്ങള്‍ തയ്യാറാക്കും. നാലോ അഞ്ചോ ദിവസം അവിടെയുണ്ടാകും. ഒരു റമസാന്‍ കാലത്ത് അദ്ദേഹം വന്നു. അന്ന് ഭക്ഷണം തയ്യാറാക്കിയതും ഞാനായിരുന്നു. പക്ഷേ, സെര്‍വ് ചെയ്തത് ഫുഡ് ആൻഡ് ബീവറേജ് മാനേജര്‍ ആയിരുന്നു. ഭക്ഷണം കഴിച്ച ശേഷം പ്രസിഡന്റ് മോനേജരോട് ശൈഖ് മന്‍സൂര്‍ ഇവിടെ മക്കയില്‍ ഉണ്ടോ, അദ്ദേഹത്തിന്റെ പാചകത്തിന്റെ അതേ രുചിയാണല്ലോ ഈ ഭക്ഷണത്തിന് എന്നന്വേഷിച്ചത് ജീവിതത്തില്‍ മറക്കാനാകാത്ത നിമിഷമായി ഞാന്‍ ഇപ്പോഴും കൊണ്ടുനടക്കുന്നു.

കേരളത്തിലേക്ക്

“കേരളത്തിൽ വന്ന് ജോലി ചെയ്യുമെന്ന് ഞാൻ ഒരിക്കലും ആലോചിച്ചിരുന്നില്ല. മലയാളികളോടൊപ്പം വിവിധ രാജ്യങ്ങളിൽ ജോലിചെയ്തിട്ടുണ്ടെങ്കിലും ഇവിടെ വന്ന് സ്ഥിരതാമസമാക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല. അങ്ങനെയിരിക്കെ യാത്രകളൊക്കെ ഒന്ന് മതിയാക്കി സ്വസ്ഥമായ ജീവിതം നയിക്കണമെന്ന് ആലോചിച്ച സമയത്താണ് മർകസ് നോളജ് സിറ്റിയിൽ എക്‌സിക്യൂട്ടീവ് ഷെഫായി നിയമനം ലഭിച്ചത്. സത്യത്തിൽ എന്റെ കരിയറിൽ തന്നെ ഇത്രമേൽ മനോഹരമായ അനുഭവം മറ്റൊരിടത്തും എനിക്കുണ്ടായിട്ടില്ല. മലയാളികളുടെ സ്‌നേഹവും പരിഗണനയുമാണ് യഥാർഥത്തിൽ എന്നെ ഇവിടെ പിടിച്ചു നിർത്തുന്നത്.’ കേരളത്തിലെ ജീവിതത്തെ കുറിച്ച് ശൈഖ് മനസൂറിന് പറയാൻ ധാരാളം കാര്യങ്ങളുണ്ട്.
പാചകകലയുടെ ഈ കുലപതി ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചിയനുഭങ്ങൾ വിളമ്പി മറ്റുള്ളവരെ സന്തോഷിപ്പിച്ചു മുന്നോട്ട് പോകുന്നു. ഭാവിയിലേക്ക് വലിയ പദ്ധതികളൊന്നും ഇല്ല. ഒഴിവ് സമയത്ത് വായനയുണ്ട്. അല്ലാത്തപ്പോൾ പാചകവും.
.

---- facebook comment plugin here -----

Latest