Connect with us

From the print

വഖ്ഫ് ഭേദഗതി ബില്ല് കേന്ദ്രം പിന്‍വലിക്കണം; പ്രമേയം പാസ്സാക്കി കേരളം

ബില്ല് സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നും ഇത് ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമാണെന്നും പ്രമേയത്തില്‍ പറയുന്നു.

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമ ഭേദഗതി ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി. ഭരണഘടനാവിരുദ്ധമായ ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ന്യൂനപക്ഷകാര്യ മന്ത്രി വി അബ്ദുര്‍റഹ്മാനാണ് അവതരിപ്പിച്ചത്. ബില്ല് സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നും ഇത് ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമാണെന്നും പ്രമേയത്തില്‍ പറയുന്നു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരുപോലെ നിയമനിര്‍മാണ അധികാരമുള്ള വിഷയമാണ് വഖ്ഫ്. ആര്‍ട്ടിക്കിള്‍ 26 പ്രകാരം മൗലികാവകാശം ഭരണഘടനയുടെ അടിസ്ഥാന തത്ത്വമായതിനാല്‍ അതുപ്രകാരമുള്ള അവകാശങ്ങളില്‍പ്പെടുന്ന വഖ്ഫ് എന്‍ഡോവ്മെന്റുകളെയും വഖ്ഫ് സ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന രൂപത്തില്‍ ഇതിന്റെ സ്വാതന്ത്ര്യം അതത് മതവിഭാഗങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വഖ്ഫ് നിയമം നിലനില്‍ക്കുന്നത്.

എന്നാല്‍, നിലവില്‍ കേന്ദ്രം മുന്നോട്ടുവെച്ച ഭേദഗതികള്‍ സംസ്ഥാന സര്‍ക്കാറുകളുടെ നിരവധി അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതും ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധവും വഖ്ഫ് ബോര്‍ഡുകളുടെയും ട്രൈബ്യൂണലുകളുടെയും പ്രവര്‍ത്തനവും അധികാരവും ദുര്‍ബലപ്പെടുത്തുന്നതും ഭരണഘടന മുന്നോട്ടുവെക്കുന്ന മതേതര കാഴ്ചപ്പാടുകള്‍ ലംഘിക്കുന്നതുമാണ്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ ഒഴിവാക്കി നാമനിര്‍ദേശം ചെയ്യപ്പെടുന്ന ചെയര്‍മാനും അംഗങ്ങളും മാത്രമുള്ള ബോര്‍ഡ് ജനാധിപത്യ വ്യവസ്ഥക്ക് എതിരാണ്.

ഈ സാഹചര്യത്തില്‍ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍, വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യം, പൗരാവകാശം തുടങ്ങിയവയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും സാധ്യമല്ലെന്നതിനാല്‍ നിയമ ഭോദഗതി പിന്‍വലിക്കണമെന്ന് പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിപക്ഷ അംഗങ്ങളായ പി ഉബൈദുല്ല, എന്‍ ശംസുദ്ദീന്‍, ടി സിദ്ദീഖ് എന്നിവരുടെ ഭേദഗതികള്‍ അംഗീകരിച്ച് ഐകകണ്ഠ്യേനയാണ് പ്രമേയം പാസ്സാക്കിയത്. നേരത്തേ മന്ത്രി വി അബ്ദുര്‍റഹ്മാന്‍ സംയുക്ത പാര്‍ലിമെന്ററി സമിതി അധ്യക്ഷന്‍ ജഗദാംബിക പാലുമായി കൂടിക്കാഴ്ച നടത്തി ആശങ്കകളും വിയോജിപ്പുകളും അറിയിച്ചിരുന്നു.