Kerala
ശതാബ്ദി ആഘോഷം; മാതൃഭൂമിക്ക് അഭിവാദ്യമര്‍പ്പിച്ച് മലയാള മനോരമ എഡിറ്റോറിയല്‍
പൊതുവെ പരസ്പര വൈരികളായി അറിയപ്പെടുന്ന ഇരു പത്രങ്ങളും തമ്മില്‍ സാഹോദര്യത്തിന്റെ പുതിയ അധ്യായം കുറിക്കുന്നതാണ് എഡിറ്റോറിയല്‍. മനോരമയ്ക്ക ഒരു സഹപത്രം മാത്രമല്ല മാതൃഭൂമിയെന്നും സഹോദര പത്രം തന്നെയാണെന്നും എഡിറ്റോറിയല്‍ പറയുന്നു.

കോഴിക്കോട് | ശതാബ്ദി ആഘോഷിക്കുന്ന മാതൃഭൂമി ദിനപത്രത്തിന് അഭിവാദ്യമര്‍പ്പിച്ച് മലയാള മനോരമ എഡിറ്റോറിയല്‍. മാതൃഭൂമിക്ക് ശതാഭിവാദ്യം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലില്‍, ‘സ്വാതന്ത്ര്യത്തിന്റെ നെരിപ്പോടില്‍, ദേശീയതയുടെ സ്വപ്‌നങ്ങളുമായി പിറന്ന്, മലയാളി ജീവിതത്തില്‍ ആഴത്തില്‍ വേരുപടര്‍ത്തിയ സഹോദരപത്രം നൂറിന്റെ നിറവിലെത്തുമ്പോള്‍ അഭിമാനത്തോടെയും അതിരറ്റ ആഹ്‌ളാദത്തോടെയും മലയാള മനോരമ അഭിവാദ്യമര്‍പ്പിക്കുന്നു’വെന്നാണ് എഡിറ്റോറിയലിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നത്. പൊതുവെ പരസ്പര വൈരികളായി അറിയപ്പെടുന്ന ഇരു പത്രങ്ങളും തമ്മില്‍ സാഹോദര്യത്തിന്റെ പുതിയ അധ്യായം കുറിക്കുന്നതാണ് എഡിറ്റോറിയല്‍. മനോരമയ്ക്ക ഒരു സഹപത്രം മാത്രമല്ല മാതൃഭൂമിയെന്നും സഹോദര പത്രം തന്നെയാണെന്നും എഡിറ്റോറിയല്‍ പറയുന്നു.
സമരതീക്ഷ്ണതയൂുടെ 99 വര്‍ഷങ്ങളാണു മാതൃഭൂമി പിന്നിടുന്നത്. ദേശീയ പ്രസ്ഥാനത്തെ സേവിക്കാനുള്ള ഉപകരണമായാണ് 1923 മാര്‍ച്ച് പതിനെട്ടിനു മാതൃഭൂമി മലബാറിലെ വായനക്കാരില്‍ എത്തിത്തുടങ്ങിയതെങ്കിലും സ്വാത്രന്ത്യത്തില്‍ അവസാനിക്കുന്നതായിരുന്നില്ല പരതത്തിന്റെ ആത്യന്തിക ലക്ഷ്യം. ആദ്യത്തെ മുഖപസംഗത്തിലെഴുതിയതുപോലെ, മനുഷ്യജീവിതത്തെ മഹത്തായൊരു ബാധ്യതയായും ദേശീയ സ്വാതന്ത്യത്തെ ആ ബാധ്യത നിറവേറ്റുന്നതിനുവേണ്ട സാഹചര്യം സൃഷിടിക്കുന്നതിനാവശ്യമായ ഉപാധിയായുമാണു മാതൃഭൂമി വീക്ഷിച്ചത്. ആ വലിയ ലക്ഷ്യത്തിലേക്കുള്ള യാത ശ്രദ്ധേയമായൊരു നാഴികക്കല്ലിലെത്തുകയാണ് ഇപ്പോഴെന്നും എഡിറ്റോറിയലില്‍ പറയുന്നു.
ചരിത്രത്തിലൂടെയുള്ള ഈ പ്രയാണം എപ്പോഴും മിനുമിനുത്ത പാതകളിലൂടെയായിരുന്നില്ല. പ്രതിബദ്ധത കാത്തൂസൂക്ഷിക്കുന്ന ഒരു പത്രത്തിനും അത് അങ്ങനെയാകുകയുമില്ല. സ്വാതന്ത്യസമര സന്ദേശത്തിന്റെ പ്രചാരണം ലക്ഷ്യമിട്ട മാതൃഭൂമിക്കും ബ്രിട്ടീഷ് ഭരണാധികാരികള്‍ ഏറെ ക്ലേശങ്ങള്‍ സൃഷ്ടിച്ചു. സ്ഥാപിതമായ 1888 മുതല്‍ പ്രതിബദ്ധതയുടെ മാധ്യമവഴികളിലൂടെ സഞ്ചരിച്ച മലയാള മനോരമ, നീതിക്കുവേണ്ടിയും സ്വേച്ഛാധിപത്യത്തിനെതിരെയും ശബ്ദമുയര്‍ത്തിയത് കൊണ്ട് ഒന്‍പതു വര്‍ഷം നിശ്ബ്ദമാക്കപ്പെട്ടതും എഡിറ്റോറിയല്‍ ഓര്‍മിപ്പിക്കുന്നു.
എത്രയോ നിര്‍ണായക വേളകളില്‍ കൈകോര്‍ത്ത് മുന്നേറിയിട്ടുണ്ട് ഇരുപത്രങ്ങളും. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ ഏറെ വെല്ലുവിളികള്‍ ഉയരുന്ന ഈ കാലത്ത് മലയാളത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിച്ച് ഇനിയുമെത്രയോ ദൂരം ഒരുമിച്ച് മുന്നേറാനുണ്ടെന്നും വ്യക്തമാക്കിയാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.
പരസ്പരം മത്സരിക്കുന്ന ഇരു പത്രങ്ങളും തമ്മില്‍ സൗഹൃദത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിടുന്നതാണ് ഈ എഡിറ്റോറിയലെന്ന് വിലയിരുത്തപ്പെടുന്നു. മാതൃഭൂമിയെ തൊട്ടടുത്ത പത്രം എന്ന് മാത്രം വിശേഷിപ്പിക്കാറുള്ള മനോരമ, ഈ എഡിറ്റോറിയലിലൂടെ പത്രങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് പുതുനാമ്പ് കുറിക്കുകയാണ്. എഡിറ്റോറിയലില്‍ വ്യക്തമാക്കിയത് പോലെ മാധ്യമസ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന ഈ കാലത്ത് ഇത്തരം ഐക്യപ്പെടലുകള്‍ മാധ്യമപ്രവര്‍ത്തനത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ശക്തി പകരുമെന്നത് തീര്‍ച്ചയാണ്.
മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്നാണ് തുടക്കമാകുന്നത്. രാവിലെ പത്തരക്ക് പ്രധാമനമന്ത്രി ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മുഖ്യപ്രഭാഷണവും നടത്തും. 1923 മാര്‍ച്ച് 18നാണ് മാതൃഭൂമി സ്ഥാപിതമായത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് ശതാബ്ദി ആഘോഷങ്ങള്‍.