Kerala
Census 2027 | സെൽഫ് എന്യൂമറേഷൻ ഇന്ന് അവസാനിക്കും; വിവരങ്ങൾ എങ്ങനെ സ്വയം രേഖപ്പെടുത്താം? A Step by Step Guide
നാളെ മുതൽ എന്യൂമറേറ്റർമാർ വീടുകൾ കയറി എന്യൂമറേഷൻ നടത്തുന്ന നടപടികൾ ആരംഭിക്കും.
ന്യൂഡൽഹി |സെൻസസ് 2027 (Census 2027) ൽ വിവരങ്ങൾ സ്വമേധയാ നൽകുവാനുള്ള സെൽഫ് എന്യൂമറേഷൻ (Self-Enumeration) പ്രക്രിയ പൂർത്തിയാക്കാൻ സമയപരിധി ഇന്ന് അവസാനിക്കും. മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് പൗരന്മാർക്ക് നേരിട്ട് വിവരങ്ങൾ നൽകാൻ സാധിക്കുന്ന സംവിധാനാണ് സെൽഫ് എന്യൂമറേഷൻ. ഇന്നത്തെ സമയപരിധി കഴിഞ്ഞാൽ പോർട്ടൽ വഴിയുള്ള വിവരശേഖരണം നിർത്തിവെക്കും. നാളെ മുതൽ എന്യൂമറേറ്റർമാർ വീടുകൾ കയറി എന്യൂമറേഷൻ നടത്തുന്ന നടപടികൾ ആരംഭിക്കും.
സെൽഫ് എന്യൂമറേഷൻ പ്രക്രിയ ഘട്ടം ഘട്ടമായി എങ്ങനെ പൂർത്തിയാക്കാമെന്ന് താഴെ വിവരിക്കുന്നു.
ഘട്ടം 1: പ്രവേശനവും പ്രാരംഭ ലോഗിനും
ഡിജിറ്റൽ പോർട്ടലായ https://se.census.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക എന്നതാണ് ആദ്യ പടി. തുടർന്ന് ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്നും സംസ്ഥാനമായി കേരളം തിരഞ്ഞെടുത്ത് കാണിച്ചിരിക്കുന്ന ക്യാപ്ച കോഡ് നൽകി മുന്നോട്ട് പോവുക. ഡിജിറ്റൽ മാപ്പിൽ നിങ്ങളുടെ വീട് അടയാളപ്പെടുത്തേണ്ടതുണ്ട് എന്നതിനാൽ മികച്ച ദൃശ്യപരതയ്ക്കായി മൊബൈൽ ഫോണിന് പകരം ലാപ്ടോപ്പോ ഡെസ്ക്ടോപ്പോ ഉപയോഗിക്കാൻ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്.
ഘട്ടം 2: ഗാർഹിക രജിസ്ട്രേഷൻ
ഈ ഘട്ടത്തിൽ കുടുംബനാഥന്റെ പേര് കൃത്യമായി നൽകണം. കുടുംബത്തിന്റെ നാഥനായി ആരെയാണ് കണക്കാക്കേണ്ടതെന്ന് മനസ്സിലാക്കാൻ ഈ ഫീൽഡിന് സമീപം ഒരു ടൂൾടിപ്പ് സഹായകരമായി നൽകിയിട്ടുണ്ട്. ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം, ഒരിക്കൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഈ പേര് പിന്നീട് മാറ്റാൻ സാധിക്കില്ല. തുടർന്ന് വീട്ടിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ മൊബൈൽ നമ്പർ നൽകുക. ഒരു വീടിന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇമെയിൽ വഴി സെൽഫ് എന്യൂമറേഷൻ ഐ ഡി ലഭിക്കാൻ താല്പര്യമുള്ളവർക്ക് ഐ ഡി ഓപ്ഷണലായി നൽകാവുന്നതാണ്.
ഘട്ടം 3: ഭാഷ തിരഞ്ഞെടുക്കലും ഒടിപി പരിശോധനയും
നിങ്ങൾക്ക് അനുയോജ്യമായ ഭാഷ തിരഞ്ഞെടുക്കുക എന്നതാണ് അടുത്ത പടി. ഇവിടെ തിരഞ്ഞെടുക്കുന്ന ഭാഷയും പിന്നീട് മാറ്റാൻ സാധിക്കുകയില്ല എന്നതിനാൽ കൃത്യത ഉറപ്പാക്കണം. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒറ്റത്തവണ പാസ്‌വേഡ് അഥവാ ഒടിപി (OTP) ലഭിക്കും. ഇത് നൽകി പരിശോധന പൂർത്തിയാക്കുക. ഒടിപി കൃത്യമായി ലഭിക്കുന്നതിനായി ഫോണിന് ശരിയായ നെറ്റ്‍വർക്ക് കണക്റ്റിവിറ്റി ഉണ്ടെന്ന് ഉറപ്പുവരുത്തണം.
ഘട്ടം 4: താമസസ്ഥലത്തിന്റെ വിശദാംശങ്ങൾ
നിങ്ങളുടെ ജില്ല തിരഞ്ഞെടുത്ത ശേഷം പിൻ കോഡ് നൽകുക. തുടർന്ന് ഗ്രാമം അല്ലെങ്കിൽ ടൗൺ, ലോക്കാലിറ്റി, അടുത്തുള്ള പ്രധാന ലാൻഡ്മാർക്ക് എന്നിവയുടെ പേര് നൽകി സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക.

ഘട്ടം 5: മാപ്പിൽ താമസസ്ഥലം കണ്ടെത്തുക
ഈ ഘട്ടത്തിൽ ചുവന്ന മാർക്കറോട് കൂടിയ ഒരു ഇന്ററാക്ടീവ് മാപ്പ് സ്ക്രീനിൽ ദൃശ്യമാകും. ഈ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്താൻ ആ മാർക്കർ നിങ്ങളുടെ താമസസ്ഥലത്തേക്ക് കൃത്യമായി ഡ്രാഗ് ചെയ്ത് മാറ്റുക. ശേഷം സേവ് ആൻഡ് നെക്സ്റ്റ് ക്ലിക്ക് ചെയ്യുമ്പോൾ ലൊക്കേഷൻ വിവരങ്ങൾ സാധൂകരിക്കുന്നതിനുള്ള ഒരു സ്ഥിരീകരണ സന്ദേശം കാണാം. വീടുതോറുമുള്ള സന്ദർശന വേളയിൽ എന്യൂമറേറ്റർമാരുടെ സ്ഥിരീകരണത്തിനായി നിർദ്ദിഷ്ട ഹൗസ് ലിസ്റ്റ് ബ്ലോക്കിലേക്ക് ഈ വിവരങ്ങൾ കൈമാറാൻ ഇത് സഹായിക്കും.
ഘട്ടം 6: ചോദ്യാവലി പൂർത്തിയാക്കൽ
ഹൗസ് ലിസ്റ്റ്, ഹൗസിംഗ് സെൻസസ് ചോദ്യാവലി എന്നിവ ഇവിടെ പൂരിപ്പിക്കേണ്ടതുണ്ട്. സംശയങ്ങളുള്ള ചോദ്യങ്ങൾക്ക് താഴെയുള്ള കുറിപ്പുകൾ, ടൂൾടിപ്പുകൾ, പതിവുചോദ്യങ്ങൾ എന്നിവ സഹായത്തിനായി ഉപയോഗിക്കാം. എന്യൂമറേറ്റർമാർ ഫീൽഡ് സന്ദർശന വേളയിൽ നേരിട്ട് ഉപയോഗിക്കുന്ന അതേ ചോദ്യാവലി തന്നെയാണ് ഇതും. ബിൽഡിംഗ് നമ്പർ, സെൻസസ് ഹൗസ് നമ്പർ, സെൻസസ് ഹൗസിന്റെ ഉപയോഗം, ഹൗസ്‌ഹോൾഡ് നമ്പർ തുടങ്ങിയ ചില പ്രത്യേക വിവരങ്ങൾ എന്യൂമറേറ്റർ പിന്നീട് അവരുടെ സന്ദർശന വേളയിൽ പ്രത്യേകം രേഖപ്പെടുത്തുന്നതാണ്. മുൻപ് നൽകിയ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ തിരികെ പോകാൻ സാധിക്കുമെങ്കിലും നിലവിലെ സ്ക്രീൻ പൂർത്തിയാക്കിയ ശേഷം മാത്രമേ സിസ്റ്റം മുന്നോട്ട് പോകാൻ അനുവദിക്കൂ.
ഘട്ടം 7: നൽകിയ വിവരങ്ങളുടെ അവലോകനം
വിഭാഗം തിരിച്ചുള്ള എല്ലാ ഡാറ്റയും പരിശോധിക്കാൻ പ്രിവ്യൂ സ്ക്രീൻ ഉപയോഗിക്കുക. ഈ ഘട്ടത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്താം. അവസാന തീയതിക്ക് മുൻപായി വിവരങ്ങൾ അന്തിമരൂപത്തിൽ സമർപ്പിക്കുന്നതിനായി നിലവിലെ വിവരങ്ങൾ ഡ്രാഫ്റ്റായി സേവ് ചെയ്യാനും സാധിക്കും.
ഘട്ടം 8: അന്തിമ സമർപ്പിക്കൽ
നൽകിയ വിവരങ്ങളിൽ പൂർണ്ണ തൃപ്തി വന്നതിന് ശേഷം ഫൈനൽ സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഉപയോക്താവിന് സാധിക്കില്ല, എന്യൂമറേറ്റർക്ക് മാത്രമേ പിന്നീട് എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ അനുവാദമുണ്ടാവുകയുള്ളൂ. സമർപ്പിക്കേണ്ട അവസാന തീയതി എല്ലാ പേജുകളിലും പ്രത്യേകമായി പ്രദർശിപ്പിക്കും. അവസാന തീയതിക്ക് മുൻപായി സമർപ്പിക്കാത്ത പക്ഷം സ്വയം കണക്കുകൂട്ടൽ പൂർണ്ണമായി കണക്കാക്കില്ല.
വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ എച്ച് എന്ന് പ്രിഫിക്സ് ചെയ്ത 11 അക്ക സെൽഫ് എന്യൂമറേഷൻ ഐ ഡി സ്ക്രീനിൽ തെളിയും. ഇത് എസ്എംഎസ് വഴിയും ഇമെയിൽ വഴിയും ലഭിക്കും. ഈ വിവരങ്ങളുടെ സ്ക്രീൻഷോട്ട് എടുക്കുകയോ എഴുതി സൂക്ഷിക്കുകയോ ചെയ്യുന്നത് നന്നായിരിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് പിന്നീട് പോർട്ടലിൽ നിന്നും ഈ ഐ ഡി വീണ്ടെടുക്കാനും സംവിധാനമുണ്ട്.
ഘട്ടം 9: ഫീൽഡ് മൂല്യനിർണ്ണയം
സെൻസസ് എന്യൂമറേറ്റർ നിങ്ങളുടെ വീട് സന്ദർശിക്കുമ്പോൾ ഈ 11 അക്ക ഐ ഡി കൈമാറുക. എന്യൂമറേറ്ററുടെ മൊബൈലിലുള്ള വിവരങ്ങളുമായി നിങ്ങളുടെ ഐ ഡി പൊരുത്തപ്പെടുന്നുവെങ്കിൽ സെൻസസ് വിവരങ്ങൾ സ്ഥിരീകരിച്ച് അംഗീകരിക്കുന്നതാണ്. ഒരുപക്ഷേ ഐ ഡി പൊരുത്തപ്പെടാത്ത സാഹചര്യമുണ്ടായാൽ എന്യൂമറേറ്റർ നിങ്ങളുടെ ഗാർഹിക വിവരങ്ങൾ പുതിയതായി ശേഖരിക്കും.
Content highlights
The Government of India has introduced the digital self-enumeration facility for Census 2027, allowing residents to fill out and submit their household questionnaires online through a dedicated portal. The self-enumeration portal opens 15 days before the house-to-house enumeration begins, and the entire process takes about 15 to 20 minutes to complete. Upon successful submission, users receive a unique 11-digit Self-Enumeration ID, which must be shared with the census enumerator during their field visit for final validation.




