Connect with us

CEMENT PRICE

സിമന്റ് വില കുത്തനെ കുതിക്കുന്നു; നിർമാണ മേഖല പ്രതിസന്ധിയിൽ

ഒരു മാസത്തിനിടെ 90 രൂപയുടെ വർധന

Published

|

Last Updated

പാലക്കാട് | നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി സിമന്റ് വില കുതിച്ചുയരുന്നു. ഇന്ധന വില വർധനവിനൊപ്പം കൽക്കരി ക്ഷാമവുമാണ് സിമന്റ് വിലയുടെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ മാസം 380 രൂപയുണ്ടായിരുന്ന ബ്രാൻഡ് കമ്പനികളുടെ സിമന്റ്ചാക്കിനൊന്നിന് നിലവിൽ വില 470 രൂപയാണ്. ഒരു മാസത്തിനിടെ 90 രൂപയുടെ വർധനവുണ്ടായി. നിലവിലെ സാഹചര്യത്തിൽ ഇന്ധന വില പോലെ സിമന്റിനും മാസം തോറും വില വർധിക്കുമെന്നാണ് നിർമാതാക്കൾ പറയുന്നത്.

ദൗർലഭ്യത്തെ തുടർന്നുണ്ടായ കൽക്കരിയുടെ വിലക്കയറ്റം ഡീസൽ വില വർധന എന്നിവയെ തുടർന്ന് സിമന്റ് ഉത്പാദന ചെലവ് വലിയ തോതിൽ കൂടി. ചരക്ക് നീക്കത്തിന് വാടക ഇരട്ടിയായി. ഇങ്ങനെ സിമന്റ്‌നിർമാണത്തിന് 55-60 ശതമാനത്തോളം ചെലവ് വർധിച്ചതാണ് വിലക്കുതിപ്പിന് ഇടയാക്കുന്നതെന്നാണ് നിർമാതാക്കൾ പറയുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ അടുത്ത രണ്ട് വർഷത്തേക്ക് സിമന്റ് വില കുറയില്ലെന്ന സൂചനയും നിർമാതാക്കൾ നൽകുന്നു.

സിമന്റ് ഉത്പാദനത്തിന് പ്രധാന ഘടകമായ ക്രൂഡ് ഓയിലിന്റെയും കൽക്കരിയുടെയും വില വർധനവും ക്ഷാമവും അടുത്ത കാലത്തൊന്നും തീരില്ലെന്നാണ് റിപ്പോർട്ട്. ഇതിനാൽ ഉത്പാദന ചെലവിനൊപ്പം സിമന്റിന് വില വർധിപ്പിക്കേണ്ട സാഹചര്യമാണ്. നവംബറോടെ സിമന്റിന് ലഭ്യതക്കുറവ് അനുഭവപ്പെടാനും സാധ്യതയുണ്ട്. നവംബർ- ഡിസംബർ മാസങ്ങളിൽ റോഡ് വികസനം, ജലസേചന പദ്ധതികൾ തുടങ്ങി സർക്കാർ ആവശ്യത്തിനും വൻകിട കെട്ടിട നിർമാണത്തിനുമായി സിമന്റ്കൂടുതൽ ആവശ്യമാണ്. ആവശ്യകത കൂടുന്നതനുസരിച്ച് ഉത്പാദന ചെലവിന്റെ പേരിൽ നിർമാതാക്കൾക്ക് വില കുത്തനെ കൂട്ടാനും അവസരമൊരുങ്ങും. ഈ സമയത്ത് 75 മുതൽ 80 ശതമാനം വരെ വില വർധിക്കാനാണ് സാധ്യത.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി സിമന്റ് വരുന്നത്. മലബാർ സിമന്റ്സ് ഉൾപ്പെടെ പൊതുമേഖലയിൽ സിമന്റ് നിർമിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് നിലവിലെ ആവശ്യത്തിന് ഇത് തികയുന്നില്ല. സിമന്റ് വില വർധനവ് ഗ്രാമീണ മേഖലയിൽ വലിയ തിരിച്ചടിയാണ് നൽകിയത്. സിമന്റ് വിലക്കൊപ്പം മറ്റ് അസംസ്‌കൃത വസ്തുക്കളുടെ വില വർധനവും വീട് നിർമാണത്തിന് തടസ്സമാകും. സംസ്ഥാനത്തെ ലൈഫ് പദ്ധതിയിലുൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾക്ക് ഇത് തിരിച്ചടിയാകും.

Latest