Kerala
'തിരുവസന്തം 1500 ' സമുചിതമായി ആഘോഷിക്കുക: സുന്നി വിദ്യാഭ്യാസ ബോര്‍ഡ്
ആഘോഷത്തിന്റെ ഭാഗമായി പതിനായിരത്തിലധികം വരുന്ന അംഗീകൃത മദ്റസകള്‍ കേന്ദ്രീകരിച്ച് മൗലിദ് പാരായണം, ഘോഷയാത്ര, കലാസാഹിത്യ മത്സരങ്ങള്‍, സന്ദേശ പ്രഭാഷണങ്ങള്‍, അന്നദാനം മുതലായവ സംഘടിപ്പിക്കും

കോഴിക്കോട് | ‘തിരുവസന്തം 1500’ എന്ന പ്രമേയത്തില്‍ ഈ വര്‍ഷം നബിദിനാഘോഷങ്ങള്‍ സമുചിതമായി ആഘോഷിക്കാന്‍ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എല്ലാ മദ്റസകള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ആഘോഷത്തിന്റെ ഭാഗമായി പതിനായിരത്തിലധികം വരുന്ന അംഗീകൃത മദ്റസകള്‍ കേന്ദ്രീകരിച്ച് മൗലിദ് പാരായണം, ഘോഷയാത്ര, കലാസാഹിത്യ മത്സരങ്ങള്‍, സന്ദേശ പ്രഭാഷണങ്ങള്‍, അന്നദാനം മുതലായവ സംഘടിപ്പിക്കും. നബിദിനാഘോഷ പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഘോഷയാത്രകളിലെ സ്വീകരണ വേദികളിലും അന്നദാന സമയത്തും ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണ പാനിയങ്ങള്‍ മാത്രമെ വിതരണം ചെയ്യുന്നുള്ളുവെന്ന് ഉറപ്പുവരുത്തണം.
ആഘോഷത്തിന്റെ ഭാഗമായി നബി ചരിത്ര വിവരണം, നബി പ്രകീര്‍ത്തനം, മൗലിദ് എന്നിവ നടത്തണം. ഘോഷയാത്ര നടത്തുമ്പോള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കണം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയാതെ അവയുടെ സംസ് കരണം ഉറപ്പുവരുത്തണം.നബിദിന റാലിയില്‍ സ്വലാത്തുകളും നബി കീര്‍ത്തനങ്ങളും മാത്രമേ ഉരുവിടാവൂ. റോഡുകളിലും വഴികളിലും ഗതാഗത തടസ്സം വരാത്ത വിധം യാത്ര സജ്ജീകരിക്കണം. കുട്ടികളെ റോഡിന്റെ ഇടതുവശം ചേര്‍ന്ന് വരിയായി നടത്താന്‍ ശ്രദ്ധിക്കണ. റാലിയില്‍ രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം ഉറപ്പുവരുത്തണം, റോഡ് മുറിച്ചു കടക്കുമ്പോള്‍ ആവശ്യമായ സുരക്ഷയൊരുക്കുകയും പ്രത്യേകം ശ്രദ്ധ ചെലുത്തുകയും വേണം.
നബി (സ)യുടെ സല്‍സ്വഭാവം, സത്യസന്ധത, വിനയം, ക്ഷമ, സ്‌നേഹം, വ്യക്തിപ്രഭാവം, ബഹുസ്വര സമൂഹത്തിലെ ജീവിതം, മതസൗഹാര്‍ദ്ദം, കുടുംബജീവിതം, അയല്‍പക്ക ബന്ധം, ഇടപെടലുകള്‍ മുതലായ വിഷയങ്ങള്‍ ആസ്പദമാക്കിയാണ് പരിപാടികള്‍ തയ്യാറാക്കേണ്ടത്.
ആഘോഷ പരിപാടികളില്‍ പ്രദേശത്തെ പൗരപ്രമുഖരെയും സംഘടനാ പ്രതിനിധികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കണം. നബിദിനത്തിന്റെ ഭാഗമായി മദ്രസയില്‍ നടക്കുന്ന കലാ മത്സരങ്ങള്‍ക്ക് കുട്ടികളെ സജ്ജരാക്കുന്നതിന് പഠനസമയം കൂടുതല്‍ നഷ്ടമാവാതെ ശ്രദ്ധിക്കണം. പ്രസംഗം, പാട്ട്, സംഭാഷണം തുടങ്ങിയവ തികച്ചും നബി ജീവിതത്തിലെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ പ്രായത്തിന് യോജ്യമായ എല്‍.പി, യു.പി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വേര്‍തിരിച്ച് വിഷയങ്ങള്‍ നല്‍കേണ്ടതാണ്.
നബിദിന പരിപാടിയിലും വിവിധ പരീക്ഷകളിലും ഓരോ ക്ലാസില്‍ നിന്നും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികളെയും മതഭൗതിക സ് കോളര്‍ഷിപ്പ് പരീക്ഷകളില്‍ മികവ് പുലര്‍ത്തിയ കുട്ടികളെയും സമാപന വേദിയില്‍ വച്ച് അനുമോദിക്കുകയും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യണം. സമാപന സെക്ഷനില്‍ നബി (സ)യുടെ ജീവിതത്തെക്കുറിച്ച് 20 മിനിറ്റില്‍ കവിയാത്ത നബിദിന സന്ദേശം നല്‍കണം.
കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന സെക്രട്ടറിയേറ്റ് യോഗം വി.പി.എം.ഫൈസി വില്യാപള്ളി അദ്ധ്യക്ഷത വഹിച്ചു.
അബൂഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ് , വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി.പി.സൈതലവി മാസ്റ്റര്‍, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി തുടങ്ങിയര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി