National
സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻ്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി
2023 മെയ് 25 നാണ് സൂദ് സിബിഐ ഡയറക്ടറായി രണ്ടുവർഷത്തേക്ക് നിയമിതനായത്.

ന്യൂഡൽഹി | സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻ്റെ കാലാവധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് നീട്ടി. 2023 മെയ് 25 നാണ് സൂദ് സിബിഐ ഡയറക്ടറായി രണ്ടുവർഷത്തേക്ക് നിയമിതനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സഞ്ജീവ് ഖന്ന, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ അംഗങ്ങളായ സമിതി തിങ്കളാഴ്ച നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു.
സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ, കാബിനറ്റ് നിയമന സമിതി (എസിസി) സൂദിൻ്റെ കാലാവധി മെയ് 24 ന് ശേഷം ഒരു വർഷത്തേക്ക് നീട്ടാൻ അംഗീകാരം നൽകി.
1986 ബാച്ചിലെ കർണാടക കേഡറിലെ ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥനാണ് സൂദ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഡയറക്ടറായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹം കർണാടകയുടെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.
1964 ൽ ഹിമാചൽ പ്രദേശിൽ ജനിച്ച സൂദ്, ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം 22-ാം വയസ്സിലാണ് ഐപിഎസ്സിൽ ചേർന്നത്.
ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ്, ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ മാക്‌സ്‌വെൽ സ്കൂൾ ഓഫ് ഗവർണൻസ് എന്നിവിടങ്ങളിൽ നിന്ന് അദ്ദേഹം ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.