editorial
ജാതി സെന്‍സസ് മാത്രം പോരാ; തുടര്‍നടപടികളും വേണം
സെന്‍സസ് റിപോര്‍ട്ട് പ്രകാരം അധികാര, ഉന്നത ഉദ്യോഗതലങ്ങളില്‍ ഒ ബി സിക്കാര്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കും ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ചുള്ള പങ്കാളിത്തം ഉറപ്പാക്കാന്‍ സംവരണ ശതമാനം ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

പുതിയ സെന്‍സസിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ്. ഓരോ വീട്ടിലെയും അടിസ്ഥാന സൗകര്യങ്ങള്‍, ആസ്തി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുക. ജനസംഖ്യാ കണക്കെടുപ്പ് രണ്ടാം ഘട്ടത്തിലാണ്. വീട്ടിലെ അംഗങ്ങളുടെ എണ്ണവും, വ്യക്തികളുടെ സാമൂഹിക- സാമ്പത്തിക- സാംസ്‌കാരിക വിവരങ്ങളും ശേഖരിക്കുന്ന ഈ ഘട്ടത്തില്‍ ജാതി സംബന്ധിച്ച കണക്കെടുപ്പും നടത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. മഞ്ഞ് മൂടിക്കിടക്കുന്ന അത്യുത്തര മേഖലകളൊഴിച്ചുള്ള പ്രദേശങ്ങളില്‍ 2027 മാര്‍ച്ച് ഒന്നിനേ സെന്‍സസ് ആരംഭിക്കുകയുള്ളൂ. 2021ല്‍ നടക്കേണ്ടിയിരുന്ന സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെ ഈ സെന്‍സസ് കൊവിഡ് മൂലമാണ് ആറ് വര്‍ഷം താമസിച്ചത്.
അതേസമയം, രാജ്യത്ത് ജാതി സെന്‍സസ് നടക്കുന്നത് 93 വര്‍ഷത്തിനു ശേഷമാണ്. 1931ല്‍ ബ്രിട്ടീഷ് ഭരണ കാലത്താണ് ഇതിനു മുമ്പ് ജാതി സെന്‍സസ് നടത്തി ഫലം പുറത്തുവിട്ടത്. ഇന്ത്യയില്‍ നാലായിരത്തില്‍ പരം ജാതികളും ഉപജാതികളുമുണ്ടെന്ന് അന്നത്തെ കണക്കെടുപ്പില്‍ കണ്ടെത്തി. 1941ലെ സെന്‍സസില്‍ ജാതി കണക്കെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും രണ്ടാംലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ആശങ്കകളുടെ അടിസ്ഥാനത്തില്‍ അത് വെളിപ്പെടുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ശേഷം പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സെന്‍സസുകളിലെല്ലാം പട്ടിക ജാതി- പട്ടിക വര്‍ഗങ്ങളുടേത് മാത്രമേ ശേഖരിക്കാറുള്ളൂ.
ജാതി സെന്‍സസിനോട് കടുത്ത എതിര്‍പ്പായിരുന്നു നേരത്തേ ബി ജെ പിക്കും മോദി സര്‍ക്കാറിനും. “സമൂഹത്തെ വിഭജിക്കാനുള്ള ശ്രമ’മെന്നാണ് ജാതി സെന്‍സസ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിച്ചിരുന്നത്. സെന്‍സസില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ ഒഴിച്ചുള്ളവരുടെ കണക്കെടുപ്പ് വേണ്ടെന്നാണ് സര്‍ക്കാറിന്റെ നയപരമായ തീരുമാനമെന്നാണ് 2021 ജൂലൈ 20ന് പാര്‍ലിമെന്റില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയായി അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞത്. സെന്‍സസില്‍ രാജ്യത്തെ പിന്നാക്ക വിഭാഗ പൗരന്മാരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാറിന്റെ റിട്ട് ഹരജിക്കുള്ള മറുപടിയായി 2023 സെപ്തംബറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഇതേ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
അധികാര കേന്ദ്രങ്ങളും ഉദ്യോഗസ്ഥ മേഖലയും രാജ്യത്തെ ബ്രാഹ്മണ, ക്ഷത്രിയ തുടങ്ങി ജാതി മേലാളന്മാരുടെ കൈകളിലാണ്. പിന്നാക്ക ജാതിക്കാരും സമുദായക്കാരും ഇത്തരം മേഖലകളില്‍ പാടേ തഴയപ്പെട്ടിരിക്കുന്നു. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമില്ല അവര്‍ക്കൊന്നും ഭരണ- ഉദ്യോഗസ്ഥ മേഖലകളില്‍. ഈ വിവരം പുറത്തു വരുന്നതിലുള്ള ഭയമാണ് ജാതി സെന്‍സസിനോട് ബി ജെ പിയും സര്‍ക്കാറും പുറംതിരിഞ്ഞു നിന്നതിനു പിന്നില്‍. പിന്നാക്ക ജാതികള്‍ക്കും സമുദായങ്ങള്‍ക്കും സ്വാധീനമുള്ള ബിഹാറില്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ജാതി സെന്‍സസ് പ്രശ്‌നം ഉന്നയിക്കാനുള്ള സാധ്യതയാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ നയം മാറ്റത്തിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദേശീയാടിസ്ഥാനത്തില്‍ നടന്നില്ലെങ്കിലും അടുത്തിടെയായി ബിഹാറിലും കര്‍ണാടകയിലും തെലങ്കാനയിലും സംസ്ഥാനതലത്തില്‍ ജാതി സെന്‍സസ് നടന്നിരുന്നു. ബിഹാറില്‍ ഒ ബി സി വിഭാഗങ്ങള്‍ 63.5 ശതമാനം, പട്ടിക ജാതിക്കാര്‍ 19 ശതമാനം, പട്ടിക വര്‍ഗക്കാര്‍ 1.4 ശതമാനവുമെന്നാണ് കണക്കെടുപ്പില്‍ കണ്ടെത്തിയത്. ഇവരെല്ലാം കൂടിച്ചേര്‍ന്നാല്‍ ജനസംഖ്യയുടെ 84 ശതമാനമായി. ഹൈന്ദവ സമുദായത്തിലെ മുന്നാക്ക ജാതിക്കാര്‍ സംസ്ഥാനത്ത് 11 ശതമാനം മാത്രമാണെന്ന് സെന്‍സസ് കണ്ടെത്തി. കര്‍ണാടകയില്‍ 2015ല്‍ സിദ്ധരാമയ്യ സര്‍ക്കാറിന്റെ കാലത്ത് നടന്ന ജാതി കണക്കെടുപ്പില്‍ സംസ്ഥാനത്തെ 70 ശതമാനവും 2023ല്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ കാലത്ത് നടന്ന സെന്‍സസില്‍ സംസ്ഥാനത്തെ 56 ശതമാനവും പിന്നാക്ക വിഭാഗക്കാരാണെന്നാണ് വ്യക്തമായത്.
ഭരണഘടന മുന്നോട്ടുവെക്കുന്ന പ്രധാന നിര്‍ദേശമാണ് സമത്വവും സാമൂഹിക നീതിയും. സ്വാതന്ത്ര്യാനന്തര ഇന്ത്യ 78 വര്‍ഷം പിന്നിട്ടെങ്കിലും അസമത്വം മൂര്‍ധന്യ ദശയിലാണ്. അധികാര മേഖലയിലും സാമ്പത്തിക രംഗത്തും തൊഴില്‍ മേഖലയിലും ഇത് പ്രകടം. ആകെയുള്ള ദേശീയ ആസ്തികളുടെ 41 ശതമാനവും 22.28 ശതമാനം വരുന്ന ഉന്നത ജാതിക്കാരായ ഹൈന്ദവരുടെ കൈവശമാണ്. ഹിന്ദുക്കളിലെ ഒ ബി സി വിഭാഗക്കാരുടെ വശം 31 ശതമാനവും പട്ടിക ജാതിക്കാരുടെ വശം 3.7 ശതമാനവും മാത്രം. ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന ഒ ബി സി, ദളിത് വിഭാഗങ്ങള്‍ക്ക് ഉന്നത ജോലികളിലും അധികാര പദവികളിലും പ്രാതിനിധ്യം 30 ശതമാനം മാത്രമേയുള്ളൂ. ഗവ. സെക്രട്ടറിമാരില്‍ ഇത് ഏഴ് ശതമാനമേ വരൂ. പുതിയൊരു ജാതി സെന്‍സസ് നടത്തിയാല്‍ സ്ഥിതി മുമ്പത്തേക്കാളുപരി മോശമാകുകയല്ലാതെ പിന്നാക്ക വിഭാഗങ്ങളുടെ സ്ഥിതി ഒരു മേഖലയിലും മെച്ചപ്പെട്ടില്ലെന്ന വസ്തുതയായിരിക്കും പുറത്തുവരിക.
ഈയൊരു സാഹചര്യത്തില്‍ ജാതി സെന്‍സസ് നടത്തിയതു കൊണ്ട് മാത്രമായില്ല, ആ റിപോര്‍ട്ട് പ്രകാരം അധികാര, ഉന്നത ഉദ്യോഗ തലങ്ങളില്‍ ഒ ബി സിക്കാര്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കും ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ചുള്ള പങ്കാളിത്തം ഉറപ്പാക്കാന്‍ സംവരണ ശതമാനം ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയും ചില പ്രമുഖ പ്രാദേശിക കക്ഷികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എങ്കിലേ ഭരണഘടന ഉറപ്പ് നല്‍കുന്ന സമത്വവും സാമൂഹിക നീതിയും നടപ്പാകുകയുള്ളൂ. അതേസയം, 2027ല്‍ പ്രഖ്യാപിച്ച സെന്‍സസിന്റെ രണ്ടാം ഘട്ടത്തില്‍ ജാതി കണക്കെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് തന്നെ സര്‍ക്കാര്‍ പിന്നോട്ടു പോകുമോ എന്ന സന്ദേഹവും ഉയരുന്നുണ്ട്. അപ്പോഴേക്കും ബി ജെ പിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ബിഹാര്‍ പോലുള്ള ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ നടന്നുകഴിഞ്ഞിരിക്കുമെന്നതു കൊണ്ട് അങ്ങനെ സംഭവിച്ചാലും അത്ഭുതമില്ല.