Kerala
മുതലമടയില്‍ ആദിവാസി യുവാവിനെ ഫാം സ്റ്റേയില്‍ പൂട്ടിയിട്ട കേസ്; പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം
വെസ്റ്റേണ്‍ ഗേറ്റ് വേയ്‌സ് ഉടമ പ്രഭുവിനെതിരെ കേസെടുത്തിട്ട് 10 ദിവസമായിട്ടും പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

പാലക്കാട്| പാലക്കാട് മുതലമടയില്‍ ഫാം സ്റ്റേയില്‍ ആദിവാസിയെ ആറു ദിവസത്തോളം മുറിയില്‍ അടച്ചിട്ട് മര്‍ദ്ദിച്ച കേസില്‍ മുഖ്യ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം. വെസ്റ്റേണ്‍ ഗേറ്റ് വേയ്‌സ് ഉടമ പ്രഭുവിനെതിരെ കേസെടുത്തിട്ട് 10 ദിവസമായിട്ടും പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് വിശദീകരണം. പ്രതിയെ പോലീസ് രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ആദിവാസി പ്രവര്‍ത്തകര്‍ ഇന്ന് മുതലമടയില്‍ പ്രതിഷേധ ധര്‍ണ നടത്തും.
മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിലെ വെള്ളയനാണ് ഫാം സ്റ്റേയില്‍ നിന്ന് മര്‍ദ്ദനമേറ്റത്. തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു വെള്ളയന്‍. ഈ സമയം പ്രദേശത്തെ ഫാം സ്റ്റേയിലെ പറമ്പില്‍ ബിയര്‍ കുപ്പി കിടക്കുന്നത് കണ്ട വെള്ളയന്‍ അതെടുത്ത് കുടിച്ചു. ഇതോടെ ഫാംസ്റ്റേ ഉടമ വെള്ളയനെ മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിട്ട് ആറു ദിവസത്തോളം പട്ടിണിക്കിടുകയുമായിരുന്നു. സംഭവം ഫാംസ്റ്റേയിലെ ഒരു ജീവനക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് മുതലമട പഞ്ചായത്ത് അംഗം കല്പനാദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് വെള്ളയനെ രക്ഷപ്പെടുത്തുകയായിരുന്നു.