Connect with us

International

ക്വറ്റയിൽ കാർ ബോംബ് സ്ഫോടനം; 10 മരണം; 19-ലേറെ പേർക്ക് പരിക്ക്

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

Published

|

Last Updated

ക്വറ്റ (പാക്കിസ്ഥാൻ) | പാക്കിസ്ഥാനിലെ ക്വറ്റയിൽ ഫ്രോണ്ടിയർ കോൺസ്റ്റബുലറി (എഫ് സി) ആസ്ഥാനത്തിന് പുറത്തുള്ള തിരക്കേറിയ തെരുവിൽ ശക്തമായ കാർ ബോംബ് സ്ഫോടനം. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 19-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ബലൂചിസ്ഥാൻ ആരോഗ്യ മന്ത്രി ബഖ്ത് മുഹമ്മദ് കാക്കർ പറഞ്ഞു.

മോഡൽ ടൗൺ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടുകളിലെയും വാണിജ്യ കെട്ടിടങ്ങളിലെയും ജനൽ ചില്ലുകൾ തകർന്നു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ വെടിവയ്പ്പും ഉണ്ടായത് മേഖലയിൽ പരിഭ്രാന്തി വർദ്ധിപ്പിച്ചു. രക്ഷാപ്രവർത്തകരും പോലീസും ഉടൻതന്നെ സംഭവസ്ഥലത്തെത്തി പ്രദേശം വളഞ്ഞു. അന്വേഷണം നടന്നുവരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പരിക്കേറ്റവരെയും മരിച്ചവരെയും ക്വറ്റയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി കാക്കറിൻ്റെയും ആരോഗ്യ സെക്രട്ടറി മുജീബ്-ഉർ-റഹ്മാൻ്റെയും നിർദ്ദേശപ്രകാരം ബി എം സി ആശുപത്രിയിലും ട്രോമാ സെൻ്ററിലും സമാനമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കുകൾ എന്നിവരെ അടിയന്തര ഡ്യൂട്ടിക്ക് നിയോഗിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

സ്ഫോടനത്തിൻ്റെ തീവ്രത വളരെ വലുതായിരുന്നെന്നും മൈലുകൾ അകലെ വരെ ശബ്ദം കേട്ടതായും പ്രദേശവാസികൾ പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Latest