Connect with us

Kerala

നന്നമ്പ്ര ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയം; ലീഗില്‍ മുറുമുറുപ്പ്

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂരിനെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് മണ്ഡലം ലീഗിലും യൂത്ത് ലീഗിലും എതിര്‍പ്പുള്ളത്.

Published

|

Last Updated

തിരൂരങ്ങാടി | ജില്ലാ പഞ്ചായത്തിലേക്കുള്ള നന്നമ്പ്ര ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ലീഗില്‍ മുറുമുറുപ്പ്. പാര്‍ട്ടി നല്‍കിയ പേരുകള്‍ അവസാന നിമിഷം വെട്ടിമാറ്റിയെന്നാണ് ആക്ഷേപം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂരിനെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് മണ്ഡലം ലീഗിലും യൂത്ത് ലീഗിലും എതിര്‍പ്പുള്ളത്. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യു എ റസാഖ്, ജില്ലാ സെക്രട്ടറി ശരീഫ് വടക്കയില്‍, വി ടി സുബൈര്‍ ത ങ്ങള്‍ എന്നിവരുടെ പേരാണ് ഇവിടെ പാര്‍ട്ടി നല്‍കിയിരുന്നത്.

അന്തിമമായി യു എ റസാഖിന്റെ പേരാണ് നിര്‍ദേശിച്ചിരുന്നതത്രെ. എന്നാല്‍ അവസാന നിമിഷമാണ് ഡിവിഷനും മണ്ഡലത്തിനും പുറത്തുനിന്നുള്ളയാളെ പ്രഖ്യാപിച്ചത്. ചില ലോബികളുടെ ചരടുവലിയാണ് അട്ടിമറിച്ചതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കാലങ്ങളായി നന്നമ്പ്ര ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് നന്നമ്പ്ര പഞ്ചായത്തിലുള്ളവരെ പരിഗണിക്കാറില്ലെന്നും ഇവര്‍ പറയുന്നു.

പ്രവര്‍ത്തന മികവ് കൊണ്ടും മറ്റും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അവാര്‍ഡ് ലഭിച്ച മണ്ഡലം കമ്മിറ്റിയാണ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയെന്നും നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി നേടിയെടുത്ത മികവുള്ള കമ്മിറ്റിയുടെ പ്രസിഡന്റാണ് റസാഖെന്നും ഇവര്‍ പറയുന്നു.

ചെമ്മാട് ദാറുല്‍ ഹുദക്കെതിരെ സി പി എം നടത്തിയ സമരത്തില്‍ ദാറുല്‍ ഹുദക്ക് വേണ്ടി അവസരോചിതമായി ഇടപെട്ടുവെന്ന കാരണത്താല്‍ ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂല വിഭാഗവും റസാഖിനെയാണ് നിര്‍ദേശിച്ചിരുന്നത്. സമരങ്ങള്‍ നടത്തി പോലീസില്‍ നിന്ന് തല്ല് കൊള്ളാന്‍ ഒരു കൂട്ടരും തിരഞ്ഞെടുപ്പില്‍ സീറ്റ് മറ്റൊരു കൂട്ടര്‍ക്കും എന്നതാണിപ്പോള്‍ അവസ്ഥയെന്നും ഇവര്‍ പറയുന്നു.

മൂന്ന് തവണ അവസരം ലഭിച്ച പലര്‍ക്കും ഇളവ് നല്‍കിയാണ് ജില്ലാ പഞ്ചായത്തിലേക്ക് വീണ്ടും അവസരം നല്‍കിയിട്ടുള്ളത്. ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രവര്‍ത്തകര്‍ ജില്ലാ നേതാക്കളെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. നന്നമ്പ്രയില്‍ യൂത്ത് ലീഗുകാര്‍ പ്രതിഷേധ പ്രകടനത്തിന് ഒരുങ്ങുകയാണെന്നാണ് അറിവ്.

---- facebook comment plugin here -----

Latest