Connect with us

Athmeeyam

എനിക്കും കൂടി മനസ്സിലാകുന്ന ഭാഷയിൽ പഠിപ്പിക്കാമോ ?

കൊവിഡിന്റെ വ്യാപനം സാരമായി ബാധിച്ച സുപ്രധാന മേഖലകളിലൊന്നാണ് വിദ്യാഭ്യാസ രംഗം. ആകയാൽ ഏറെ ആശങ്കയോടെയാണ് കുട്ടികൾ കലാലയങ്ങളിലെത്തുന്നത്. കുട്ടികള്‍ക്കിടയിലും അധ്യാപകരും കുട്ടികളും തമ്മിലും അപരിചിതത്വവും പഠന വിടവും നന്നായി നിലനിൽക്കുന്നു.

Published

|

Last Updated

ജൂൺ ഒന്നിന് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി നവ സങ്കൽപ്പങ്ങളും പുത്തൻ അനുഭവങ്ങളുമായാണ് അധ്യാപകരും വിദ്യാർഥികളും പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നത്. കൊവിഡിന്റെ വ്യാപനം സാരമായി ബാധിച്ച സുപ്രധാന മേഖലകളിലൊന്നാണ് വിദ്യാഭ്യാസ രംഗം. ആകയാൽ ഏറെ ആശങ്കയോടെയാണ് കുട്ടികൾ കലാലയങ്ങളിലെത്തുന്നത്. കുട്ടികള്‍ക്കിടയിലും അധ്യാപകരും കുട്ടികളും തമ്മിലും അപരിചിതത്വവും പഠന വിടവും നന്നായി നിലനിൽക്കുന്നു.

കൊവിഡ് കാല വിദ്യാഭ്യാസ വിടവ് നികത്തുന്നതിന്റെ ഭാഗമായി കുട്ടികളെ അടുത്തറിയാന്‍ സഹായകമാകുന്ന നിരവധി കർമപദ്ധതികള്‍ സർക്കാറും വിദ്യാഭ്യാസ വകുപ്പും ആസൂത്രണം ചെയ്യുകയും അധ്യാപകരുടെ അവധിക്കാല സംഗമങ്ങളിലൂടെ സംവേദനം നടത്തുകയും ചെയ്യുന്നുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവരെയും മലയോരങ്ങളിലെയും തീരദേശ പ്രദേശങ്ങളിലെയും കുട്ടികളെയും ഭിന്നശേഷിക്കാരെയും ഉൾവലിയുന്നവരെയും ചേർത്തുപിടിക്കുന്ന ഉൾചേർച്ചാ വിദ്യാഭ്യാസവും (Inclusive Education) സംയോജിത പഠനവും (Blended Education) അതിൽ പ്രധാനപ്പെട്ടതാണ്. കുട്ടികളെ അടുത്തറിയാനും അവരുടെ കഴിവുകൾ തിരിച്ചറിയാനും ആവശ്യമായ പ്രചോദനം നൽകാനും അധ്യാപകർക്കും രക്ഷിതാക്കൾക്കും സാധിക്കുമ്പോഴാണ് പുതിയ കാലത്ത് ലക്ഷ്യാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം സാക്ഷാത്കരിക്കപ്പെടുന്നത്.

മനുഷ്യന്റെ ശരീര പ്രകൃതിയിൽ വൈജാത്യമുള്ളതുപോലെ പഠനരീതികളും വ്യത്യസ്തമാണ്. ചിലർ കാര്യങ്ങൾ ഗ്രഹിക്കുന്നത് കേൾവി (Auditory) ശക്തി കൂടുതൽ ആശ്രയിച്ചാണ്. മറ്റു ചിലർ കാഴ്ച (Visual) ശക്തിക്ക് പ്രാമുഖ്യം നൽകുന്നു. വേറെ ചിലർ തൊട്ടറിഞ്ഞുള്ള പഠനത്തിനാണ് (Kinesthetic) താത്പര്യം കാണിക്കുന്നത്.

കുട്ടികളുടെ ബുദ്ധിശക്തി വ്യത്യസ്ത തരത്തിലാണെന്ന് പ്രമുഖ മനഃശാസ്ത്ര ചിന്തകൻ ഹൊവാര്‍ഡ് ഗാര്‍ഡ്‌നർ വിവിധ വ്യക്തികളുടെ മസ്തിഷ്കത്തെ കുറിച്ച് പഠിച്ചതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ തന്റെ “ഫ്രെയിംസ് ഓഫ് മൈൻഡ്’ എന്ന പുസ്തകത്തിൽ സിദ്ധാന്തിക്കുന്നു. അദ്ദേഹം അവതരിപ്പിച്ച ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിൽ (Multiple Intelligence Theory) ഭാഷാപരമായ ബുദ്ധി (Verbal/ Linguistic lntelligence), ദൃശ്യ- സ്ഥലപരമായ ബുദ്ധി (Visual & Spacial lntelligence), ശാരീരിക-ചലനപരമായ ബുദ്ധി (Bodily – Kinesthetic lntelligence), സംഗീതപരമായ ബുദ്ധി (Musical Intelligence), വ്യക്ത്യാന്തര ബുദ്ധി (Interpersonal lntelligence), ആന്തരിക വൈയക്തിക ബുദ്ധി (Intrapersonal lntelligence), പ്രകൃതിപരമായ ബുദ്ധി (Natural lntelligence), അസ്തിത്വപരമായ ബുദ്ധി (Existential lntelligence) എന്നിങ്ങനെ ഒമ്പത് തരമായി ബുദ്ധിശക്തിയെ വിഭജിക്കുന്നു. അതിൽ പ്രഥമമായത് ഭാഷാപരമായ ബുദ്ധിശക്തിയാണ്. അത്തരം ബുദ്ധിയുള്ള കുട്ടികൾ പ്ലേ സ്‌കൂൾ പ്രായത്തിൽ തന്നെ അക്ഷരങ്ങളോടും വിവിധ ഭാഷകളോടും വലിയ താത്പര്യം കാണിക്കുകയും വേഗത്തിൽ സംസാരിക്കുകയും അക്ഷരങ്ങളെയും വാക്കുകളെയും തിരിച്ചറിയുകയും ചെയ്യുന്നു. പുസ്തക വായനയിലും പത്രവായനയിലും വിവരണക്കുറിപ്പുകളെഴുതുന്നതിലും ഭാഷയും സാഹിത്യവും വികസിപ്പിക്കുന്ന വിവിധ പരിപാടികൾ കേൾക്കുന്നതിലും അത്തരക്കാർക്ക് കൂടുതൽ അവസരം കൊടുക്കണം.

ഭാഷാപരമായ കഴിവ് എല്ലാ കുട്ടികള്‍ക്കും ഒരുപോലെയല്ല. യുക്തിചിന്തയിലും ഗണിതത്തിലും കലയിലും അഭിരുചി വ്യത്യാസപ്പെടുന്നു. ഇവ തിരിച്ചറിയാതെയാണ് പലപ്പോഴും അധ്യാപകരും രക്ഷിതാക്കളും കുട്ടികളിൽ അമിതമായി പ്രതീക്ഷ വെക്കുന്നത്. അതുകൊണ്ടാണ് സയൻസിലും ഗണിതത്തിലും താത്പര്യമില്ലാത്ത കുട്ടികളെ നിര്‍ബന്ധിച്ച് ഡോക്ടറും എന്‍ജിനീയറുമൊക്കെയാക്കാൻ ശ്രമിക്കുന്നത്.

ഓരോ കുട്ടിക്കും ഏത് തരത്തിലുള്ള ബുദ്ധിയാണ് കൂടുതലെന്ന് നേരത്തെ തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന അധ്യാപകർക്കും രക്ഷിതാക്കൾക്കുമാണ് കുട്ടികളെ ശരിയായ ലക്ഷ്യത്തിലേക്ക് കൈപ്പിടിച്ചുയർത്താനാകുന്നത്.

കുട്ടികൾ വ്യത്യസ്ത ഗ്രാഹ്യശേഷിയുള്ളവരാണ്. കാര്യങ്ങളെ മനസ്സിലാക്കുന്നത് പല നിലവാരത്തിലായിരിക്കും. വിജ്ഞാന ശാഖ കളിലെ അടിസ്ഥാന വിവരമനുസരിച്ചും വിഷയങ്ങൾ മനസ്സിലാക്കുന്നതിൽ അന്തരമുണ്ടാകും. കാഴ്ചശക്തിയിലും കേൾവി ശക്തിയിലും ഗ്രാഹ്യശക്തിയിലും വൈകല്യമുള്ളവർ ക്ലാസിന്റെ മുൻനിരയിൽ നിന്ന് മധ്യത്തിലേക്കും ക്രമേണ പിൻസീറ്റിലേക്കും ഒടുവിൽ അറിഞ്ഞോ അറിയാതെയോ ക്ലാസ് റൂമിന് പുറത്തേക്കും എടുത്തെറിയപ്പെടാറുണ്ട്. അധ്യാപകന്റെ പെരുമാറ്റവും സംസാര ശൈലിയും ഭാഷാ പ്രയോഗവും അവതരണവും അത്തരക്കാർക്ക് പ്രഹസനമാവുകയും അവർക്കറിയാവുന്ന ഭാഷയിൽ പഠിപ്പിക്കാൻ വേണ്ടി കുറെ കാലം അവരുടെ ശരീര ഭാഷയിൽ അവർ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. പക്ഷേ, അവരുടെ ഭാഷ തിരിച്ചറിയാനാകാത്ത, മനഃശാസ്ത്ര സമീപനമറിയാത്ത അധ്യാപകർ അവരെ മണ്ടനും മന്ദബുദ്ധിയും ക്ലാസിന്റെ അച്ചടക്കവും നിലവാരവും തകർക്കുന്നവനുമാണെന്നും മുദ്രകുത്തി അവരുടെ ഭാവി ഇരുട്ടിലാക്കുകയാണ് ചെയ്യുന്നത്.

ശാസ്ത്രലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച തോമസ് ആല്‍വാ എഡിസന് ചെറുപ്രായത്തിലുണ്ടായ ഇന്‍ഫക്്ഷന്‍ കാരണം കേള്‍വിശക്തി നഷ്ടപ്പെട്ടിരുന്നു. അധ്യാപകരുടെ ബോധന രീതി മനസ്സിലാക്കാൻ കഴിയാത്ത ആ കുട്ടി പഠനത്തിൽ പിന്നിലായപ്പോൾ ക്ലാസ് ടീച്ചർ ഒരു ദിവസം ഒരു കത്തുമായി വീട്ടിലേക്ക് തിരിച്ചയച്ചു. കത്ത് അമ്മയുടെ കൈയില്‍ തന്നെ എല്‍പ്പിക്കണമെന്ന് ടീച്ചര്‍ പ്രത്യേകം പറഞ്ഞിരുന്നു. കത്ത് കിട്ടിയ അമ്മ പൊട്ടിക്കരയുകയും അവൻ കേള്‍ക്കത്തക്കവിധത്തിൽ കത്ത് ഉറക്കെ വായിക്കുകയും ചെയ്തു. “നിങ്ങളുടെ മകന്‍ ഒരു പ്രതിഭയാണ്. ഈ സ്‌കൂള്‍ അവനെ പഠിപ്പിക്കാന്‍ പര്യാപ്തമല്ല. അവനെ പരിശീലിപ്പിക്കാന്‍ പറ്റിയ നല്ല അധ്യാപകരും ഇവിടെയില്ല. ദയവായി നിങ്ങള്‍തന്നെ അവനെ പഠിപ്പിക്കുക’. പിന്നീട് അവന്റെ അമ്മ നല്ല അധ്യാപികയും വീട് ഉത്തമ വിദ്യാലയവുമായി മാറി. അമ്മയുടെ പ്രചോദനത്തിൽ വളർന്ന എഡിസൻ ഇലക്ട്രിക് ബള്‍ബ്, മോഷന്‍ പിക്ചര്‍ ക്യാമറ എന്നിങ്ങനെ നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തുകയും പ്രമുഖനായി മാറുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം ഒരിക്കല്‍ വീട്ടിലെ പഴയ സാധനങ്ങളുടെ തിരച്ചിലിനിടയില്‍ ഒരു കടലാസ് എഡിസന്റെ ശ്രദ്ധയിൽപ്പെട്ടു. അത് ആ പഴയ കത്തായിരുന്നു. കത്തിലെ അധ്യാപകന്റെ വരികൾ ഇങ്ങനെയായിരുന്നു: “നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത കുട്ടിയാണ്. ഇനി മുതല്‍ അവന്‍ സ്‌കൂളില്‍ വരേണ്ടതില്ല’. കത്ത് വായിച്ച എഡിസൻ മണിക്കൂറുകളോളം കരഞ്ഞു. അങ്ങനെ അദ്ദേഹം തന്റെ ഡയറിയില്‍ എഴുതി. “ഹീേറാ ആയ ഒരമ്മ കാരണം നൂറ്റാണ്ടിന്റെ ജീനിയസായ ബുദ്ധിയില്ലാത്ത കുട്ടിയാണ് തോമസ് ആല്‍വാ എഡിസൻ’.

പഠിതാക്കളുടെ അവസ്ഥകളെ നിരന്തരം നിരീക്ഷിക്കുകയും അവരുടെ നൈപുണികളെ തിരിച്ചറിയുകയും മികവുകളെ പരിപോഷിപ്പിക്കുകയും പോരായ്മകളെ പരിഹരിക്കുകയും ചെയ്യുന്നവരാണ് മാതൃകാ അധ്യാപകർ. അവർക്കാണ് ചരിത്രം തിരുത്തിയ എഡിസന്മാരെ സംഭാവന ചെയ്യാൻ സാധിക്കുന്നത്.