Connect with us

Kerala

മുനമ്പത്തേത് വഖ്ഫ് ഭൂമി അല്ലെന്ന് കണ്ടെത്താനാകുമോ; സര്‍ക്കാറിനോട് ഹൈക്കോടതി

കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ കൈയിലുള്ള രേഖകളുടെ നിയമസാധുതയെന്ത്; ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് നിയമപരമായി അധികാരമുണ്ടെന്നും കോടതി

Published

|

Last Updated

കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് ചോദ്യശരങ്ങളുമായി ഹൈക്കോടതി. മുനമ്പത്തേത് വഖഫ് വസ്തുവകയല്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്താനാകുമോയെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചു.

കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ കൈയിലുള്ള രേഖകളുടെ നിയമസാധുതയെന്തെന്ന് ആരാഞ്ഞ കോടതി ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കമ്മീഷനെ നിയോഗിക്കാനാകുമോയെന്നും ചോദിച്ചു. ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായരുന്നു ഹൈക്കോടതി.

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് നിയമപരമായി അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മുനമ്പത്തെ വഖ്ഫ് വസ്തുവക സര്‍ക്കാറിന് ഏറ്റെടുക്കാനാകുമെന്ന് സംസ്ഥാന സര്‍ക്കാറും ഹൈക്കോടതിയില്‍ പറഞ്ഞു.

മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമി ഉടമസ്ഥതക്ക് മതിയായ രേഖകളുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. നിയമപരമായ രേഖകളുള്ളവരുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കൈയേറ്റക്കാരെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമമെന്ന് വഖ്ഫ് സംരക്ഷണ വേദി കോടതിയില്‍ വാദിച്ചു. ഭൂമിയുടെ അവകാശത്തില്‍ വഖ്ഫ് ട്രൈബ്യൂണല്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്മേല്‍ കമ്മീഷനെ അന്വേഷണത്തിന് നിയോഗിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് ഹരജിക്കാര്‍ പറഞ്ഞു.

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് എന്തധികാരമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നപ്പോഴായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ധ ജുഡീഷ്യല്‍ അധികാരമോ ഇല്ലെന്നും വസ്തുതാ അന്വേഷണമാണ് കമ്മീഷന്‍ മുനമ്പത്ത് നടത്തുന്നതുമായിരുന്നു സര്‍ക്കാറിന്റെ നിലപാട്.

---- facebook comment plugin here -----

Latest