Connect with us

caa

സി എ എ: ന്യായാസനം ദൗത്യം മറക്കരുത്‌

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത പലരും ഇപ്പോഴും ജയിലിലാണ്. ഭരണഘടനാവിരുദ്ധമായ ഈ നിയമത്തിനെതിരായ ജനവികാരം ഇപ്പോഴും രാജ്യത്ത് അലയടിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ കേസില്‍ ന്യായമായ ഒരു വിധിയുണ്ടാകണമെന്നാണ് ജനാധിപത്യ വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. മതേതര ഭരണഘടനയെ സംരക്ഷിക്കാന്‍ കടമയുള്ള പരമോന്നത കോടതി ചരിത്രപരമായ അതിന്റെ ദൗത്യം നിശ്ചയമായും നിര്‍വഹിക്കുമെന്ന് തന്നെ നമുക്ക് കരുതാം.

Published

|

Last Updated

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വിവാദപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭമാണ് നടന്നത്. വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സാധാരണക്കാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ബഹുജന സംഘടനകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗവും ഇതിനെതിരെ സമര രംഗത്തുണ്ടായിരുന്നു. ഇന്ത്യയിലെ ഓരോ പ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിനു പേരെ രാജ്യമില്ലാത്തവരും പൗരത്വമില്ലാത്തവരുമായി മാറ്റുന്ന ഏറ്റവും ഹീനമായ ഈ കരിനിയമത്തിനെതിരെ ജീവന്‍മരണ പോരാട്ടമാണ് എങ്ങും നടന്നത്.

സംഘ്പരിവാറിന്റെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിയമ നിര്‍മാണമായിരുന്നുവല്ലോ അത്. അതുകൊണ്ടാണ് ഈ നിയമം ഭരണഘടനയെ മാനിക്കാത്തതും ഭൂരിപക്ഷ ജനങ്ങളും അംഗീകരിക്കാത്തതുമാകുന്നത്. ഒരു ഡസന് പുറത്ത് സംസ്ഥാന സര്‍ക്കാറുകള്‍ ഈ നിയമം നടപ്പാക്കില്ലെന്ന അസാധാരണ നിലപാട് സ്വീകരിക്കാനും കാരണം ഈ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നുള്ളതാണ്.

ഭരണഘടനയുടെ ഭാഗം രണ്ടില്‍ അനുഛേദം 5 മുതല്‍ 11 വരെ പൗരത്വത്തെ സംബന്ധിച്ചാണ് പറയുന്നത്. പൗരത്വത്തിന്റെ മാനദണ്ഡങ്ങള്‍- ഇന്ത്യയുടെ ഭൂപ്രദേശത്തെ ജനനം, മാതാപിതാക്കളുടെ ജനനം, താമസം എന്നിങ്ങനെ പറയുന്നതില്‍ ഒരിക്കലും പൗരത്വം അനുവദിക്കുന്നതിനോ നിഷേധിക്കുന്നതിനോ മതം ഒരു മാനദണ്ഡമായി കണക്കാക്കുന്നതേയില്ല. ഈ ഭരണഘടനാ വ്യവസ്ഥ അനുസരിച്ച് 1955ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ പൗരത്വ നിയമത്തിലും മതം ഒരു മാനദണ്ഡമേയല്ല. പക്ഷേ, മോദി-അമിത് ഷാ താത്പര്യപ്രകാരം മതം പൗരത്വത്തിന്റെ മാനദണ്ഡമായിരിക്കുന്നു. മതം പൗരത്വം അനുവദിക്കാനും അനുവദിക്കാതിരിക്കാനുമുള്ള കാരണമാകുന്നു. ഒരു മതനിരപേക്ഷ രാഷ്ട്രത്തില്‍ മതം പൗരത്വത്തിന്റെ മാനദണ്ഡമാകുന്നുവെന്നാല്‍ അത് മതരാഷ്ട്രമായി മാറുന്നു എന്നാണ് അര്‍ഥം. അതായത് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് മതരാഷ്ട്രത്തിന്റെ-ഹിന്ദുരാഷ്ട്രത്തിന്റെ-തറക്കല്ലിടലാണ്. മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണെന്ന് സുപ്രീം കോടതി തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്തുന്ന ഭേദഗതിയോ ഭരണഘടനാ തത്ത്വങ്ങള്‍ക്ക് നിരക്കാത്ത നിയമനിര്‍മാണമോ പാടില്ലെന്ന് കേശവാനന്ദ ഭാരതി കേസ് മുതല്‍ അനേകം വിധികളിലൂടെ സുപ്രീം കോടതി പല ഘട്ടങ്ങളില്‍ വ്യക്തമാക്കിയതാണ്. മതം പൗരത്വത്തിന്റെ മാനദണ്ഡമാക്കുന്ന ഈ നിയമം മതനിരപേക്ഷത എന്ന ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ഹനിക്കുന്നതാണ് എന്ന കാര്യം സംശയാതീതമാണ്. മാത്രമല്ല, നിയമത്തിന്റെ മുന്നില്‍ എല്ലാ വ്യക്തികള്‍ക്കും (പൗരന്‍മാര്‍ക്ക് മാത്രമല്ല) തുല്യതയും തുല്യമായ പരിരക്ഷയും ഉറപ്പ് നല്‍കുന്ന അനുഛേദം 14നും ജാതി, മതം, ലിംഗഭേദം, ജനിച്ച സ്ഥലം എന്നിവയുടെ പേരില്‍ വിവേചനം അരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന അനുഛേദം 15നും എതിരാണ്.

പൗരത്വ ഭേദഗതി ബില്ല് പാര്‍ലിമെന്റ് പാസ്സാക്കിയത് 2019 ഡിസംബര്‍ പതിനൊന്നിനാണ്. ഭേദഗതികളെ എതിര്‍ത്തുകൊണ്ട് 220 ഹരജികളാണ് സുപ്രീം കോടതിയില്‍ എത്തിയിട്ടുള്ളത്. ഒരേ വിഷയത്തില്‍ ഇത്രയും കൂടുതല്‍ ഹരജികള്‍ വിരളമായാണ് പരമോന്നത കോടതിയില്‍ എത്തുന്നത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഈ ഹരജികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ് എ ബോബ്‌ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്താണ് ഈ ഹരജികള്‍ ഫയല്‍ ചെയ്തത്. എന്നാല്‍ അദ്ദേഹം അത് പരിഗണനക്കെടുത്തില്ല. പിന്നീട് വന്ന ചീഫ് ജസ്റ്റിസ് എന്‍ വി രമണയും ഈ ഹരജികളില്‍ വാദം കേട്ടില്ല.

2019ല്‍ ഫയല്‍ ചെയ്ത സി എ എക്ക് എതിരായ പെറ്റീഷനുകളെ സംബന്ധിച്ച് സുപ്രീം കോടതി 2019 ഡിസംബര്‍ 18ന് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ഈ പെറ്റീഷനുകളെ സംബന്ധിച്ച് കാര്യമായ യാതൊരു നടപടിയും പരമോന്നത കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. 2021 ജൂണ്‍ 15നാണ് അവസാനമായി സുപ്രീം കോടതി ഇത് പരിഗണനക്കെടുത്തത്. എന്നാല്‍ ഹിയറിംഗും നടപടികളും ഒന്നും ഉണ്ടായില്ല. ഭരണഘടനാവിരുദ്ധമായ ഈ നിയമത്തിനെതിരായി സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ ഏറ്റവും ഒടുവില്‍ സുപ്രീം കോടതി പരിഗണനക്കെടുത്തിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് ഈ കേസുകള്‍ കേള്‍ക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് കേരളം അടക്കമുള്ള ചില സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കിയ ഹരജികളില്‍ മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അസാം, ത്രിപുര എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പൗരത്വ ഭേദഗതി ഹരജികളില്‍ അതാത് സംസ്ഥാനങ്ങള്‍ മറുപടി നല്‍കണം.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 220 ഹരജികളുള്ള സാഹചര്യത്തില്‍ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനായി കൃത്യമായ ഷെഡ്യൂള്‍ തയ്യാറാക്കേണ്ടതുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. കേസില്‍ രണ്ട് വ്യത്യസ്ത വിഷയം ഉയരുന്നുണ്ട്. കൃത്യമായ തരംതിരിക്കല്‍ വേണമെന്ന് സിബല്‍ പറയുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും സിബലിനോട് യോജിച്ചു. കോടതിയുടെ എളുപ്പത്തിനായി വിഷയങ്ങള്‍ കൃത്യമായി വേര്‍തിരിക്കാമെന്നും സമാന സ്വഭാവമുള്ള ഹരജികള്‍ ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാട്ടാമെന്നും മേത്ത അറിയിച്ചു. ഇതോടെ ഹരജികള്‍ തരംതിരിച്ച് പൂര്‍ണമായ പട്ടിക തയ്യാറാക്കാന്‍ സോളിസിറ്റന്‍ ജനറലിന്റെ ഓഫീസിനെ കോടതി ചുമതലപ്പെടുത്തി. കേന്ദ്രത്തോട് ഹരജികള്‍ക്കുളള മറുപടികള്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. ഈ ഹരജികളെല്ലാം സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഏറ്റവും വലിയ പ്രതിഷേധമാണ് നമ്മുടെ രാജ്യത്തുണ്ടായത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളും യുവാക്കളും സാധാരണക്കാരുമാണ് വിവിധ സംസ്ഥാനങ്ങളില്‍ ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത പലരും ഇപ്പോഴും ജയിലിലാണ്. ഭരണഘടനാവിരുദ്ധമായ ഈ നിയമത്തിനെതിരായ ജനവികാരം ഇപ്പോഴും രാജ്യത്ത് അലയടിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ കേസില്‍ ന്യായമായ ഒരു വിധിയുണ്ടാകണമെന്നാണ് ജനാധിപത്യ വിശ്വാസികള്‍ ആഗ്രഹിക്കുന്നത്.

മതേതര ഭരണഘടനയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാര്‍ തന്നെ അതിനെ വെല്ലുവിളിക്കുകയാണ്. പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയെ തന്നെ താറടിക്കുന്നതും അതിനെ പിച്ചിച്ചീന്തുന്നതുമാണ്. അതുകൊണ്ട് തന്നെ മതേതര ഭരണഘടനയെ സംരക്ഷിക്കാന്‍ കടമയുള്ള പരമോന്നത കോടതി ചരിത്രപരമായ അതിന്റെ ദൗത്യം നിശ്ചയമായും നിര്‍വഹിക്കുമെന്ന് തന്നെ നമുക്ക് കരുതാം.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

---- facebook comment plugin here -----

Latest