Ongoing News
പറക്കും ടാക്‌സി: പരീക്ഷണ പറക്കൽ അബൂദബിയിലും വിജയം
2026ന്റെ തുടക്കത്തിൽ നഗരത്തിന് മുകളിലൂടെ പറക്കാൻ ഇവ കൊണ്ടുവരും

അബൂദബി | പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കൽ വിജയമായതായി യു എസ് ആസ്ഥാനമായ ആർച്ചർ ഏവിയേഷനും അബൂദബി ഇൻവെസ്റ്റ്മെന്റ് ഓഫീസും (അഡിയോ)അറിയിച്ചു. അൽ ബത്തീൻ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തിലായിരുന്നു പറക്കൽ. അടുത്ത വർഷം ആദ്യം വാണിജ്യാടിസ്ഥാനത്തിൽ പറക്കും. യു എ ഇയിൽ എയർ ടാക്‌സികളുടെ വാണിജ്യവത്കരണം പ്രാപ്തമാക്കുന്നതിന് നിരവധി നടപടികളുടെ ആദ്യപടിയായിരുന്നു പരീക്ഷണ പറക്കൽ. പൈലറ്റ് പരിശീലനം മുതൽ എം ആർ ഒകൾ വരെ ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.
അൽ ഐനിലെ സൗകര്യത്തോടെ ആർച്ചർ ഏവിയേഷനുമായി ചേർന്ന് ടാലന്റ് ഡെവലപ്മെന്റ് മുതൽ നിർമാണം വരെ നടത്തുന്നുവെന്ന് “അബൂദബി ഇൻവെസ്റ്റ്മെന്റ്ഓഫീസിലെ ഓട്ടോണമസ് മൊബിലിറ്റി ആൻഡ് റോബോട്ടിക്സ് മേധാവി ഉംറാൻ മാലിക് പറഞ്ഞു. പാഠ്യപദ്ധതികളോ ഹ്രസ്വ ഡിപ്ലോമകളോ വികസിപ്പിക്കുന്നതിന് ഞങ്ങൾ സർവകലാശാലകളുമായി സഹകരിക്കും. ഈർപ്പവും പൊടിയും നിറഞ്ഞ സവിശേഷമായ വേനൽക്കാല അന്തരീക്ഷത്തെ ഈ വാഹനം എങ്ങനെ നേരിടുമെന്ന് മനസ്സിലാക്കാൻ പരീക്ഷണ ഘട്ടം വേനൽക്കാലത്തും തുടരും. 2026ന്റെ തുടക്കത്തിൽ നഗരത്തിന് മുകളിലൂടെ പറക്കാൻ ഈ വിമാനം കൊണ്ടുവരും. തുടർന്ന് വാണിജ്യ ഘട്ടത്തിലേക്ക് എത്തിക്കും.
ജോബി ഏവിയേഷൻ ദുബൈയിൽ നടത്തിയ സമാനമായ വിജയകരമായ പരീക്ഷണ വിക്ഷേപണത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് അബൂദബിയുടെ പരീക്ഷണ പറക്കൽ. ആർച്ചറിന്റെ പറക്കും ടാക്‌സികളുടെ നിർമാണം 2027ൽ അൽ ഐനിൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---- facebook comment plugin here -----