Connect with us

National

ഉപ തിരഞ്ഞെടുപ്പ്: ബിഹാറിലെ മൊകാമയില്‍ വെന്നിക്കൊടി പാറിച്ച് വീണ്ടും ആര്‍ ജെ ഡി

ആര്‍ ജെ ഡി സ്ഥാനാര്‍ഥി നീലംദേവിയാണ് ബി ജെ പി സ്ഥാനാര്‍ഥി സോനം ദേവിയെ പരാജയപ്പെടുത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടന്ന ബിഹാറിലെ മൊകാമ മണ്ഡലത്തില്‍ വിജയിച്ച് ആര്‍ ജെ ഡി. പാര്‍ട്ടി സ്ഥാനാര്‍ഥി നീലംദേവിയാണ് ബി ജെ പി സ്ഥാനാര്‍ഥി സോനം ദേവിയെ പരാജയപ്പെടുത്തിയത്. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആയുധം കൈവശം വച്ച കേസില്‍ നീലം ദേവിയുടെ ഭര്‍ത്താവ് കൂടിയായ സ്ഥലം എം എല്‍ എ. ആനന്ദ് സിംഗിനെ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപ തിരഞ്ഞെടുപ്പ് നടത്തിയത്. ആനന്ദ് സിംഗിന്റെ ഭാര്യയെ തന്നെ സ്ഥാനാര്‍ഥിയാക്കിയാണ് ആര്‍ ജെ ഡി ഇതിനോട് പ്രതികരിച്ചത്. 2005 മുതല്‍ ജെ ഡി യു ടിക്കറ്റില്‍ മത്സരിച്ച് രണ്ടു തവണ മണ്ഡലത്തില്‍ നിന്ന് ജയിച്ചയാളാണ് ആനന്ദ് സിംഗ്.

മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റില്‍ ഉദ്ധവ് താക്കറെ പക്ഷം വിജയത്തിലേക്ക് നീങ്ങുകയാണ്. ശിവസേന വിഘടിച്ച് ഒരു വിഭാഗം ബി ജെ പിക്കൊപ്പം ഭരിക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗിക വിഭാഗമായ ശിവസേന ഉദ്ധവ് ബാല്‍ താക്കറെയുടെ അഭിമാന പോരാട്ടം കൊണ്ട് ശ്രദ്ധേയമാണ് ഈ മണ്ഡലം. ശിവസേനയില്‍ നിന്ന് ഏക്നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള എം എല്‍ എമാരെ കൂറുമാറ്റി സംസ്ഥാന ഭരണം ബി ജെ പി ഏറ്റെടുത്ത ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്.

ആറ് സംസ്ഥാനങ്ങളിലായുള്ള ഏഴ് മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മുനുഗോഡ്, ബിഹാറിലെ മൊകാമ, ഹരിയാനയിലെ ആംപൂര്‍, ഒഡിഷയിലെ ധാംനഗര്‍, ഉത്തര്‍ പ്രദേശിലെ ഗോല ഗോകര്‍നാഥ്, ഗോപാല്‍ഗഞ്ച് എന്നീ മണ്ഡലങ്ങളിലെ ജനഹിതമാണ് അറിയാനിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്.