National
ശരീരത്തില്‍ പൊള്ളലിന്റെയും മര്‍ദനത്തിന്റെയും പാട്; 16കാരിയെ ഉപദ്രവിച്ച സൈനികനും ഭാര്യയും അറസ്റ്റില്‍
ഭക്ഷണം ആവശ്യപ്പെടുമ്പോള്‍ ചവറ്റുകുട്ടയില്‍ നിന്ന് കഴിക്കാന്‍ പറയാറാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

പാലംപുര്‍| പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച സൈനികനും ഭാര്യയും അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ പാലംപുരിലാണ് സംഭവം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകളുണ്ട്. മൂക്കിന് പൊട്ടലും നാവില്‍ ആഴത്തിലുള്ള മുറിവുകളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. അസമിലെ ദിമ ഹസാവോ ജില്ലയില്‍ നിന്നുള്ള മേജര്‍ ശൈലേന്ദ്ര യാദവും ഭാര്യ കിമ്മി റാല്‍സണുമാണ് അറസ്റ്റിലായത്.
പതിനാറുകാരിയെ ദമ്പതികള്‍ ആറുമാസത്തോളം പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്നാണ് പരാതി. ഭക്ഷണം ആവശ്യപ്പെടുമ്പോള്‍ ചവറ്റുകുട്ടയില്‍ നിന്ന് കഴിക്കാന്‍ പറയാറാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ പെണ്‍കുട്ടിയെ കൂടുതല്‍ സമയവും നഗ്‌നയാക്കി നിര്‍ത്തിയതായും ആരോപണമുണ്ട്. നഗ്‌നയാക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ശരീരത്തില്‍ നിന്ന് രക്തം വരുന്നതുവരെ മര്‍ദനം തുടരും. സ്വന്തം രക്തം നക്കാന്‍ പോലും ദമ്പതികള്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും പെണ്‍കുട്ടി ആരോപിച്ചു.
അതേസമയം പെണ്‍കുട്ടി കോണിപ്പടിയില്‍ നിന്ന് വീണാണ് പരിക്കേറ്റതെന്നാണ് ദമ്പതികള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് ഞായറാഴ്ചയാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ദിമ ഹസാവോ എസ്പി മായങ്ക് കുമാര്‍ പറഞ്ഞു. ബേബി സിറ്റിംഗിനായാണ് ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ റാങ്കിലുള്ള പ്രതി പെണ്‍കുട്ടിയെ ഹിമാചല്‍ പ്രദേശിലെ പാലംപുരിലേക്ക് കൊണ്ടുവന്നത്. ഇവിടെ വെച്ചാണ് പെണ്‍കുട്ടി മാസങ്ങളോളം പീഡനത്തിന് ഇരയായത്.
ദമ്പതികള്‍ക്കൊപ്പം ആസാമിലേക്ക് മടങ്ങിയെത്തിയ പെണ്‍കുട്ടി കുടുംബത്തോട് ദുരനുഭവം പങ്കുവെക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മേജറിനും ഭാര്യക്കും എതിരെ തെളിവുകള്‍ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റുചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. പെണ്‍കുട്ടിക്ക് വൈദ്യചികിത്സ ഉള്‍പ്പെടെ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.