Connect with us

Business

മികച്ച നേട്ടവുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് വാര്‍ഷിക സാമ്പത്തിക ഫലം; വരുമാനത്തില്‍ 16 ശതമാനം, അറ്റാദായത്തില്‍ 52.4 ശതമാനം വര്‍ധന

രോഗികളുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. ദുബൈയില്‍ ആശുപത്രിയും അല്‍ ഐന്‍, അല്‍ ദഫ്ര മേഖലകളില്‍ ഡേ സര്‍ജറി സെന്ററുകളും അബൂദബിയില്‍ ഒരു മെഡിക്കല്‍ സെന്ററും പുതുതായി തുറക്കും.

Published

|

Last Updated

 

അബൂദബി | അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (എ സി എക്സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന മിഡില്‍ ഈസ്റ്റിലെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് മികച്ച വളര്‍ച്ച രേഖപ്പെടുത്തി വാര്‍ഷിക സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 31ന് അവസാനിച്ച 12 മാസ കാലയളവിലെ സാമ്പത്തിക ഫലങ്ങളില്‍ ഗ്രൂപ്പിന്റെ വരുമാനം 15.6 ശതമാനം വര്‍ധിച്ച് 4.5 ബില്യണ്‍ ദിര്‍ഹമായി. അറ്റാദായം 52.4 ശതമാനം ഉയര്‍ന്ന് 540 മില്യണ്‍ ദിര്‍ഹത്തിലെത്തി.

വളര്‍ച്ചാ ആസ്തികളുടെ വര്‍ധന വ്യക്തമാക്കി ഇ ബി ഐ ടി ഡി എ (EBITDA) 1.0 ബില്യണ്‍ ദിര്‍ഹത്തിലെത്തി (17.7 ശതമാനം വര്‍ധന). മികച്ച സേവനങ്ങളുടെ ഭാഗമായി ഇന്‍പേഷ്യന്റ്, ഔട്ട്‌പേഷ്യന്റ് എണ്ണം യഥാക്രമം 17.5 ശതമാനം , 8.3 ശതമാനം വര്‍ധിച്ചപ്പോള്‍ രോഗികളുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ പ്രധാന ആസ്തിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി മികച്ച സാമ്പത്തിക വളര്‍ച്ചയാണ് ഈ കാലയളവില്‍ കൈവരിച്ചത്.

ഡോ. ഷംഷീര്‍ വയലില്‍ സ്ഥാപകനും ചെയര്‍മാനുമായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് വളര്‍ച്ചാ ആസ്തികള്‍ വര്‍ധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും സങ്കീര്‍ണ പരിചരണ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് വളര്‍ച്ചയ്ക്ക് അടിത്തറ പാകിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍, ദുബൈയില്‍ ഒരു ആശുപത്രിയും അല്‍ ഐന്‍, അല്‍ ദഫ്ര മേഖലകളില്‍ ഡേ സര്‍ജറി സെന്ററുകളും അബൂദബിയില്‍ ഒരു മെഡിക്കല്‍ സെന്ററും തുറക്കാനാണ് ബുര്‍ജീലിന്റെ പദ്ധതി.

സഊദി അറേബ്യയില്‍ ആരംഭിച്ച ഫിസിയോതെറാബിയ പുനരധിവാസ ശൃംഖലയിലൂടെ ബുര്‍ജീല്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നത് തുടരുകയാണ്. നിലവില്‍ എട്ടു കേന്ദ്രങ്ങളുള്ള ഫിസിയോതെറാബിയ 2025 അവസാനത്തോടെ 60 കേന്ദ്രങ്ങളാക്കാനാണ് നീക്കം. റിയാദില്‍ രണ്ട് പ്രത്യേക ഡേ സര്‍ജറി സെന്ററുകള്‍ ആരംഭിക്കുന്നതും അടുത്ത രണ്ടു വര്‍ഷത്തെ സഊദി പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

അര്‍ബുദ രോഗ പരിചരണം, ട്രാന്‍സ്പ്ലാന്റ്, ഫീറ്റല്‍ മെഡിസിന്‍, ന്യൂറോ സയന്‍സ്, സ്‌പോര്‍ട്‌സ് മെഡിസിന്‍, റീഹാബിലിറ്റേഷന്‍ തുടങ്ങിയ മേഖലകളില്‍ സങ്കീര്‍ണ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലുള്ള പരിഗണ തുടരുമെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ ശ്രദ്ധേയമായ പുരോഗതിയുടെ മറ്റൊരു വര്‍ഷമാണ് 2023 എന്നും നൂതന സാങ്കേതികവിദ്യയിലും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും നിക്ഷേപം തുടരുമെന്നും ഗ്രൂപ്പ് സി ഇ ഒ. ജോണ്‍ സുനില്‍ പറഞ്ഞു.

65 ദശലക്ഷം ദിര്‍ഹം അന്തിമ ലാഭവിഹിതം വിതരണം ചെയ്യാന്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ബോര്‍ഡ് തീരുമാനിച്ചു. 2023-ലെ മുഴുവന്‍ വര്‍ഷത്തേക്കുള്ള മൊത്തം ലാഭവിഹിതം, ഇതിനകം അടച്ച ഇടക്കാല ലാഭവിഹിതത്തോടൊപ്പം 160 ദശലക്ഷം ദിര്‍ഹമാണ്.

 

Latest