Connect with us

Ongoing News

ബൗളിങ് അമരത്ത് ബുംറ; ടെസ്റ്റില്‍ ഒന്നാമന്‍

നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍.

Published

|

Last Updated

ദുബൈ | ക്രിക്കറ്റില്‍ വന്‍ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ബൗളിങ് കുന്തമുന ജസ്പ്രിത് ബുംറ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ സി സി) ടെസ്റ്റ് റാങ്കിങില്‍ ബുംറ ഒന്നാമതെത്തി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ബുംറ.

881 പോയിന്റ് നേടിയാണ് ബുംറ നേട്ടം കൊയ്തത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പോയിന്റ് നേട്ടം കൂടിയാണിത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം അങ്കത്തില്‍ രണ്ടിന്നിംഗ്‌സിലുമായി 91 റണ്‍സ് മാത്രം വഴങ്ങി ഒമ്പത് വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് ബുംറ ചരിത്ര നേട്ടത്തിലേക്കുയര്‍ന്നത്. കളിയിലെ താരമായും ബുംറ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 106 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പരയില്‍ ഒപ്പമെത്താനും ഇന്ത്യക്ക് സാധിച്ചിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയാണ് രണ്ടാം സ്ഥാനം (851 പോയിന്റ്) കരസ്ഥമാക്കിയത്. 841 പോയിന്റുമായി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ആണ് മൂന്നാമത്. ആസ്‌ത്രേലിയന്‍ താരങ്ങളായ യഥാക്രമം പാറ്റ് കമ്മിന്‍സ് (828), ജോഷ് ഹേസല്‍വുഡ് (818) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.

Latest