Health
ധൈര്യമായി പടികൾ കയറിക്കോളൂ; ആരോഗ്യഗുണങ്ങൾ ഏറെ
ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം തുടങ്ങിയ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിൽ പടികൾ കയറുന്നത് ഫലപ്രദമാണ്.

പതിവായി പടികൾ കയറുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്ന് നമുക്കറിയാം. ഇത് പ്രമേഹ സാധ്യതയും കുറയ്ക്കുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ സ്റ്റാമിനയും വർദ്ധിപ്പിക്കുന്നു. ദിവസവും മൂന്നു മുതൽ ആറുവരെ പടികൾ കയറുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം തുടങ്ങിയ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിൽ പടികൾ കയറുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരന്ന പ്രതലത്തിൽ നടക്കുന്നതിനേക്കാൾ കൂടുതൽ കലോറി കത്തിച്ചു കളഞ്ഞ് ശരീരഭാരം കുറയ്ക്കാൻ പടികൾ കയറുന്നത് സഹായിക്കും.
പേശികളും വലിയ സന്ധികളും വലിഞ്ഞു മുറുകുമ്പോൾ ഈ പ്രവർത്തനം അസ്ഥികളുടെ കരുത്തിനെ ഉത്തേജിപ്പിക്കും എന്ന് പഠനങ്ങൾ കാണിക്കുന്നു. ഇത് ശരീരപ്രതിരോധം വർദ്ധിപ്പിക്കുകയും അതുവഴി രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുകയും ജോലിയിലെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പടി കയറുക എന്നത് ഒരു ഊർജ്ജസ്വലമായ പ്രവർത്തനമാണ്. ഇത് രക്തക്കുഴലുകളുടെ വഴക്കം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
പടി കയറുന്നത് നല്ല കൊളസ്ട്രോൾ വർധിപ്പിച്ച് ട്രൈ ഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിലൂടെ ലിപ്പോ പ്രോട്ടീൻ പ്രൊഫൈലുകൾ മെച്ചപ്പെടുത്തുകയും ചെയ്യും. അപ്പോൾ രാവിലെ എഴുന്നേറ്റ് നടക്കണോ അതോ പടി കയറണോ എന്നുള്ളത് സംശയമേ വേണ്ട പടി കയറാൻ ഒരുങ്ങിക്കോളു.