Connect with us

Prathivaram

ഇരുണ്ട മണ്ണിൽ ബുക്കർ തിളക്കം

ഇരുണ്ട വൻകരയെ ഏറെക്കാലം ഗ്രസിച്ച വർണവിവേചനം സൃഷ്ടിച്ച സാമൂഹിക അസമത്വങ്ങളുടെ പൊള്ളുന്ന ചിത്രങ്ങൾ ഗാൽഗുത്തിന്റെ രചനകളിൽ സമൃദ്ധമായി കാണാം. കുടുംബകഥകൾ ആവിഷ്‌കരിക്കുമ്പോഴും അവയിലെല്ലാം തീക്ഷ്ണമായ രാഷ്ട്രീയ സാമൂഹിക അംശങ്ങൾ തിളച്ചുമറിയുന്നതും ഇക്കാരണം കൊണ്ടുതന്നെ.

Published

|

Last Updated

നൊബേൽ സമ്മാനത്തിനു പിന്നാലെ ഈ വർഷത്തെ ബുക്കർ പുരസ്‌കാരവും ആഫ്രിക്കയെ തേടിയെത്തിയിരിക്കുന്നു. പുരസ്‌കാര ജേതാവായ ദമൻ ഗാൽഗുത്ത് (Damon Galgut) ദക്ഷിണാഫ്രിക്കയിലെ പ്രശസ്തനായ നാടകകൃത്തും കഥാകൃത്തും നോവലിസ്റ്റുമാണ്. രണ്ട് തവണ ബുക്കറിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ എഴുത്തുകാരനാണ് അദ്ദേഹം. 2021 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച “The Promise’ എന്ന നോവലിനെ മുൻനിർത്തിക്കൊണ്ടാണ് ബുക്കർ സമിതി ഗാൽഗുത്തിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ആഫ്രിക്കയുടെ മണ്ണിൽ നിന്നും ജെ എം കൂറ്റ്‌സേയ്ക്കും നദീൻ ഗോഡിമറിനും ശേഷം ഈ പുരസ്‌കാരം നേടുന്ന എഴുത്തുകാരനാണ് ദമൻ ഗാൽഗുത്ത്.

1963ൽ പ്രിട്ടോറിയയിലാണ് ദമൻ ഗാൽഗുത്ത് ജനിച്ചത്. ജൂതവംശജനായിരുന്നു പിതാവ്. ആറാം വയസ്സിൽ രക്താർബുദ ബാധിതനായി രോഗശയ്യയിൽ കിടക്കുമ്പോൾ കുടുംബാംഗങ്ങൾ കഥകൾ വായിച്ചുതന്നതും അത് അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാൻ തനിക്ക് പ്രചോദനമായതും പിൽക്കാലത്ത് അദ്ദേഹം ഓർമിക്കുന്നുണ്ട്. പതിനേഴാം വയസ്സിൽ ഗാൽഗുത്തിന്റെ ആദ്യ നോവൽ “A Sinless Season’ പ്രസിദ്ധീകരിച്ചു. ദുർഗുണ പരിഹാര പാഠശാലയിൽ എത്തിയ മൂന്ന് കുട്ടിക്കുറ്റവാളികളുടെ ജീവിതകഥ പറയുന്ന ഈ നോവൽ പക്ഷെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് രചിച്ച The Beautiful Screaming of Pigs (1991), The Quarry (1995) എന്നീ നോവലുകളും “Small Circle of Beings’ (1988) എന്ന കഥാ സമാഹാരവും വലിയ വിജയം നേടിയെന്നു പറയാനാകില്ല. എന്നാൽ, 2003 ൽ വെളിച്ചം കണ്ട “The Good Doctor ‘ എന്ന നോവൽ എഴുത്തുകാരന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഒരു ഗ്രാമീണ ആശുപത്രിയിൽ അരങ്ങേറുന്ന സ്വവർഗാനുരാഗത്തിന്റെ വക്കോളമെത്തിയ വിചിത്രവും സംശയാസ്പദവുമായ ഒരു സൗഹൃദത്തിന്റെ കഥ പറയുന്ന നോവലാണിത്. The Imposter (2008), In at Srange Room (2010), Arctic Summer (2014) എന്നിവ ശ്രദ്ധേയമായ പിൽക്കാല കൃതികളാണ്.

ബുക്കർ പുരസ്‌കാരത്തിനർഹമായ “The Promise’ ഗാൽഗുത്തിന്റെ ഒമ്പതാമത്തെ നോവലാണ്. 2021ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ വർണവിവേചനം നിലനിന്ന കാലംമുതലുള്ള ദക്ഷിണാഫ്രിക്കയുടെ നാല് പതിറ്റാണ്ടിന്റെ ചരിത്രഗതികളെ ഒരു മധ്യവർഗ ആഫ്രിക്കൻ കുടുംബത്തിന്റെ ദൈനംദിന ജീവിത ചിത്രങ്ങളുമായാണ് നോവലിസ്റ്റ് കൂട്ടിയിണക്കുന്നത്. തങ്ങളുടെ വീട്ടിൽ ഏറെക്കാലം ജോലിചെയ്ത കറുത്ത വർഗക്കാരിയായ ആശ്രിതക്ക് നൽകിയ വാഗ്ദാനം പാലിക്കാനാകാത്ത കുടുംബത്തിന്റെ നിസ്സഹായത ആഫ്രിക്കൻ സമൂഹത്തെ ഗ്രസിച്ചിരുന്ന വർണ വിവേചനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം വിശകലനം ചെയ്യുന്നു. “നമ്മുടെ ചിന്തകളേയും കാഴ്ചപ്പാടുകളേയും നവീകരിക്കാൻ പ്രേരിപ്പിക്കുന്ന രചന’ എന്നാണ് ബുക്കർ പുരസ്‌കാര നിർണയ സമിതി ഈ നോവലിനെ വിശേഷിപ്പിച്ചത്.

പുതുമകളൊന്നുമില്ലാതെ തികച്ചും സാധാരണമായ രീതിയിലാണ് താൻ ഈ നോവലിന്റെ രചന തുടങ്ങിയതെന്ന് ഒരഭിമുഖത്തിൽ ഗാൽഗുത്ത് വെളിപ്പെടുത്തുന്നുണ്ട്. അതിനിടെ ഒരു സിനിമക്ക് തിരക്കഥ എഴുതാൻ ക്ഷണം ലഭിച്ചപ്പോൾ നോവലെഴുത്ത് കുറച്ചു കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അതിനുശേഷം വീണ്ടും നോവലിലേക്ക് തിരിഞ്ഞപ്പോഴാണ് ആഖ്യാനത്തിന്റെ യാന്ത്രികത അദ്ദേഹത്തിന് അനുഭവപ്പെട്ടത്. അതോടെ അതുവരെ എഴുതിയതെല്ലാം ഉപേക്ഷിച്ച് ഭാഷയിലും ആഖ്യാനത്തിലും ഒരു പുതിയ രീതി പരീക്ഷിച്ചു. അതോടൊപ്പം വില്യം ഫോക്‌നെറും പാട്രിക് വൈറ്റും വിർജീനിയ വൂൾഫും സാമുവൽ ബെക്കെറ്റുമാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാർ എന്നും അവരുടെ സ്വാധീനം തന്റെ എല്ലാ രചനകളിലും പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.

നാല് ദശാബ്ദത്തോളം വർണവിവേചനം കൊടികുത്തിവാണ പ്രിട്ടോറിയ സ്വാസ്ഥ്യപൂർണമായ ജീവിതത്തിന് ഒരു തരത്തിലും അനുയോജ്യമായ ഇടമായിരുന്നില്ല എന്നാണ് ഗാൽഗുത്ത് അഭിപ്രായപ്പെടുന്നത്. തന്റെ രചനകളിലൂടെ ഈയൊരു സത്യമാണ് അദ്ദേഹം ലോകത്തോട് വിളിച്ചുപറയുന്നതും. ഇരുണ്ട വൻകരയെ ഏറെക്കാലം ഗ്രസിച്ച വർണവിവേചനം സൃഷ്ടിച്ച സാമൂഹിക അസമത്വങ്ങളുടെ പൊള്ളുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ സമൃദ്ധമായി കാണാം. കുടുംബകഥകൾ ആവിഷ്‌കരിക്കുമ്പോഴും അവയിലെല്ലാം തീക്ഷ്ണമായ രാഷ്ട്രീയ സാമൂഹിക അംശങ്ങൾ തിളച്ചുമറിയുന്നതും ഇക്കാരണം കൊണ്ടുതന്നെ. ഗാൽഗുത്തിന്റെ നോവലുകൾ അതുകൊണ്ടുതന്നെ ശുഭാന്തങ്ങളെന്നു പറയാനുമാകില്ല. അതിനു കാരണമായി നോവലിസ്റ്റ് പറയുന്നത് ജീവിതം എല്ലായ്‌പോഴും സുഖകരമായൊരു പ്രതിഭാസമല്ല എന്നതാണ്.
എങ്കിലും ജീവിതത്തോടുള്ള എഴുത്തുകാരന്റെ ഉജ്ജ്വലമായ ആഭിമുഖ്യവും അടങ്ങാത്ത അഭിനിവേശവും അദ്ദേഹത്തിന്റെ രചനകൾക്ക് അന്യാദൃശമായൊരു ചാരുത നൽകുന്നു എന്ന വസ്തുത കാണാതിരിക്കാനാകില്ല. ഇരുണ്ട വൻകരയുടെ അക്ഷരഭൂമികയെ പ്രകാശമാനമാക്കുന്നതിൽ അവ വഹിക്കുന്ന പങ്ക് ചെറുതല്ല.

ഡോ. ശരത് മണ്ണൂർ
sarathmannur@gmail.com

---- facebook comment plugin here -----

Latest