National
പാര്‍പ്പിട സമുച്ചയത്തിന് നേരെ വെടിവെപ്പ്; ബോളിവുഡ് നടന്‍ റാഷിദ് ഖാന്‍ അറസ്റ്റില്‍
ശനിയാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ ഓഷിവാര പോലീസ് കെ ആര്‍ കെയെ അറസ്റ്റ് ചെയ്തത്.
മുംബൈ | പാര്‍പ്പിട സമുച്ചയത്തിന് നേരെ വെടിവെപ്പ് നടത്തിയെന്ന കേസില്‍ നടനും സിനിമാ നിരൂപകനുമായ കെ ആര്‍ കെ എന്ന പേരില്‍ അറിയപ്പെടുന്ന കമാല്‍ റാഷിദ് ഖാന്‍ മുംബൈ പോലീസിന്റെ പിടിയിലായി. ശനിയാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ ഓഷിവാര പോലീസ് കെ ആര്‍ കെയെ അറസ്റ്റ് ചെയ്തത്.
തന്റെ ലൈസന്‍സുള്ള തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് കെ ആര്‍ കെ പോലീസിനോട് വിശദീകരിച്ചത്.
ഈ മാസം 18ന് അന്ധേരിയിലെ ഓഷിവാരയിലുള്ള നളന്ദ സൊസൈറ്റി എന്ന കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്.കെട്ടിടത്തിന്റെ രണ്ടാമത്തെയും നാലാമത്തെയും നിലകളില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു ഫ്‌ലാറ്റ് ഒരു തിരക്കഥാകൃത്തിന്റേതും മറ്റൊന്ന് ഒരു മോഡലിന്റേതുമാണ്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സൂചനകളൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകള്‍ കെ ആര്‍ കെയുടെ ബംഗ്ലാവില്‍ നിന്നാണ് വന്നതെന്ന് സ്ഥിരീകരിച്ചത്.
നിലവില്‍ അദ്ദേഹത്തിന്റെ തോക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത , ആംസ് ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.




