Kerala
പാചകത്തൊഴിലാളിയുടെ മൃതദേഹം സഹോദരിയുടെ വീടിന്റെ ടെറസില്‍; ദുരൂഹത, ഒരാള്‍ കസ്റ്റഡിയില്‍
പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെ തുടര്‍ന്നാണ് അന്വേഷണം.

തിരുവനന്തപുരം| കോവളം സ്വദേശിയായ പാചക തൊഴിലാളിയെ സഹോദരിയുടെ വീടിന്റെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോവളം നെടുമം പറമ്പില്‍ വീട്ടില്‍ രാജേന്ദ്രനെ (60) ആണ് നെടുമത്തെ സഹോദരിയുടെ വീടിന്റെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെ തുടര്‍ന്നാണ് അന്വേഷണം. സിറ്റിയിലെ ഒരു ഹോട്ടലിലെ കുക്ക് ആയിരുന്നു രാജേന്ദ്രന്‍.
സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞിരുന്ന രാജേന്ദ്രനെ സെപ്തംബര്‍ 17ന് വീടിന്റെ ടെറസിന് മുകളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടു ദിവസത്തിലേറെ പഴക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കഴുത്തില്‍ പുറമെ നിന്നുള്ള ബലപ്രയോഗം നടന്നിട്ടുണ്ടാകാമെന്ന ഡോക്ടറുടെ സംശയമാണ് തുടര്‍ അന്വേഷണത്തിന് കാരണം.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നു മൊഴിയെടുത്തു. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായതായാണ് വിവരം. കസ്റ്റഡിയിലുള്ളയാളെ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയനാക്കിയതാണ് വിവരം. ബന്ധുകള്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഭാര്യയുമായി വര്‍ഷങ്ങളായി അകന്നു താമസിക്കുകയായിരുന്നു ഇയാള്‍. എന്നാല്‍ മകനെ കാണുമായിരുന്നു.