Connect with us

International

പാകിസ്താനിൽ ഭീകരർ ബോംബ് നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ച വളപ്പിൽ സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 സാധാരണക്കാരും  14 ഭീകരരും ഉൾപ്പെടുന്നു

Published

|

Last Updated

പെഷവാർ | പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ പാക് താലിബാൻ ഭീകരർ ബോംബ് നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന വളപ്പിലുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും ഭീകരരും ഉൾപ്പെടുന്നു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ തിറാ താഴ്‍വാരയിലാണ് സംഭവം. സ്ഫോടനത്തിൽ നിരവധി വീടുകൾ തകർന്നു.

വിമതരും സാധാരണക്കാരും ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ സഫർ ഖാൻ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 സാധാരണക്കാരും  14 ഭീകരരും ഉൾപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. താലിബാൻ കമാൻഡർമാരായ അമൻ ഗുൽ, മസൂദ് ഖാൻ എന്നിവർ ഒളിത്താവളമാക്കിയ കേന്ദ്രമാണ് തകർന്നതെന്നും, ഇത് റോഡരികിലെ ബോംബുകൾ നിർമ്മിക്കുന്ന ഫാക്ടറിയായി ഉപയോഗിച്ചിരുന്നതായും സഫർ ഖാൻ ആരോപിച്ചു.

അഫ്ഗാൻ താലിബാനുമായി സഖ്യത്തിലുള്ള തെഹ്രിക്-ഇ-താലിബാൻ പാകിസ്താൻ (TTP) എന്നറിയപ്പെടുന്ന പാകിസ്താൻ താലിബാനാണ് രാജ്യത്ത് നടക്കുന്ന ഭൂരിഭാഗം ആക്രമണങ്ങൾക്കും പിന്നിൽ. 2021-ൽ അഫ്ഗാൻ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം പാക് താലിബാന്റെ ആക്രമണങ്ങൾക്ക് ശക്തിയേറിയതായി പാകിസ്താൻ സുരക്ഷാ സേന വ്യക്തമാക്കി. നിരവധി പാക് താലിബാൻ നേതാക്കൾക്കും പോരാളികൾക്കും അഫ്ഗാനിസ്താനിൽ അഭയം ലഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

---- facebook comment plugin here -----

Latest