Connect with us

National

കെജരിവാളിൻെറ വസതിക്ക് മുന്നിൽ ബിജെപി തേർവാഴ്ച; വധശ്രമമെന്ന് എഎപി

കെജ്‌രിവാളിന്റെ വസതിയിലേക്ക് ബിജെപി ഗുണ്ടകളെ പോലീസ് ബോധപൂര്‍വം കൊണ്ടുപോയെന്നും വസതിക്ക് മുന്നിലെ സിസിടിവി ക്യാമറകളും തടയണകളും തകര്‍ത്തുവെന്നും സിസോദിയ

Published

|

Last Updated

ന്യൂഡല്‍ഹി | പഞ്ചാബിലെ എഎപിയുടെ വിജയത്തിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വധിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കെജരിവാളിന്റെ ഡല്‍ഹിയിലെ വസതിക്ക് പുറത്ത് ബിജെപി- യുവമോര്‍ച്ച് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം കെജരിവാളിനെ വധിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

കെജ്‌രിവാളിന്റെ വസതിയിലേക്ക് ബിജെപി ഗുണ്ടകളെ പോലീസ് ബോധപൂര്‍വം കൊണ്ടുപോയെന്നും വസതിക്ക് മുന്നിലെ സിസിടിവി ക്യാമറകളും തടയണകളും തകര്‍ത്തുവെന്നും സിസോദിയ പറഞ്ഞു. കെജരിവാളിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായരുന്നു ഈ ആക്രമണങ്ങള്‍. തെരഞ്ഞെടുപ്പില്‍ കെജ്‌രിവാളിനെ തോല്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍, അദ്ദേഹത്തെ കൊല്ലാനാണ് അവര്‍ ആഗ്രഹിക്കുന്നത്. കെജ്‌രിവാളിനെ തൊടാന്‍ ശ്രമിക്കരുതെന്നാണ് ബിജെപിയോട് പറയാനുള്ളത്. അദ്ദേഹത്തെ ഇങ്ങനെ ആക്രമിച്ച് കൊല്ലാന്‍ നിങ്ങള്‍ ഗൂഢാലോചന നടത്തിയാല്‍ ഈ രാജ്യം സഹിക്കില്ലെന്നും സിസോദിയ പറഞ്ഞു.

‘കശ്മീര്‍ ഫയലുകള്‍’ വിഷയത്തില്‍ കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ ഭാരതീയ ജനതാ യുവമോര്‍ച്ച (ബിജെവൈഎം) പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടയില്‍ ബാരിക്കേഡ് തകര്‍ത്ത് ഗേറ്റിന് സമീപമെത്തിയ പ്രവര്‍ത്തകര്‍ കറുത്ത നിറത്തിലുള്ള ഗേറ്റില്‍ ചുവപ്പ് ചായം പൂശി. സിസിടിവികളും കേടുവരുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ ബിജെവൈഎം പ്രവര്‍ത്തകര്‍ ഗേറ്റില്‍ പെയിന്റ് അടിക്കുന്നതും ബഹളമുണ്ടാക്കുന്നതും കാണാം. എഴുപതോളം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.