National
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം; ഹരജി വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും
തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളിൽ അടിയന്തര സ്റ്റേ അനുവദിക്കാനുള്ള ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല

ന്യൂഡൽഹി |തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ് ഐ ആർ) നടപടിക്കെതിരായ ഹരജികൾ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. എസ് ഐ ആർ ചോദ്യം ചെയ്യുന്ന ഹരജികൾ അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബഞ്ചാണ് പരാതിക്കാരുടെ ആവശ്യം പരിശോധിച്ചത്.
കമ്മീഷൻ നടപടികളിൽ അടിയന്തര സ്റ്റേ അനുവദിക്കാനുള്ള ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇതുവരെ നാല് ഹരജികൾ സമർപ്പിച്ചിട്ടുണ്ട്. ആർ ജെ ഡി എം പി മനോജ് ഝാ, അസ്സോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, പി യു സി എൽ, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, ലോക്സഭാ എം പി മഹുവ മൊയ്ത്ര എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ഹരജി നൽകിയത്.