Connect with us

National

ബിഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; തിരഞ്ഞെടുപ്പ് തീയതി അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും

22 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഹാറിൽ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

Published

|

Last Updated

പട്‌ന | ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത ആഴ്ചയോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 22 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഹാറിൽ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിൽ ഉള്ളത്. ഓഗസ്റ്റിൽ ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 3.66 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ട്. എസ്ഐആറിന് മുമ്പുള്ള വോട്ടർപട്ടികയിൽ നിന്ന് 48 ലക്ഷം പേരെ ഒഴിവാക്കിയതായാണ് കണക്കിൽ നിന്ന് വ്യക്തമാകുന്നത്.

2025 ജൂണിലാണ് ബിഹാറിൽ എസ് ഐ ആർ നടപടികൾ ആരംഭിച്ചത്. 7.89 കോടിയിലധികം വോട്ടർമാരോട് ഫോമുകൾ വീണ്ടും പൂരിപ്പിച്ച് നൽകാൻ നിർദേശിച്ചിരുന്നു. തുടർന്ന് കരട് വോട്ടർ പട്ടിക ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കുകയും സെപ്റ്റംബർ ഒന്നുവരെ വ്യക്തികളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും അവകാശവാദങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു. കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരാണുണ്ടായിരുന്നത്. ഏകദേശം 65 ലക്ഷത്തോളം പേരുകൾ ഒഴിവാക്കപ്പെട്ടു. മരണപ്പെട്ടവരോ വിലാസം മാറിയവരോ ആയ വോട്ടർമാരുടെ പേരുകളാണ് നീക്കം ചെയ്തവയിൽ കൂടുതലും എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടത്.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഒക്ടോബർ 4, 5 തീയതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പട്‌ന സന്ദർശിക്കും. അടുത്ത ആഴ്ചയോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ആദ്യഘട്ട വോട്ടെടുപ്പ് ഛഠ് പൂജയ്ക്ക് തൊട്ടുപിന്നാലെ ഒക്ടോബർ അവസാനത്തോടെ നടക്കാനാണ് സാധ്യത. ബിഹാർ തിരഞ്ഞെടുപ്പിനും മറ്റ് ചില സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ 470 നിരീക്ഷകരെയാണ് നിയമിക്കുന്നത്. ഒക്ടോബർ മൂന്നിന് ജനറൽ, പോലീസ്, മറ്റ് നിരീക്ഷകർക്കായി ഒരു പ്രത്യേക യോഗവും പട്‌നയിൽ നടക്കും.

ബിഹാറിലെ 243 അംഗ നിയമസഭയുടെ കാലാവധി നവംബർ 22-നാണ് അവസാനിക്കുന്നത്. സംസ്ഥാനത്ത് ഇതിന് മുൻപ് 2020-ലാണ് മൂന്ന് ഘട്ടങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.

Latest