Editorial
പ്രതിസന്ധികൾക്കിടയിലെ വലിയ സ്വപ്നങ്ങൾ
മികച്ചൊരു ഭാവി കേരളത്തെ വാർത്തെടുക്കുന്നതിനുള്ള മാസ്റ്റർ പ്ലാനാണ് ബജറ്റ്. എന്നാൽ കേന്ദ്രത്തിന്റെ കടമെടുപ്പ് പരിധി നിലനിൽക്കുകയും ജീവനക്കാരുടെ ശമ്പള, പെൻഷൻ വിതരണത്തിനു പോലും പലപ്പോഴും റവന്യു വരുമാനത്തിനപ്പുറം കടമെടുപ്പിനെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ എവിടെ നിന്നു പണം കണ്ടെത്തുമെന്ന ചോദ്യമുണ്ട്.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ജനപ്രിയ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെ അവതരിപ്പിച്ചത്. വിദ്യാർഥികൾ മുതൽ വയോജനങ്ങളെ വരെയും സർക്കാർ ജീവനക്കാർ മുതൽ താഴേത്തട്ടിലുളളവരെയടക്കവും തലോടുന്നുണ്ട് രണ്ടാം പിണറായി സർക്കാറിന്റെ ഈ അവസാനത്തെ ബജറ്റ്. സംസ്ഥാനം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ നീങ്ങുമ്പോഴും കേന്ദ്രത്തിൽ നിന്നുള്ള വിഹിതക്കുറവുകൾ സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുമ്പോഴും തളരാത്ത വികസന സ്വപ്നങ്ങൾ ബജറ്റിൽ തെളിഞ്ഞു കാണുന്നു. വിഴിഞ്ഞം തുറമുഖത്തിന് ആയിരം കോടിയും പി ഡബ്ല്യൂ ഡി റോഡുകൾക്ക് 1,882 കോടിയും പാലം വികസനത്തിനു 1,000 കോടിയും നീക്കിവെച്ചതും റാപ്പിഡ് റെയിൽ പദ്ധതി പ്രഖ്യാപനവും അടിസ്ഥാന വികസന സ്വപ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
വയോജനങ്ങളെയും താഴേത്തട്ടിലുള്ളവരെയും പരിഗണിക്കുന്ന നിലപാടാണ് സർക്കാറിന്റേതെന്ന ആമുഖത്തോടെ ബജറ്റിലേക്ക് കടന്ന ധനമന്ത്രി അടുത്ത സാമ്പത്തിക വർഷത്തേക്ക് ക്ഷേമ പെൻഷൻ വിതരണത്തിനു 14,500 കോടി വകയിരുത്തുന്നു. മുതിർന്ന പൗരന്മാർക്ക് കമ്മ്യൂണിറ്റി ലിവിംഗ് ക്ലസ്റ്ററുകളും റിട്ടയർമെന്റ് ഹബ്ബുകളും നിർമിക്കുന്നതിനു 20 കോടി വരെ വായ്പ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. നഗരസഭകളിലും കോർപറേഷനുകളിലും നടപ്പാക്കുന്ന വയോമിത്രം പദ്ധതിക്ക് 27.50 കോടിയും നീക്കിവെച്ചിട്ടുണ്ട്. അങ്കൺവാടി ജീവനക്കാരുടെ വേതനത്തിൽ 1,000 രൂപയും ഹെൽപർമാർക്ക് 500 രൂപയും ആശാവർക്കർമാർക്ക് 1,000 രൂപയും സാക്ഷരതാ പ്രേരക്മാർക്ക് 1,000 രൂപയും വർധനവ് പ്രഖ്യാപിച്ചു.
ആരോഗ്യമേഖലക്കുള്ള വിഹിതം വർധിപ്പിച്ചു 2,500.31 കോടി വകയിരുത്തിയത് ശ്രദ്ധേയമായ പ്രഖ്യാപനമാണ്. മെഡിക്കൽ കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിനും പ്രത്യേക പരിഗണന നൽകുന്നു. റോഡ് അപകടങ്ങളിൽ പരുക്കേറ്റവർക്ക് ആദ്യ അഞ്ച് ദിവസത്തെ സൗജന്യ ചികിത്സ, സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നു ലഭ്യത വിപുലീകരിക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങൾ സാധാരണക്കാരന് ഏറെ ആശ്വാസം നൽകും. കാരുണ്യ പദ്ധതിക്കായി 604.5 കോടിയും വകയിരുത്തിയിട്ടുണ്ട്. എങ്കിലും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കുറവ് പരിഹരിക്കുന്നതിലും ഗ്രാമീണ ആരോഗ്യ മേഖലയുടെ നില മെച്ചപ്പെടുത്താനും കൂടുതൽ ഇടപെടൽ ആവശ്യമാണ്.
സാമൂഹിക വികസന സൂചികയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ശക്തമായ പൊതുവിതരണ സംവിധാനവും മികച്ച വിദ്യാഭ്യാസ- ആരോഗ്യ സംവിധാനങ്ങളും നിലവിലുണ്ട് സംസ്ഥാനത്ത്. ഈ സാഹചര്യത്തിൽ ആരോഗ്യ സാമൂഹിക സുരക്ഷാ സംവിധാനങ്ങളിലേക്ക് കുടുതൽ വിഹിതം ആവശ്യമായിരുന്നു. സമീപ കാലത്തായി കേരളം നേരിടുന്ന വലിയൊരു ഭീഷണിയാണ് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങൾ. പ്രകൃതി പ്രതിഭാസങ്ങളെ നേരിടാനും പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാനുമുള്ള പദ്ധതികൾക്കും ബജറ്റിൽ കൂടുതൽ പ്രാധാന്യം ലഭിക്കേണ്ടതായിരുന്നുവെന്ന വിമർശന സ്വരവും ഉയരുന്നുണ്ട്.
കർഷകരെയും ബജറ്റ് കൈവിട്ടില്ല. പച്ചക്കറി പ്രോത്സാഹനത്തിനു 78.45 കോടിയും തെങ്ങുകൃഷി ഉന്നമനത്തിനു 73 കോടിയും വകയിരുത്തിയ സർക്കാർ സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിക്കായി 33.14 കോടിയും മാറ്റിവെച്ചു. മൊത്തത്തിൽ മികച്ചൊരു ഭാവി കേരളത്തെ വാർത്തെടുക്കുന്നതിനുള്ള മാസ്റ്റർ പ്ലാനായി ബജറ്റിനെ കാണാനാകുന്നതാണ്. എന്നാൽ കേന്ദ്രത്തിന്റെ കടമെടുപ്പ് പരിധി നിലനിൽക്കുകയും ജീവനക്കാരുടെ ശമ്പള, പെൻഷൻ വിതരണത്തിനു പോലും പലപ്പോഴും റവന്യൂ വരുമാനത്തിനപ്പുറം കടമെടുപ്പിനെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ എവിടെ നിന്നു പണം കണ്ടെത്തുമെന്ന ചോദ്യം അവശേഷിക്കുന്നു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനുള്ള നീക്കം സ്വാഗതാർഹമാണ്.
അതേസമയം അതിനാവശ്യമായ സാമ്പത്തിക അടിത്തറ ഭദ്രമാക്കാതെ പോയാൽ ഇന്നത്തെ ആശ്വാസ നടപടികൾ നാളെ പ്രതിസന്ധികളായി മാറും. കേന്ദ്രത്തിന്റെ വിവേചനപരമായ നിലപാട് കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിനു അർഹതപ്പെട്ട സഹായങ്ങൾ പോലും കേന്ദ്രം പിടിച്ചു വെക്കുന്നു. സംസ്ഥാനം എത്ര കടമെടുക്കണമെന്നു കേന്ദ്രം ഏകപക്ഷീയമായി തീരുമാനിക്കുന്നു. സംസ്ഥാനത്തിന്റെ ഭരണഘടനാ അവകാശമായ ധനശേഖരണം പോലും കേന്ദ്രത്തിന്റെ അനുമതിക്ക് വിധേയമാകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കേരളത്തിന്റെ സാമൂഹിക ക്ഷേമ പദ്ധതികൾ ധനകാര്യ അച്ചടക്കമില്ലായ്മയായി കുറ്റപ്പെടുത്തുകയാണ്. രാജ്യത്തെ ഫെഡറൽ വ്യവസ്ഥയുടെ ദയനീയാവസ്ഥയാണ് ഇത് തുറന്നു കാട്ടുന്നത്.
സുരക്ഷിതമായ വികസന പാതയിലേക്കാണോ, കടബാധ്യതയുടെ ആഴത്തിലേക്കാണോ ബജറ്റ് പ്രഖ്യാപനങ്ങൾ സംസ്ഥാനത്തെ കൊണ്ടെത്തിക്കുകയെന്നത് വരാനിരിക്കുന്ന വർഷങ്ങളിൽ മാത്രമേ വ്യക്തമാകൂ. ജനക്ഷേമവും സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള നൂൽപ്പാലത്തിൽ നിന്നു സംസ്ഥാനം വീഴാതിരിക്കണമെങ്കിൽ പ്രഖ്യാപനങ്ങൾക്കപ്പുറം ഭരണച്ചെലവ് കുറക്കുന്നതുൾപ്പെടെ ശക്തമായ അച്ചടക്ക നടപടികൾ ആവശ്യമാണ്. ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾ താഴേത്തട്ടിൽ എത്തുന്നുണ്ടെന്നു ഉറപ്പ് വരുത്താനുളള നടപടികളും കൈക്കൊള്ളണം. ചുവപ്പുനാടകളിൽ കുടുങ്ങി പദ്ധതികൾ വൈകുന്നത് പതിവു സ്വഭാവമാണ്. അതിനു മാറ്റം വരണമെങ്കിൽ ഭരണയന്ത്രം കൂടുതൽ കാര്യക്ഷമമാകണം. ലക്ഷ്യങ്ങൾ മഹത്തരമാണെങ്കിലും പ്രായോഗികതയുടെ അഗ്നിപരീക്ഷയെ എങ്ങനെ മറികടക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് ബജറ്റിന്റെ വിജയം.


