National
ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയ ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു
ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിന് അന്തിമരൂപം നല്‍കിയതിനു പിന്നാലെയാണ് ട്രംപിന്റെ നടപടി
വാഷിങ്ടണ്‍ | റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു. ഇതോടെ ഇന്ത്യയ്ക്കു മേലുള്ള അമേരിക്കയുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറഞ്ഞു. ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിന് അന്തിമരൂപം നല്‍കിയതിനു പിന്നാലെയാണ് ട്രംപിന്റെ നടപടി.
ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇടക്കാല വ്യാപാര കരാറിനുള്ള ചട്ടക്കൂട് രൂപീകരിച്ചതായി സംയുക്ത പ്രസ്താവനയില്‍ അമേരിക്ക വ്യക്തമാക്കി. ചട്ടക്കൂട് ഉടനടി നടപ്പിലാക്കുമെന്നും ഇടക്കാല കരാര്‍ ഉഭയകക്ഷി വ്യാപാര കരാറിലെത്തിക്കാനായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ് പ്രസ്താവന. ചട്ടക്കൂടിന് കീഴില്‍ ഇന്ത്യ എല്ലാ അമേരിക്കന്‍ വ്യവസായ ഉല്‍പന്നങ്ങള്‍ക്കും വിവിധ കാര്‍ഷിക, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും.
പഴങ്ങള്‍, സോയാബീന്‍, വൈന്‍, മദ്യം എന്നീ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ തീരുവ കുറയും. തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍, രാസവസ്തുക്കള്‍, ചില യന്ത്രസാമഗ്രികള്‍ എന്നിങ്ങനെയുള്ള ഇന്ത്യ ഉല്‍പന്നങ്ങള്‍ക്കുമേല്‍ 18 ശതമാനം തീരുവ ബാധകമാകും. ഇന്ത്യന്‍ വിമാനഭാഗങ്ങള്‍ക്കു മേല്‍ ചുമത്തിയ തീരുവ ഒഴിവാക്കും. അഞ്ചു വര്‍ഷത്തിനിടെ 50,000 കോടി ഡോളറിന്റെ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യ വാങ്ങും.
ഇന്ത്യ-യു എസ് വ്യാപാരക്കരാറിന്റെ ഭാഗമായാണ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിര്‍ത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമായി കുറച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. യുഎസുമായുള്ള വ്യാപാരക്കരാര്‍ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിരീകരിച്ചിരുന്നു. എണ്ണ ഇറക്കുമതി നിര്‍ത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം.


