Kerala
തിരുവല്ല സ്പാ കൂട്ടബലാത്സംഗം; മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനാണെന്ന് ആരോപണം
കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ പോലീസുകാരിലേക്കും അന്വേഷണം നീങ്ങുകയാണ്
പത്തനംതിട്ട | തിരുവല്ല സ്പാ കൂട്ടബലാത്സംഗത്തിനു പിന്നില്‍ മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനാണെന്ന ആരോപണവുമായി സംഭവം നടന്ന സ്പായുടെ ഉടമ സഞ്ജയ് രംഗത്തുവന്നു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവും. കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ പോലീസുകാരിലേക്കും അന്വേഷണം നീങ്ങുകയാണ്.
തിരുവല്ല ഡിവൈ എസ് പിക്കാണ് അന്വേഷണച്ചുമതല. സ്പാകളില്‍ നിന്ന് പോലീസ് മാസപ്പടി വാങ്ങുന്നുവെന്ന ആരോപണവും അന്വേഷിക്കും. പോലീസുകാരില്‍ ചിലര്‍ സ്പാകളില്‍ നിത്യസന്ദര്‍ശകരാണെന്നും വിവരമുണ്ട്. ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്നാണ് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തതെന്നായിരുന്നു ആദ്യത്തെ സൂചന. സംഭവത്തില്‍ ‘മരണസുബിന്‍’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ട സുബിന്‍ അലക്‌സാണ്ടര്‍ അടക്കം മൂന്നുപേര്‍ പിടിയിലായിരുന്നു.
കേസില്‍ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് തിരുവല്ല യുവതി ജോലി ചെയ്തിരുന്ന സ്പായില്‍ സംഭവം നടന്നത്. സ്ഥാപനത്തില്‍ നിന്ന് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട പ്രതികള്‍, അത് നല്‍കാത്തതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സുബിന്‍ അലക്‌സാണ്ടര്‍ നേരത്തെ കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള കുറ്റവാളിയാണ്.കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്.
അറസ്റ്റിലായ മുന്നുപേരെ കൂടാതെ മറ്റു മൂന്ന് പ്രതികള്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ നിലവില്‍ ഒളിവില്‍ കഴിയുകയാണെന്നും പോലീസ് വ്യക്തമാക്കി. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് അതിക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



