Kerala
കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; പത്തനംതിട്ടയില്‍ രണ്ടുപേര്‍ പിടിയില്‍

പത്തനംതിട്ട | യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ പത്തനംതിട്ടയില്‍ രണ്ട് പേര്‍ പിടിയില്‍. കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവില്‍ ശരത് എസ് പിള്ള (19), പടുതോട് പാനാലിക്കുഴിയില്‍ സേതുനായര്‍ (23) എന്നിവരാണ് പിടിയിലായത്. ഫേസ്ബുക്കില്‍ സുഹൃത്താവാന്‍ അയച്ച അപേക്ഷ നിരസിച്ചതിന്റെ പേരിലാണ് പ്രതികള്‍ നഗ്നദൃശ്യം പകര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 26ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്നദൃശ്യങ്ങള്‍ ശരത് പകര്‍ത്തുകയായിരുന്നു. പിന്നീട് വീട്ടിലെത്തി സുഹൃത്തും അയല്‍വാസിയുമായ സേതുവിന് അയച്ചുകൊടുത്തു. ഈ ദൃശ്യംകാണിച്ച് സേതു നായര്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് പിറ്റേ ദിവസം യുവതി പോലീസില്‍ പരാതി നല്‍കിയത്. ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു. മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു.