Connect with us

bank strike

22ന് ബേങ്ക് പണിമുടക്ക്

കാത്തലിക് സിറിയൻ ബേങ്കിന്റെ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കുക, വിദേശ ബേങ്കായതോടെ അധികൃതർ കൈക്കൊള്ളുന്ന പ്രതികാര നടപടികൾ പിൻവലിക്കുക, ജീവനക്കാരുടെ വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കെന്ന് നേതാക്കൾ പറഞ്ഞു

Published

|

Last Updated

തൃശൂർ | കാത്തലിക് സിറിയൻ ബേങ്കിൽ നടക്കുന്ന ജനവിരുദ്ധ- തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ഈ മാസം 22ന് സംസ്ഥാനത്ത് ബേങ്ക് പണിമുടക്ക് നടക്കും. 20 മുതൽ മൂന്ന് ദിവസങ്ങളിലായി സി എസ് ബി ബേങ്കിൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എല്ലാ ബേങ്കുകളിലും ഒരു ദിവസം പണിമുടക്കുന്നതെന്ന് സി ഐ ടി യു ദേശീയ സെക്രട്ടറി കെ ചന്ദ്രൻ പിള്ളയും എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും തൃശൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബേങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂനിയൻസ് (യു എഫ് ബി യു) ആഹ്വാനം ചെയ്യുന്ന പണിമുടക്കിന് എല്ലാ ട്രേഡ് യൂനിയൻ സംഘടനകളും ചേർന്ന് സമര സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. 20 മുതൽ മൂന്ന് ദിവസം സി എസ് ബി ബേങ്കിലും 22ന് എല്ലാ ബേങ്കിലും ഇടപാടുകൾ സ്തംഭിക്കും.

കാത്തലിക് സിറിയൻ ബേങ്കിന്റെ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കുക, വിദേശ ബേങ്കായതോടെ അധികൃതർ കൈക്കൊള്ളുന്ന പ്രതികാര നടപടികൾ പിൻവലിക്കുക, ജീവനക്കാരുടെ വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കെന്ന് നേതാക്കൾ പറഞ്ഞു.

Latest