Connect with us

Kozhikode

ഐ സി എഫിന്റെ കാരുണ്യത്തിൽ ബാലസുബ്രഹ്മണ്യന് ജന്മനാട്ടിൽ അന്ത്യവിശ്രമം

Published

|

Last Updated

കോഴിക്കോട് | ദുരിത പർവങ്ങൾക്കിടെ വിദേശത്ത് മരണപ്പെട്ട ബാലസുബ്രഹ്മണ്യന് ഐ സി എഫിന്റെ കാരുണ്യത്തിൽ ജന്മനാട്ടിൽ അന്ത്യവിശ്രമം.
തിരൂർ വെട്ടത്തെ തോട്ടത്തിൽ കമ്മാലിൽ ബാല സുബ്രഹ്മണ്യ (64) ന്റെ മൃതദേഹമാണ് നടപടികൾ പൂർത്തിയാക്കി ഐ സി എഫ് പ്രവർത്തകർ നാട്ടിലെത്തിച്ചത്. കുടുംബ പ്രാരാബ്്ധങ്ങളകറ്റാൻ 38 വർഷമായി ഉംസലാൽ അലിയിൽ വാഹനങ്ങളുടെ പെയ്ന്റിംഗ് നടത്തി കഴിയുകയായിരുന്നു. ഷുഗർ രോഗിയായ അദ്ദേഹത്തിന് കാലിൽ തറച്ച ആണി വില്ലനായി. ആഴ്ചകളോളം അൽഖോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു വർഷം മുമ്പ് വിദഗ്ധ ചികിത്സക്കായി പ്രവാസം നിർത്തി നാട്ടിൽ പോയ അദ്ദേഹം ബാധ്യതകൾ തീർക്കാൻ വീണ്ടും വിദേശത്തെത്തുകയായിരുന്നു. എന്നാൽ നേരത്തെയുള്ള ജോലി നഷ്ടപ്പെട്ടു. വിസയും ഐ ഡിയും ക്യാൻസലായി. മറ്റൊരു ജോലി തരപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടയിൽ രോഗം മൂർച്ഛിച്ചു. കിഡ്‌നി തകരാറിലായി ഡയാലിസിസ് ചെയ്യേണ്ടി വന്നു. ചികിത്സ തുടർന്നുകൊണ്ടിരിക്കെ റോഡരികിൽ വാഹനത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

രണ്ടാഴ്ച ഹമദ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞു. ഇതിനിടെ കൊവിഡ് പോസിറ്റീവായി. ബാലസുബ്രഹ്മണ്യത്തിന്റെ ദുരിത വിവരമറിഞ്ഞ ഐ സി എഫ് നേതൃത്വം ആശുപത്രിയിലെത്തി പരിചരിച്ചു. തുടർന്ന് ഈ മാസം ഒമ്പതിനാണ് മരിച്ചത്. ശേഷം നൗഫൽ മലപ്പട്ടം, സി കെ ഉമർ പുത്തൂപാടം, അബ്ദുൽ ഖാദിർ പന്നൂർ, ടി കെ ബശീർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ രേഖകളും ശരിപ്പെടുത്തി മൃതദേഹം സ്വദേശത്തെത്തിക്കുന്നതിനുള്ള ചെലവ് ഉൾപ്പെടെയുള്ള ഏർപ്പാടുകളെല്ലാം ചെയ്തു. വിവരം എസ് വൈ എസിന് കൈമാറി. സംസ്ഥാന ഫിനാ. സെക്ര. മുഹമ്മദ് പറവൂർ, സാന്ത്വനം സെക്ര. അബ്ദുൽ ജബ്ബാർ സഖാഫി, മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിമാരായ എ എ റഹീം കരുവാത്തുകുന്ന്, ബശീർ രണ്ടത്താണി തുടങ്ങിയവർ നാട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്ക് ഖത്വർ എയർവയ്‌സിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൃതദേഹം സഹോദരീ പുത്രൻ സുധീഷ്, തിരൂർ സാന്ത്വനം ഡ്രൈവർ ജാബിർ താനൂർ, എറണാകുളത്തെ സാന്ത്വനം വളണ്ടിയർമാരായ ഫൈസൽ യൂസുഫ്, മാഹിൻ ഇബ്്റാഹിം, ഷിംനാസ് മൊയ്്തീൻ ഏറ്റുവാങ്ങി.

കൊവിഡ് പശ്ചാത്തലത്തിൽ മൃതദേഹം വെട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. അടുത്ത ബന്ധുക്കൾ മാത്രമാണ് അന്ത്യകർമങ്ങളിൽ സംബന്ധിച്ചത്. ഭാര്യ ഷീജ, മക്കൾ: ശിൽപ്പ (യു എ ഇ),നിഖിൽ, അഖിൽ, കാവ്യ, മരുമകൻ: ജിതിൻ (യു എ ഇ).

Latest