Connect with us

Business

വീണ്ടും തിരിച്ചടി; കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് പേടിഎമ്മിന് 5.49 കോടി രൂപ പിഴ ചുമത്തി

ഫെബ്രുവരി 29 മുതൽ അക്കൗണ്ടുകളിലോ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പേടിഎമ്മിന് നിർദേശം നൽകി ഒരു മാസത്തിന് ശേഷമാണ് പുതിയ നടപടി.

Published

|

Last Updated

ന്യൂഡൽഹി | റിസർവ് ബാങ്ക് വിലക്ക് നേരിടുന്ന ഫിൻടെക് ആപ്പായ പേടിഎമ്മിന് വീണ്ടും തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് പേടിഎം പേയ്‌മെന്റ്സ് ബാങ്കിന് 5.49 കോടി രൂപ പിഴ ചുമത്തി. ഫെബ്രുവരി 29 മുതൽ അക്കൗണ്ടുകളിലോ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പേടിഎമ്മിന് നിർദേശം നൽകി ഒരു മാസത്തിന് ശേഷമാണ് പുതിയ നടപടി. ഇടപാടുകൾ നിർത്താനുള്ള കാലാവധി പിന്നീട് മാർച്ച് 15 വരെ നീട്ടി നൽകിയിട്ടുണ്ട്.

ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പേടിഎം പങ്കാളിയായതായി നിയമ നിർവ്വഹണ ഏജൻസികളിൽ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയതെന്ന് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യ (എഫ്ഐയു-ഐഎൻഡി) പ്രസ്താവനയിൽ അറിയിച്ചു.

കള്ളപ്പണം തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ ലംഘിച്ച് പേടിഎം പേയ്‌മെന്റ് ബാങ്ക് വഴിയാണ് ചില സ്ഥാപനങ്ങൾ ഇത്തരം ഫണ്ടുകൾ വഴിതിരിച്ചുവിട്ടതെന്ന് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യ വ്യക്തമാക്കി.

പേടിഎം പേയ്മന്റ്സ് ബേങ്ക് പുതിയ ഇടപാടുകാരെ ചേർക്കുന്നതും വായ്പ നൽകുന്നതും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തടഞ്ഞിരുന്നു. ബേങ്കിന്റെ കെവൈസി പ്രക്രിയകളിലെ ക്രമക്കേടുകളെ തുടർന്നായിരുന്നു ഈ നിരോധനം ഏർപ്പെടുത്തിയത്.

2017ലാണ് പേടിഎം പേയ്‌മെന്റ് ബേങ്ക് സ്ഥാപിതമായത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിത്. രാജ്യത്തെ യുപിഐ പേയ്‌മെന്റുകൾക്കായുള്ള മൂന്നാമത്തെ വലിയ ആപ്പാണ് പേടിഎം. 1.6 ബില്യൺ പ്രതിമാസ ഇടപാടുകളാണ് ഇതുവഴി നടക്കുന്നത്. ഫോൺപേ, ഗൂഗിൾപേ എന്നിവയാണ് ഈ രംഗത്തെ ആദ്യ സ്ഥാനങ്ങളിലുള്ള രണ്ട് കമ്പനികൾ.

Latest