Connect with us

National

നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിയും ഖാർഗെയും ഇന്ന് കശ്മീരിൽ

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ ഇന്ത്യ സഖ്യം കൂടുതല്‍ ശക്തി പ്രാപിക്കണമെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു.

Published

|

Last Updated

ശ്രീനഗര്‍ | നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് കശ്മീരില്‍ സന്ദര്‍ശനത്തിനായി എത്തും .സഖ്യ ചര്‍ച്ചകള്‍ക്കായാണ് ഇരുവരും എത്തുന്നത്. ഇന്ന് പ്രാദേശിക പാര്‍ട്ടികളുമായി സീറ്റ് വിഭജന ചര്‍ച്ചകളും നാളെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുമായും ചര്‍ച്ച നടക്കും.

എല്ലാ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേട്ട ശേഷം കൂടുതല്‍ വിശാലമായ തിരഞ്ഞെടുപ്പ് പദ്ധതികളിലേക്ക് പാര്‍ട്ടി കടക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. നേരത്തെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജമ്മു കശ്മീര്‍, ഹരിയാന, ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാനുള്ള മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളുമായി ദേശീയ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാഹുലിന്റെയും ഖര്‍ഗെയുടെയും ജമ്മു കശ്മീര്‍ സന്ദര്‍ശനം.

ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസ്സും നാഷണൽ കോണ്ഫറൻസും. പക്ഷെ തിരഞ്ഞെടുപ്പിന് മുമ്പ് ആരുമായും സഖ്യമുണ്ടാകില്ല എന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷനും കാശ്മീർ മുന്മുഖ്യമന്ത്രിയുമായ ഡോ ഫാറൂഖ് അബ്ദുള്ള നേരത്തെ പറഞ്ഞിരുന്നു. എന്നാൽ നാഷണൽ കോൺഫറൻസ് നേതാക്കൾ തന്നെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും കാശ്മീരിലേക്ക് പുറപ്പെട്ടതെന്നാണ് വിവരങ്ങൾ.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ ഇന്ത്യ സഖ്യം കൂടുതല്‍ ശക്തി പ്രാപിക്കണമെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു.

2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.  2014ൽ ആയിരുന്നു അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്.

സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിനാണ്.

Latest