From the print
അസം: വിദേശ സ്വത്ത്, പാസ്സ്‌പോര്‍ട്ട്, ഭഗവത്ഗീത; അവസാന ദിനങ്ങളിലും വിവാദത്തീ
ഹിമന്ത ബിശ്വ ശര്‍മയെ വെല്ലുവിളിച്ച് ഗൗരവ് ഗൊഗോയ്
ഗുവാഹതി | അസം നാളെ ബൂത്തിലേക്ക് പോകാനിരിക്കെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കെതിരായ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്സ്. അനധികൃത സ്വത്ത് സമ്പാദനം, ഭാര്യയുടെ ഒന്നിലധികം പാസ്സ്‌പോര്‍ട്ടുകള്‍, തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ മറച്ചുവെക്കലുകള്‍ എന്നിവ ഉയര്‍ത്തി വന്‍ പ്രചാരണമാണ് കോണ്‍ഗ്രസ്സ് നടത്തുന്നത്.
ഭഗവദ്ഗീതയില്‍ തൊട്ട് സത്യം ചെയ്ത് തന്റെ കുടുംബത്തിനെതിരായ ആരോപണങ്ങള്‍ നിഷേധിക്കാന്‍ ഹിമന്ത ബിശ്വ ശര്‍മയെ കോണ്‍ഗ്രസ്സ് നേതാവ് ഗൗരവ് ഗൊഗോയ് വെല്ലുവിളിച്ചു. ഭാര്യക്ക് ഒന്നിലധികം പാസ്സ്പോര്‍ട്ടുകളുണ്ടെന്നും വിദേശത്ത് സ്വത്തുക്കള്‍ ഉണ്ടെന്നുമുള്ള കോണ്‍ഗ്രസ്സിന്റെ വാദം ശര്‍മ തള്ളി മണിക്കൂറുകള്‍ക്കകമാണ് പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ ഗൗരവ് ഗൊഗോയിയുടെ വെല്ലുവിളി.
ഹിമന്ത ശര്‍മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മക്ക് മൂന്ന് പാസ്സ്പോര്‍ട്ടുകള്‍ ഉണ്ടെന്നും കുടുംബത്തിന് അമേരിക്കയില്‍ 52,000 കോടി രൂപയുടെ ബിസിനസ്സ് താത്പര്യങ്ങളുണ്ടെന്നും കോണ്‍ഗ്രസ്സ് മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവന്‍ ഖേര കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ഇത് നിഷേധിച്ച് രംഗത്തുവന്ന ഹിമന്തക്ക് കൃത്യമായ വിശദീകരണം നല്‍കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഈ വിഷയമുയര്‍ത്തി കടന്നാക്രമണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിക്കുകയായിരുന്നു.
എതിരാളികള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ വിദേശത്ത് സ്വത്തുക്കളും ബിസിനസ്സ് താത്പര്യങ്ങളും മറച്ചുവെക്കുകയാണ് ഹിമന്തയെന്ന് ഗൗരവ് ഗൊഗോയി പറഞ്ഞു. ഗൊഗോയിക്കെതിരെ ഹിമന്തയും വിദേശ സ്വത്ത് സംബന്ധിച്ച ആരോപണം ഉന്നയിച്ചിരുന്നു.
“ശര്‍മ ആരോപിക്കുന്നത് പോലെ എനിക്ക് ലണ്ടനില്‍ ഒരു സ്വത്തുമില്ല. ഭഗവദ്ഗീത തൊട്ട് സത്യം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഹിമന്ത ബിശ്വ ശര്‍മക്ക് അത് ചെയ്യാന്‍ കഴിയുമോ? പൊതു സ്ഥലത്ത് ഭഗവദ്ഗീത തൊട്ട് സത്യം ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു’- ഗൊഗോയ് പറഞ്ഞു.
“ചോദ്യങ്ങള്‍ ലളിതമാണ്- നിങ്ങളുടെ ഭാര്യക്ക് ദുബൈയിലേക്ക് പോകാന്‍ ഗോള്‍ഡന്‍ വിസയുണ്ടോ? നിങ്ങള്‍ക്കോ ഏതെങ്കിലും കുടുംബാംഗത്തിനോ അവിടെ സ്വത്തുണ്ടോ? ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടില്‍ ഗോള്‍ഡന്‍ വിസയുണ്ടോ? ശര്‍മയുടെ കുടുംബാംഗങ്ങള്‍ വിദേശത്ത് ബിസിനസ്സ് നടത്തുന്നുണ്ടോ? ശര്‍മ തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കുടുംബത്തിന്റെ സ്വത്തും വിദേശത്തുള്ള സ്വത്തുക്കളും വെളിപ്പെടുത്തിയിട്ടുണ്ടോ?’ ഗൗരവ് ഗൊഗോയി ചോദിച്ചു. അസമില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍, ശര്‍മയുടെ വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കളെയും ബിസിനസ്സ് പ്രവര്‍ത്തനങ്ങളെയും കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഹിമന്ത ബിശ്വ ശര്‍മയുടെ നാമനിര്‍ദേശ പത്രികയോടൊപ്പം ചേര്‍ത്ത സത്യവാങ്മൂലം തെറ്റാണെന്ന് കാണിച്ച് ഛത്തീസ്ഗഢ്് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് പ്രതിനിധി സംഘം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.



