Kerala
പെരിന്തൽമണ്ണയിലെ എണ്ണിയ പോസ്റ്റൽ വോട്ടുകൾ കാണാനില്ല
റിപോർട്ട് സമർപ്പിച്ച് സബ് കലക്ടർ
		
      																					
              
              
            മലപ്പുറം | പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തപാൽ വോട്ടുകളുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സബ് ട്രഷറി സ്‌ട്രോംഗ് റൂമിൽ നിന്ന് കാണാതായ വോട്ട് പെട്ടിയിയിൽ നിന്ന് 482 എണ്ണിയ പോസ്റ്റൽ വോട്ടുകൾ കാണാനില്ലെന്നും സബ് കലക്ടറുടെ റിപോർട്ട്. പെരിന്തൽമണ്ണ സബ്കലക്ടർ ശ്രീധന്യ സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപോർട്ടിലാണ് ഇക്കാര്യം. വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ രേഖയും മൈക്രോ ഒബ്‌സർവർ ഒപ്പിട്ട ടാബുലേഷൻ ഷീറ്റും വോട്ട് പെട്ടി കണ്ടെത്തിയ മലപ്പുറം സഹകരണ ജോയിൻ്റ് രജിസ്ട്രാർ ഓഫീസിൽ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ഓഫീസിൻ്റെ മൂലയിൽ അലക്ഷ്യമായി സൂക്ഷിച്ച ബാലറ്റ് പെട്ടി പൊളിച്ച നിലയിലും രേഖകൾ ചിതറിക്കിടക്കും വിധവുമായിരുന്നു. എണ്ണാതെ മാറ്റിവച്ച 348 പോസ്റ്റൽ വോട്ടുകളടങ്ങിയ ബാലറ്റ് കെട്ട് പൊട്ടിക്കാത്ത നിലയിലാണെന്നും റിപോർട്ടിൽ പറയുന്നു.
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ആറ് പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ് ടേബിളുകളിൽ നാല്, അഞ്ച്, ആറ് ടേബിളുകളിലെ വോട്ടുകളാണ് പെരിന്തൽമണ്ണ സബ് ട്രഷറിയിൽ നിന്ന് കാണാതായ പെട്ടിയിലുണ്ടായിരുന്നത്. മലപ്പുറം സഹകരണ ജോയിൻ്റ് റജിസ്ട്രാർ ഓഫീസിൽ നിന്ന് കണ്ടെത്തിയ പെട്ടിയിൽ അഞ്ചാം നമ്പർ ടേബിളിലെ 482 എണ്ണിയ പോസ്റ്റൽ ബാലറ്റുകളാണ് കാണാതായത്. പെരിന്തൽമണ്ണ സബ് ട്രഷറി ഓഫീസർ എസ് സതീഷ് കുമാർ, സീനിയർ അക്കൗണ്ടൻ്റ് എസ്.രാജിവ് എന്നിവർ രേഖകൾ പരിശോധിക്കാതെ ബാലറ്റ് പെട്ടി കൈമാറുകയും ഇതു സ്വീകരിച്ച മലപ്പുറം സഹകരണ ജോയിൻ്റ് രജിസ്ട്രാർ എസ് പ്രബിത്ത്, സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ് എന്നിവരും അലംഭാവം തുടർന്നെന്നും ചൂണ്ടിക്കാട്ടിയ സബ്കളക്ടറുടെ റിപോർട്ടിൽ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടിനാണ് ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരം വിജയിച്ചത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

