Connect with us

STUDENT SUICIDE

ചുമരില്‍ മഷിയായി; അധ്യാപകര്‍ വളഞ്ഞിട്ടു ഭീഷണിപ്പെടുത്തി

എട്ടാംക്ലാസുകാരിയുടെ ആത്മഹത്യയെക്കുറിച്ച് സഹപാഠിയുടെ വെളിപ്പെടുത്തല്‍

Published

|

Last Updated

കണ്ണൂര്‍ |  എട്ടാംക്ലാസുകാരി റിയ ആത്മഹത്യ ചെയ്തതിനു പിന്നില്‍ അധ്യാപകരുടെ ഭീഷണിയാണെന്ന നിര്‍ണായക വെളിപ്പെടുത്തല്‍. മഷി ഡെസ്‌കിലും ചുമരിലും ആയതിനാല്‍ അധ്യാപിക ശകാരിച്ചുവെന്നും പിഴയായി 25,000 രൂപ ആവശ്യപ്പെട്ടെന്നുമാണു സഹപാഠി വെളിപ്പെടുത്തിയത്. റിയയെ സ്റ്റുഡന്റ് പോലീസില്‍ നിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തി. മറ്റ് അധ്യാപകരും ക്ലാസില്‍ വന്ന് വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ വച്ച് റിയയെ ഭീഷണിപ്പെടുത്തി. ഇതില്‍ മനം നൊന്ത് കരഞ്ഞുകൊണ്ടാണ് റിയ വീട്ടിലേക്ക് പോയതെന്നു സഹപാഠി വെളിപ്പെടുത്തി.

റിയയുടെ ആത്മഹത്യാ കുറിപ്പില്‍ പേരുള്ള അധ്യാപികയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് പെരളശ്ശേരി എ കെ ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാംക്ലാസുകാരി റിയ പ്രവീണിനെ അധ്യാപിക ശകാരിച്ചത്. പെന്നിലെ മഷി ഡെസ്‌കിലും ചുരവിലും തേച്ചതായിരുന്നു കാരണം.
പെന്നില്‍ നിന്നു കൈയ്യിലേക്ക് പടര്‍ന്നപ്പോള്‍ അറിയാതെ പറ്റിയതാണെന്ന് കുട്ടി പറഞ്ഞുവെങ്കിലും അധ്യാപിക ശകാരം തുടരുകയും മറ്റ് അധ്യാപകരും ക്ലാസിലേക്കു വരികയും ചെയ്തു. രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവന്നാല്‍ മാത്രമേ ക്ലാസില്‍ കയറ്റൂ എന്നും അധ്യാപിക പറഞ്ഞു.

വൈകീട്ട് വീട്ടിലെത്തിയ എട്ടാം ക്ലാസുകാരി അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതി വെച്ച് കിടപ്പുമുറിയിലെ ജനലില്‍ ഷാള്‍ കുരുക്കി ആത്മഹ്യ ചെയ്യുകയായിരുന്നു. ഐവര്‍മഠം സ്വപ്‌നക്കൂട് വീട്ടില്‍ പ്രവീണിന്റെ മകളായ റിയ പഠനത്തില്‍ മിടുക്കിയായിരുന്നു. സംഭവത്തില്‍ പ്രതികരിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല.