Connect with us

International

‘അണുബോംബ്‌’ ഇട്ടതു പോലെ; അമേരിക്കയിലെ കാട്ടുതീയുടെ ഭീകരദൃശ്യങ്ങൾ പുറത്ത്‌

ഹോളിവുഡ് താരങ്ങളുടെ വീടുകളുള്‍പ്പെടെ അയ്യായിരത്തിലേറെ കെട്ടിടങ്ങളും മറ്റും കത്തിനശിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂയോർക്ക്‌ | അമേരിക്കയിലെ ലോസ്‌ ആഞ്ചൽസിൽ ദിവസങ്ങളായി കാട്ടുതീ പടരുകയാണ്‌. ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണ്‌ ഇത്തവണ ഉണ്ടായിരിക്കുന്നത്‌. ഔദ്യോഗികമായി ഏഴുപേരുടെ മരണം സ്ഥിരീകരിച്ചെങ്കിലും യഥാര്‍ഥ മരണം ഇതിലും എത്രയോ ആണെന്നാണ് അധികൃതരുടെ വിശദീകരണം. പതിനായിരകണക്കിന് ആളുകളെയാണ് തീപിടിത്തം ബാധിച്ചിട്ടുള്ളത്. ഇപ്പോഴിതാ കാട്ടുതീയുടെ സാറ്റലൈറ്റ്‌ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്‌.

ദുരന്തത്തിൻ്റെ നാശം കാണുമ്പോള്‍ ഒരു അണുബോംബ് ഇട്ടത് പോലെയാണ് തോന്നുന്നതെന്ന് ലോസ് ലോസ് ആഞ്ചലസ്‌ നിയമനിര്‍വ്വഹണ ഏജന്‍സി മേധാവി റോബര്‍ട്ട് ലൂണ പറഞ്ഞു. പുറത്തുവന്നിരിക്കുന്ന സാറ്റലൈറ്റ്‌ ചിത്രങ്ങൾ ആരെയും ഭയപ്പെടുത്തും. കിലോമീറ്ററുകളോളം നാമാവശേഷമായിരിക്കുന്ന ചിത്രങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നത്‌. സാറ്റലൈറ്റ്‌ ചിത്രങ്ങൾ പകർത്തുന്ന മാക്‌സർസ്‌ ആണ്‌ ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്‌. സാന്താ മോണിക്കയ്ക്കും മാലിബുവിനും ഇടയിൽ സ്ഥിതി ചെയ്യുന്ന 34,000 ഏക്കർ (13,750 ഹെക്ടർ) കത്തിനശിച്ചു, ആധുനിക യുഎസ് ചരിത്രത്തിലെ ഏറ്റവും നാശനഷ്ടംവരുത്തിയ ദുരന്തമാണ് ലോസ് ആഞ്ചലസില്‍ ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 150 ബില്യണ്‍ ഡോളറിൻ്റെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കുന്നത്.

ഹോളിവുഡ് താരങ്ങളുടെ വീടുകളുള്‍പ്പെടെ അയ്യായിരത്തിലേറെ കെട്ടിടങ്ങളും മറ്റും കത്തിനശിച്ചിട്ടുണ്ട്. പതിനായിരകണക്കിന് ആളുകള്‍ക്ക് വീടുപേക്ഷിച്ച് പോകേണ്ടി വന്നിട്ടുണ്ട്. തെക്കൻ കാലിഫോര്‍ണിയയില്‍ ആറ് മാസത്തേക്ക് ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ചെലവിൻ്റെ 100% സര്‍ക്കാര്‍ വഹിക്കുമെന്ന് യുഎസ് പ്രസിഡൻ്റ്‌ ജോ ബൈഡന്‍ പ്രഖ്യാപിച്ചു.

തീ നിയന്ത്രണവിധേയമാക്കാനും കുടുംബങ്ങളെ സംരക്ഷിക്കാനും ആവശ്യമായതെല്ലാം ചെയ്യാന്‍ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ഒരു ചെലവും ഈടാക്കരുതെന്ന് നിര്‍ദേശം നല്‍കിയതായും ബൈഡന്‍ അറിയിച്ചു. 7500-ലേറെ അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ തീകെടുത്താനുള്ള കഠിനശ്രമത്തിലാണ്. വരണ്ടകാറ്റാണ് തീകെടുത്തല്‍ പ്രയാസമാക്കുന്നത്.

കാലിഫോര്‍ണിയയിലും പരിസരങ്ങളിലും നിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങളെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്‌. ഒട്ടേറെ ഹോളിവുഡ് കമ്പനികള്‍ ചലച്ചിത്രനിര്‍മാണം നിര്‍ത്തിവെച്ചു. പസഡേനയ്ക്കും പസഫിക് പാലിസേഡ്സിനും ഇടയിലുള്ള തീം പാര്‍ക്ക് യൂണിവേഴ്സല്‍ സ്റ്റുഡിയോസ് തത്കാലത്തേക്ക് അടച്ചു.

---- facebook comment plugin here -----

Latest