National
ആർട്ടിക്കിൾ 370 രാജ്യത്തിന് ഒരു ഭരണഘടനയെന്ന അംബേദ്കറുടെ കാഴ്ചപ്പാടിന് വിരുദ്ധം: ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ചപ്പോൾ, ഒരു ഏകീകൃത ഇന്ത്യയെന്ന ഡോ. അംബേദ്കറിന്റെ കാഴ്ചപ്പാടിൽ നിന്നാണ് സുപ്രീം കോടതി പ്രചോദനം ഉൾക്കൊണ്ടതെന്നും ചീഫ് ജസ്റ്റിസ്

നാഗ്പൂർ | രാജ്യത്തിന് ഒരു ഭരണഘടനയെന്ന കാഴ്ചപ്പാടാണ് ഡോ. ബി ആർ അംബേദ്കറിനുണ്ടായിരുന്നതെന്നും ഒരു സംസ്ഥാനത്തിന് മാത്രമായി പ്രത്യേക ഭരണഘടന എന്നതിനെ അദ്ദേഹം ഒരിക്കലും അനുകൂലിച്ചിരുന്നില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. നാഗ്പൂരിൽ ഭരണഘടന പ്രിആംപിൾ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ചപ്പോൾ, ഒരു ഏകീകൃത ഇന്ത്യയെന്ന ഡോ. അംബേദ്കറിന്റെ കാഴ്ചപ്പാടിൽ നിന്നാണ് സുപ്രീം കോടതി പ്രചോദനം ഉൾക്കൊണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്നു ചീഫ് ജസ്റ്റിസ് ഗവായി.
“ആർട്ടിക്കിൾ 370-നെ ചോദ്യം ചെയ്തപ്പോൾ അത് ഞങ്ങളുടെ മുന്നിലെത്തി. വാദം കേൾക്കുന്നതിനിടയിൽ ഡോ. ബാബാസാഹെബിന്റെ വാക്കുകൾ ഞാൻ ഓർത്തു. ഒരു രാജ്യത്തിന് ഒരു ഭരണഘടനയാണ് അനുയോജ്യം… രാജ്യത്തെ ഒന്നിപ്പിച്ച് നിർത്തണമെങ്കിൽ നമുക്ക് ഒരു ഭരണഘടന മാത്രമേ ആവശ്യമുള്ളൂ” – അദ്ദേഹം പറഞ്ഞു.
ഭരണഘടന അമിതമായ ഫെഡറലിസം നൽകുന്നുവെന്നും യുദ്ധകാലത്ത് രാജ്യം ഒരുമിച്ച് നിൽക്കില്ലെന്നും പറഞ്ഞ് ഡോ. അംബേദ്കറിനെ വിമർശിച്ചിരുന്നുവെന്ന് ഗവായി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഭരണഘടന എല്ലാ വെല്ലുവിളികളെയും അതിജീവിക്കുകയും രാജ്യത്തെ ഒന്നിപ്പിച്ച് നിർത്തുകയും ചെയ്യുമെന്ന് അദ്ദേഹം മറുപടി നൽകിയിരുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
2019 ഓഗസ്റ്റ് 5-നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും കേന്ദ്രം തീരുമാനിച്ചത്.