Editors Pick
മനുഷ്യൻ ഭൂമിയിൽ നിന്ന് 2,52,756 മൈൽ അകലെ; ചരിത്രമെഴുതി ആർട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു
ഏപ്രിൽ 10ന് സാൻ ഡീഗോ തീരത്ത് ഒറിയോൺ പേടകം കടലിൽ പതിക്കുമെന്ന് നാസ അറിയിച്ചു.
ചന്ദ്രനും ഭൂമിയും ഒരേ ഫ്രെയിമിൽ. ഓറിയോണിലെ ബഹിരാകാശയാത്രികർ പകർത്തിയ ചിത്രം. മനുഷ്യർ ഇതുവരെ ബഹിരാകാശത്തേക്ക് ഏറ്റവും ദൂരം സഞ്ചരിച്ച ചരിത്രപരമായ പറക്കൽ നടത്തുന്നതിന് മുമ്പ് അവസാനമായി എടുത്ത ചിത്രമാണിത്.
ഫ്ലോറിഡ | നാസയുടെ ആർട്ടെമിസ് 2 പരീക്ഷണ ദൗത്യത്തിൽ പങ്കാളികളായ നാല് ബഹിരാകാശ സഞ്ചാരികൾ ചരിത്രം സഞ്ചാരം പൂർത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചു. ചന്ദ്രനെ ചുറ്റിയുള്ള യാത്രയുടെ ആറാം ദിനമായ ഏപ്രിൽ 6ന് ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരത്തേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് സ്വന്തമാക്കിയ ശേഷമാണ് ഇവരെയും വഹിച്ചുള്ള ഒറിയോൺ പേടകം ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചത്. ഏപ്രിൽ 10ന് സാൻ ഡീഗോ തീരത്ത് ഒറിയോൺ പേടകം കടലിൽ പതിക്കുമെന്ന് നാസ അറിയിച്ചു.
ഏപ്രിൽ 1ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് നാസയുടെ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും സി എസ് എ യുടെ ജെറമി ഹാൻസണും അടങ്ങുന്ന സംഘം ഒറിയോൺ പേടകത്തിൽ യാത്ര തിരിച്ചത്. യാത്രയ്ക്കിടെ ഭൂമിയിൽ നിന്ന് ഏകദേശം 2,52,756 മൈൽ ദൂരപരിധി സംഘം പിന്നിട്ടു. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 4,067 മൈൽ ഉയരത്തിലൂടെയായിരുന്നു ഇവരുടെ യാത്ര. ചന്ദ്രന്റെ മറുപുറത്തുകൂടി (Far side) സഞ്ചരിക്കുമ്പോൾ ഏകദേശം 40 മിനിറ്റോളം പേടകവുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു.
ചന്ദ്രന്റെ ഉപരിതലത്തിലെ പ്രകാശ തിളക്കങ്ങൾ, ഉൽക്കാപതനങ്ങൾ, ഗർത്തങ്ങൾ എന്നിവ സംഘം നിരീക്ഷിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന അപൂർവ്വമായ സോളാർ എക്ലിപ്സ് ദൃശ്യങ്ങൾക്കും സംഘം സാക്ഷിയായി. ബഹിരാകാശ സഞ്ചാരികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തത്സമയം സംസാരിച്ചു. ചന്ദ്രനിൽ സ്ഥിരമായ സാന്നിധ്യം ഉറപ്പിക്കുമെന്നും അടുത്ത ലക്ഷ്യം ചൊവ്വയാണെന്നും അദ്ദേഹം പറഞ്ഞു.
റെക്കോർഡുകൾക്ക് പിന്നിലെ ശാസ്ത്രം
നമ്മുടെ ധാരണയിൽ ചന്ദ്രനിൽ ഇറങ്ങിയ ദൗത്യങ്ങളാകാം ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചത് എന്ന് തോന്നിയേക്കാം. എന്നാൽ യാഥാർത്ഥ്യം അതല്ല. ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായുള്ള ഭാഗത്താണ് അപ്പോളോ 11 ഉൾപ്പെടെയുള്ള ദൗത്യങ്ങൾ ഇറങ്ങിയത്. എന്നാൽ ഒരു പേടകം ചന്ദ്രനെ ചുറ്റി അതിന്റെ മറുപുറത്തുകൂടി (Far side) കടന്നുപോകുമ്പോഴാണ് അത് ഭൂമിയിൽ നിന്ന് പരമാവധി അകലത്തിലെത്തുന്നത്.
1970ൽ ചന്ദ്രനിൽ ഇറങ്ങാൻ ലക്ഷ്യമിട്ട് പുറപ്പെട്ട അപ്പോളോ 13ൽ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ലാൻഡിംഗ് ഉപേക്ഷിക്കേണ്ടി വന്നു. പേടകത്തെ സുരക്ഷിതമായി തിരികെ എത്തിക്കാൻ ചന്ദ്രനെ ചുറ്റി വലം വെച്ചപ്പോൾ അത് ഭൂമിയിൽ നിന്ന് 2,48,655 മൈൽ അകലെയെത്തി. കഴിഞ്ഞ 56 വർഷമായി മനുഷ്യൻ ബഹിരാകാശത്ത് സഞ്ചരിച്ച ഏറ്റവും വലിയ ദൂരമായിരുന്നു ഇത്.
ചന്ദ്രന്റെ മറുപുറത്തെ നിഗൂഢതകൾ
ആർട്ടെമിസ് 2 യാത്രയ്ക്കിടെ ചന്ദ്രന്റെ മറുപുറത്തുകൂടി സഞ്ചരിക്കുമ്പോൾ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരുന്നു. ഈ ഏകാന്തമായ നിമിഷങ്ങളിൽ അവർ ചന്ദ്രന്റെ ഉപരിതലത്തിലെ ഗർത്തങ്ങളും ഉൽക്കാപതനങ്ങളും നിരീക്ഷിച്ചു. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുന്ന ഒരു മണിക്കൂർ നീണ്ട സൂര്യഗ്രഹണത്തിനും ഇവർ സാക്ഷിയായി.
Summary
The Artemis II crew has officially broken the record for the farthest distance traveled by humans in space, surpassing the 1970 Apollo 13 mission. During their sixth flight day, the four astronauts completed a historic lunar flyby, capturing images of the Moon’s far side and witnessing a unique solar eclipse. The mission is now on its way back to Earth, with a scheduled splashdown off the coast of San Diego on April 10.






