International
ചന്ദ്രന്റെ ആകർഷണവലയത്തിൽ പ്രവേശിച്ച് ആർട്ടെമിസ് II; അപ്പോളോ 13ന്റെ റെക്കോർഡും തകർത്ത് മുന്നോട്ട്
നിലവിൽ ചന്ദ്രനിൽ നിന്ന് ഏകദേശം 39,000 മൈൽ അകലെയാണ് ഒറിയോൺ പേടകം സഞ്ചരിക്കുന്നത്.
ഭൂമിയിൽ നിന്ന് നമുക്ക് കാണാൻ കഴിയുന്ന ചന്ദ്രന്റെ വലതുവശവും ഇടതുവശത്തുള്ള മറുവശവും പകർത്തിയ പുതിയ ഫോട്ടോ. മനുഷ്യ നേത്രങ്ങൾ കൊണ്ട് മറുവശം ആദ്യമായി കാണുന്നത് ആർട്ടെമിസ് II ക്രൂവാണ്.
വാഷിംഗ്ടൺ | മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് II ദൗത്യം നിർണായക ഘട്ടം പിന്നിട്ടു. ചന്ദ്രന്റെ ഗുരുത്വാകർഷണ പരിധിയിലേക്ക് (Sphere of Influence) പേടകം വിജയകരമായി പ്രവേശിച്ചു. വിക്ഷേപണം കഴിഞ്ഞ് നാല് ദിവസവും ആറ് മണിക്കൂറും പിന്നിട്ടപ്പോഴാണ് ഭൂമിയുടെ ഗുരുത്വാകർഷണത്തെ മറികടന്ന് ചന്ദ്രന്റെ സ്വാധീനവലയത്തിലേക്ക് പേടകം എത്തിയത്. നിലവിൽ ചന്ദ്രനിൽ നിന്ന് ഏകദേശം 39,000 മൈൽ അകലെയാണ് ഒറിയോൺ പേടകം സഞ്ചരിക്കുന്നത്.
ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ സമയം ഏപ്രിൽ ഏഴിന് പുലർച്ചെ 12:15 ഓടെ പേടകം ചന്ദ്രന്റെ മറുവശത്തുകൂടി പറക്കും. ഈ യാത്രയിൽ ഭൂമിയിൽ നിന്നും ഏകദേശം 252,757 മൈൽ ദൂരപരിധി കടക്കുന്നതോടെ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച ദൂരപരിധി എന്ന റെക്കോർഡ് ആർട്ടെമിസ് II മറികടക്കും. 1972 ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യർ ചന്ദ്രന്റെ പരിധിയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. റീഡ് വൈസ്മാൻ, ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, ജെറമി ഹാൻസെൻ എന്നീ നാല് ബഹിരാകാശ സഞ്ചാരികളാണ് പേടകത്തിലുള്ളത്.
യാത്രയ്ക്കിടെ ബഹിരാകാശ സഞ്ചാരികൾ പേടകത്തിന്റെ മാനുവൽ പൈലറ്റിംഗ് പരീക്ഷണങ്ങളും ശാസ്ത്രീയ നിരീക്ഷണങ്ങളും നടത്തി. പേടകത്തിന് പിന്നിൽ ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതിലൂടെ സംഭവിക്കുന്ന സൂര്യഗ്രഹണത്തിനും സഞ്ചാരികൾ സാക്ഷ്യം വഹിക്കും. ഏകദേശം ഒരു മണിക്കൂറോളം ഈ പ്രതിഭാസം നീണ്ടുനിൽക്കും. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും ഏകദേശം 4,066 മൈൽ അടുത്തുകൂടിയാകും പേടകം സഞ്ചരിക്കുക. ഈ സമയത്ത് ചന്ദ്രന്റെ ദക്ഷിണ ഉത്തര ധ്രുവങ്ങൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ വ്യക്തമായി കാണാൻ സാധിക്കും.
Summary
NASA’s Artemis II spacecraft, Orion, has officially entered the Moon’s sphere of influence, marking a significant milestone in the mission to return humans to the lunar surface. The crew is set to break the long-standing distance record held by Apollo 13 as they fly past the far side of the Moon. During the flyby, the four astronauts will conduct critical systems tests and witness a unique solar eclipse from their lunar vantage point.




