National
കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തിസ്ഗഡ് മുഖ്യമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
അറസ്റ്റിലായ കന്യാസ്ത്രീകള്‍ ബിലാസ്പുർ എൻഐഎ കോടതിയില്‍ ജാമ്യ ഹരജി നല്‍കി.

ന്യൂഡല്‍ഹി| ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിലെത്തിയാണ് വിഷ്ണു ദേവ് സായ് കൂടിക്കാഴ്ച നടത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയം ചര്‍ച്ചയായി. അതേസമയം അറസ്റ്റിലായ കന്യാസ്ത്രീകള്‍ ബിലാസ്പുർ എൻഐഎ
കോടതിയില്‍ ജാമ്യ ഹരജി നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും.
ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ കാലതാമസം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് എന്‍ഐഎ കോടതിയെ തന്നെ സമീപിക്കാന്‍ തീരുമാനിച്ചത്. കന്യാസ്ത്രീകളുടെ ആരോഗ്യനിലയുള്‍പ്പെടെ കോടതിയെ ബോധ്യപ്പെടുത്തും. മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളികളായ രണ്ട് കന്യാസത്രീകള്‍ എട്ട് ദിവസമായി ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുകയാണ്. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു അറസ്റ്റ്.
സിപിഎം നേതാക്കള്‍ പി കെ ശ്രീമതിയും സിഎസ് സുജാതയും ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ടു.
കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ യുഡിഎഫ് എംപിമാര്‍ ഇന്ന് ദുര്‍ഗില്‍ എത്തും.