Ongoing News
ഡോക്ടറെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍
ലഹരിക്ക് അടിമകളായ പ്രതികള്‍ ലഹരിമരുന്ന് വാങ്ങാന്‍ പണം കണ്ടെത്താനായിരുന്നു കവര്‍ച്ച

കോഴിക്കോട് | ഡോക്ടറെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം അറസ്റ്റില്‍. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ ഇ കെ മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ എന്‍ പി ഷിജിന്‍ദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം. ലോഡ്ജിലെത്തിയ പ്രതികള്‍ രാത്രിയില്‍ ഡോക്ടറുമായി പരിചയപ്പെട്ടു. ഡോക്ടറുടെ മുറി മനസ്സിലാക്കിയശേഷം പുലര്‍ച്ചെ വടിവാളുമായെത്തി ഭീഷണിപ്പെടുത്തി. ഡോക്ടറുടെ കൈവശം പണമില്ലെന്ന് മനസിലായപ്പോള്‍ ബേങ്ക് അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ വഴി 2,500 രൂപ അയപ്പിച്ചു. ലഹരിക്ക് അടിമകളായ പ്രതികള്‍ ലഹരിമരുന്ന് വാങ്ങാന്‍ പണം കണ്ടെത്താനായിരുന്നു കവര്‍ച്ച. ഇവരില്‍നിന്ന് ബൈക്കുകളും മൊബൈല്‍ ഫോണുകളും വടിവാളും പോലീസ് കണ്ടെത്തി.