Connect with us

Kerala

ടച്ചിങ്‌സിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ ബാറിന് മുന്നില്‍ വെച്ച് ജീവനക്കാരനെ കുത്തിക്കൊന്നു

തുടര്‍ന്ന് സിജോ ജോണ്‍ നിരന്തരം ടച്ചിങ്സ് ആവശ്യപ്പെട്ടു. എട്ടുതവണയാണ് ടച്ചിങ്സ് ആവശ്യപ്പെട്ടത്

Published

|

Last Updated

തൃശൂര്‍ |  ബാറിന് മുന്നില്‍ വച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊലെപ്പെടുത്തി. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ അളഗപ്പ നഗര്‍ സ്വദേശി സിജോ ജോണിനെ പോലീസ് അറസ്റ്റ് ചെയ്തു. ടച്ചിങ്സ് നല്‍കാത്തതിനെ തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. പുതുക്കാട് മേഫെയര്‍ ബാറിലാണ് സംഭവം

സിജോ ജോണ്‍ എന്നയാള്‍ ബാറിലെത്തി മദ്യപിച്ചു. തുടര്‍ന്ന് സിജോ ജോണ്‍ നിരന്തരം ടച്ചിങ്സ് ആവശ്യപ്പെട്ടു. എട്ടുതവണയാണ് ടച്ചിങ്സ് ആവശ്യപ്പെട്ടത്. ഒടുവില്‍ ടച്ചിങ്സ് നല്‍കാത്തതിനെ ചൊല്ലി ജീവനക്കാരുമായി സിജോ ജോണ്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് ഉന്തിലും തള്ളിലും കലാശിച്ചു. ഒടുവില്‍ സിജോ ജോണിനെ ബാറില്‍ നിന്ന് ജീവനക്കാര്‍ ചേര്‍ന്ന് ഇറക്കിവിട്ടു.ഭീഷണി മുഴക്കിയാണ് ഇയാള്‍ പുറത്തേക്ക് പോയതെന്ന് ജീവനക്കാര്‍ പറഞ്ഞു

തുടര്‍ന്ന് തൃശൂരില്‍ എത്തിയ പ്രതി ഒരു കത്തി വാങ്ങി. കത്തി വാങ്ങിയ ശേഷം വീണ്ടും ബാറില്‍ കയറി മദ്യപിച്ചു. രാത്രി 11.30 ഓടേ ബാര്‍ അടച്ച് ഹേമചന്ദ്രന്‍ പുറത്തേയ്ക്ക് വരുന്ന സമയത്താണ് കൊലപാതകം. തൊട്ടടുത്തുള്ള കടയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം നടന്നുപോകുന്ന സമയത്ത് ഒളിച്ചിരുന്ന സിജോ ജോണ്‍ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ഹേമചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിജോ ജോണിനെ പോലീസ് പിടികൂടി

Latest